KSDLIVENEWS

Real news for everyone

പുനലൂരിലെ വിദ്യാര്‍ഥികളുടെ അപകടമരണം: കെ.എസ്.ആർ.ടി.സി. ഡ്രൈവറെ സർവീസിൽനിന്ന് നീക്കംചെയ്തു

SHARE THIS ON

പുനലൂര്‍: ഒരുവർഷം മുമ്പ് ചടയമംഗലം നെട്ടേത്തറയില്‍ ബൈക്കിൽ കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ച് പുനലൂര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെ സർവീസിൽനിന്ന് നീക്കംചെയ്തു. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ. ബിനുവിനെയാണ് നീക്കിയത്. ഇതു സംബന്ധിച്ച് വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവിറങ്ങി. ഡ്രൈവറുടെ ഗുരുതര വീഴ്ചയാണ് അപകടത്തിനും വിദ്യാർഥികളുടെ മരണത്തിനു മിടയാക്കിയതെന്ന് ഉത്തരവിൽ പറയുന്നു.
കഴിഞ്ഞവർഷം ഫെബ്രുവരി 28-ന് രാവിലെ 7.40-ന് എം.സി. റോഡിലായിരുന്നു അപകടം. ബൈക്ക് യാത്രികരായിരുന്ന തലയാംകുളം വിഘ്‌നേശ്വരത്തില്‍ ശിക (19), സുഹൃത്ത് കക്കോട് അഭിരഞ്ജത്തില്‍ അഭിജിത്ത് (19) എന്നിവരാണ് മരിച്ചത്. ശിക പഠിക്കുന്ന കിളിമാനൂര്‍ തട്ടത്തുമല വിദ്യ എന്‍ജിനീയറിങ് കോളേജിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയിരുന്നു ഇരുവരും അപകടത്തില്‍പ്പെട്ടത്. ബിനു ഓടിച്ചിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്കിൽ തട്ടുകയായിരുന്നു. ബിനുവിനെ പ്രതിചേർത്ത് ചടയമംഗലം പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

സംഭവത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാർച്ച് ഒന്നിന് ബിനുവിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് കൊല്ലം യൂണിറ്റ് ഓഫീസർ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ബിനുവിനെ സർവീസിൽനിന്ന് നീക്കിയത്. ബിനു നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും അപകടകരമാംവിധം ബസ് ബൈക്കിനെ മറികടന്നതാണ് അപകടമുണ്ടാക്കിയതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബൈക്ക് യാത്രക്കാരെ ജാഗ്രതയോടെ വീക്ഷിച്ച് വേഗം കുറച്ച് കൃത്യമായ അകലം പാലിച്ച് ബസ് ഓടിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നെന്നും ഉത്തരവിൽ പറയുന്നു.

ഇതിനിടെ ശികയുടെ അച്ഛന്‍ ജി. അജയകുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് അജയകുമാർ കോടതിയെയും സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!