KSDLIVENEWS

Real news for everyone

കോൺഗ്രസിനെ ജയിപ്പിച്ചാൽ ബിജെപിയായി മാറില്ലേ, എങ്ങനെ വിശ്വസിക്കും?’ പരിഹസിച്ച് മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജയിപ്പിച്ചാൽ അവർ ബിജെപിയായി മാറില്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് കോൺഗ്രസ് ആയവർ നാളെ കോൺഗ്രസ് ആയിരിക്കും എന്ന് എങ്ങനെ വിശ്വസിക്കുമെന്നും എത്രപേർ വിലപേശൽ നടത്തുന്നുണ്ടാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു. പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പരിഹാസവുമായി രംഗത്തുവന്നത്. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവൻഷനിലാണ്  മുഖ്യമന്ത്രിയുടെ പരാമർശം.

വേണ്ടിവന്നാൽ ഞ​ാൻ‌ ബിജെപിയാകും എന്ന് പറയാൻ കെപിസിസി പ്രസിഡന്റ് ആയിരിക്കുന്ന ഒരാൾ തയാറാവുകയെന്നു പറഞ്ഞാൽ എന്തൊരു അവസ്ഥയാണ്. ഐടി സെൽ മേധാവി ആദ്യം പോയി. ഇപ്പോൾ‌ വേറൊരാളും അങ്ങോട്ടുപോയി. ഇവർ രണ്ടുപേരും കേരളത്തിലെ കോൺഗ്രസിലെ പ്രധാന നേതാക്കളുടെ മക്കളാണ്. ഇവരെ തീറ്റിപ്പോറ്റിയത് ബിജെപിയിലേക്ക് അയയ്ക്കാനായിരുന്നോ? ജനാധിപത്യം സംരക്ഷിക്കുന്നതിന് പാർലമെന്‍റിൽ എൽഡിഎഫ് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വന്യജീവി ആക്രമണം ശരിയായി പരിഹരിക്കണമെങ്കിൽ വന്യജീവി നിയമങ്ങളിൽ മാറ്റം വേണം. ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് ഈ നിയമങ്ങൾ ഉണ്ടാക്കിയത്. ജയറാം രമേശ് അത് കൂടുതൽ ശക്തമാക്കി. ഈ നിയമങ്ങൾ ഭേദഗതി ചെയ്യണം എന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അത് പറ്റില്ലെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. കോൺഗ്രസ് കൊണ്ടുവന്ന നിയമം ബിജെപി സംരക്ഷിക്കുന്നു. 

ഇവിടെ മനുഷ്യന് വിലയില്ലാത്ത അവസ്ഥയാണ്. മനുഷ്യന് പ്രാധാന്യം നൽകിയുള്ള ഭേദഗതി വേണം. കോൺഗ്രസ് പിന്തുണയോടെ പാർലമെന്റിൽ എത്തിയ 18 എംപിമാരിൽ ആരെങ്കിലും ഭേദഗതിക്കായി പാർലമെന്‍റിൽ വാദിച്ചോ? വയനാട് എംപി രാഹുൽ ഗാന്ധി ഒരു തവണയെങ്കിലും ഇക്കാര്യം പാർലമെന്റിൽ ഉന്നയിച്ചോ? സംസ്ഥാന സർക്കാർ പരിധിക്കുള്ളിൽനിന്ന് എല്ലാം ചെയ്യുന്നുണ്ടെന്നും എന്നാൽ നിയമഭേദഗതിയാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!