ചതിച്ചവരുമായി ഇനി ബന്ധമില്ല; പത്മജയെ പാര്‍ട്ടിയിലെടുത്തതുകൊണ്ട് ബിജെപിക്ക് കാല്‍ കാശിന്റെ ഗുണമുണ്ടാകില്ല; പിതാവ് കെ. കരുണാകരന്റെ ആത്മാവ് പത്മജയോട് പൊറുക്കില്ല; കെ. മുരളീധരന്‍

കോഴിക്കോട്: പത്മജാ വേണുഗോപാലിന്റെ ബി.ജെ.പി. പ്രവേശന വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ കെ. മുരളീധരന്‍. പത്മജയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് സഹോദരന്‍ കൂടിയായ മുരളീധരന്‍ പ്രതികരിച്ചു. പത്മജയ്ക്ക് കോണ്‍ഗ്രസ് മുന്തിയ പരിഗണനയാണ് നല്‍കിയത്. പാര്‍ട്ടി വിടാന്‍ അവര്‍ പറഞ്ഞ ഒരു കാരണത്തിനും അടിസ്ഥാനമില്ല. പത്മജയെ പാര്‍ട്ടിയിലെടുത്തതുകൊണ്ട് ബിജെപിക്ക് കാല്‍ കാശിന്റെ ഗുണമുണ്ടാകില്ല. ഈ ചതിക്ക് പകരം തിരഞ്ഞെടുപ്പില്‍ ചോദിക്കും. ഇനി ഒരുതരത്തിലുമുള്ള ബന്ധവും അവരുമായില്ല, എല്ലാബന്ധവും അവസാനിച്ചു. ഇ.ഡിയെക്കാണിച്ച് പേടിപ്പിക്കാന്‍ കഴിയില്ല. ഈ പരിപ്പ് വടകരയില്‍ വേവില്ല. വര്‍ഗീയ കക്ഷിയുടെ കൂടെ പോയതില്‍ പിതാവ് കെ. കരുണാകരന്റെ ആത്മാവ് പത്മജയോട് പൊറുക്കില്ല. കരുണാകരന്‍ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്ത് സംഘികളെ കയറി നിരങ്ങാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
52,000 വോട്ടിന് കെ. കരുണാകരന്‍ ജയിച്ച മുകുന്ദപുരത്ത് ഒന്നരലക്ഷം വോട്ടിന് പത്മജ നമ്പാടനോട് പരാജയപ്പെട്ടു. പന്തീരായിരം വോട്ടിന് തേറമ്പില്‍ രാമകൃഷ്ന്‍ വിജയിച്ച സീറ്റില്‍ ഏഴായിരം വോട്ടിന് പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭയില്‍ തൃശ്ശൂരില്‍ തൃകോണമത്സരത്തില്‍ 1,000 വോട്ടിന് പരാജയപ്പെട്ടു. ചില വ്യക്തികള്‍ കാലുവാരിയാല്‍ തോല്‍ക്കുന്നതാണോ ഒരു തിരഞ്ഞെടുപ്പ്. അങ്ങനെയെങ്കില്‍ എന്നെ ഒരുപാട് പേര് കാലുവാരിയിട്ടുണ്ട്. ഞാന്‍ പരാതിപ്പെടാന്‍ പോയിട്ടില്ല’, കെ. മുരളീധരന്‍ പറഞ്ഞു.
പത്മജ പറഞ്ഞ ഒരുകാരണത്തിനും അടിസ്ഥാനമില്ല. ഇത്രയും വളര്‍ത്തിവലുതാക്കിയ പാര്‍ട്ടിയല്ലേ കോണ്‍ഗ്രസ്. കോണ്‍ഗ്രസുവിട്ടുപോയപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും എടുക്കാത്ത കാലത്ത് ബിജെപിയുമായി താന്‍ കോംപ്രമൈസ് ചെയ്തിട്ടില്ല. കെ കരുണാകരന്‍ ഒരുകാലത്തും വര്‍ഗീയതയോട് സന്ധിചെയ്തിട്ടില്ല. അങ്ങനെയുള്ള കരുണാകരന്റെ കുടുംബത്തില്‍നിന്ന് ഒരാളെ ബിജെപിക്ക് കിട്ടിയെന്ന് പറയുന്നത് മതേതരവിശ്വാസികള്‍ക്ക് ദുഃഖം നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതുകൊണ്ടൊന്നും പോരാട്ടവീര്യം തളരില്ല. ശക്തമായി പോരാടും. പത്മജയെ എടുത്തതുകൊണ്ട് ബിജെപിക്ക് കാല്‍കാശിന്റെ ഗുണമുണ്ടാകില്ല. എല്ലായിടത്തും ബിജെപിയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളും. ഒന്നാംസ്ഥാനം പ്രതീക്ഷിക്കുന്ന നിയോജകമണ്ഡലങ്ങളില്‍പോലും മൂന്നാംസ്ഥാനത്തേക്ക് പോകേണ്ടിവരും. അതിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. ഈ ചതിക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലൂടെ തന്നെ ശക്തമായി പകരം ചോദിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
ബിജെപിയിലേക്ക് പോകുമെന്ന സൂചനപോലും തനിക്ക് നല്‍കിയിട്ടില്ല. വിളിക്കാന്‍ ധാരളം ആളുണ്ട്, പക്ഷേ നമുക്ക് ഈ പാര്‍ട്ടിവിട്ട് അങ്ങനെ പോകാന്‍ കഴിയില്ലല്ലോയെന്ന് ഒരുഘട്ടത്തില്‍ തന്നോട് പറഞ്ഞിട്ടുണ്ട്. അച്ഛന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പ്രസ്ഥാനമല്ലേ, അതുകൊണ്ടു നമുക്ക് പോകാന്‍ കഴിയില്ലല്ലോയെന്ന് പറഞ്ഞ വ്യക്തി എങ്ങനെ ഈ കടുത്ത തീരുമാനത്തിലേക്ക് പോയി? പാര്‍ട്ടിയില്‍ എന്തുകിട്ടിയാലും ഇല്ലെങ്കിലും, കെ കരുണാകരനെ ചിതയിലേക്ക് എടുക്കുമ്പോള്‍ ശരീരത്തില്‍ പുതപ്പിച്ച കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക, ഞങ്ങള്‍ക്കൊക്കെ അവകാശപ്പെട്ടതാണ്. ഒരു പ്രസ്ഥാനത്തില്‍ നില്‍ക്കുമ്പോള്‍ ചിലത് കിട്ടിയില്ലെന്ന് പറയുമ്പോള്‍, കിട്ടിയ കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
ഒരു കാരണവശാലും ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഇനി ഒരു തരത്തിലുള്ള ബന്ധവും അവരുമായിട്ടില്ല. വര്‍ക്ക് അറ്റ് ഹോം ഉള്ളവയാളുകള്‍ക്ക് ഇത്രയേറെ സ്ഥാനം കൊടുത്തതുപോരെ. ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, അത്രയൊക്കെ അവര്‍ കഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് ഞാന്‍ പറയുന്നില്ല. ഇതിനെ ചതിയെന്നല്ലാതെ എന്താണ് പറയുക, തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ചതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ.ഡിയും കെ.ഡിയൊന്നും ഞങ്ങളുടെ അടുത്തൊന്നും വരില്ല. അത് കാണിച്ച് ഞങ്ങളെ പേടിപ്പിക്കുകയൊന്നും വേണ്ട. നേമത്തെ അക്കൗണ്ട് പൂട്ടിച്ചിട്ട് ഒരു ഇ.ഡിയും എന്റെടുത്ത് വന്നില്ലല്ലോ? ഇനി ഇ.ഡി. വന്നാല്‍ പേടിക്കാനും പോകുന്നില്ല. ഈ പരിപ്പ് വടകരയില്‍ വേവില്ല. നേമത്തെ പ്രതികാരം തീര്‍ക്കുമെന്ന വാശിയുടെ പലരൂപത്തില്‍ ഒന്നായിട്ടാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വടകരയില്‍ മത്സരിക്കുന്നതില്‍നിന്ന് പിന്മാറുന്നുവെന്ന ആരോപണം കെ. മുരളീധരന്‍ തള്ളി. അങ്ങനെ യാതൊരു കാര്യവുമില്ല. പാര്‍ട്ടി പറഞ്ഞാല്‍ ശക്തമായി പോരാടും. എന്റെ പാര്‍ട്ടിയുടെ നയങ്ങള്‍വെച്ചുകൊണ്ട്, എന്റെ നേതാവ് രാഹുല്‍ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ വേണ്ടി ശക്തമായി പോരാടും. വര്‍ഗീയ കക്ഷിയുടെ കൂടെ പോയതുകൊണ്ട് അച്ഛന്റെ ആത്മാവ് പൊറുക്കില്ല. എല്ലാ ബന്ധങ്ങളും അവസാനിച്ചു. കുടുംബത്തില്‍ സഹോദരി, ഇനിയിപ്പോള്‍ അങ്ങനെയുള്ള യാതൊരു സ്‌നേഹവുമില്ല. കരുണാകരന്‍ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്ത് സംഘികള്‍ നിരങ്ങാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ചാലക്കുടിയില്‍ മത്സരിച്ചാല്‍ നോട്ടയ്ക്കാണോ കൂടുതല്‍ വോട്ടുകിട്ടുക, ബിജെപിക്കാണോ കിട്ടുക എന്ന നമുക്ക് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.