2500 രൂപയ്ക്ക് തെന്മല കാട്ടില്‍ ക്യാമ്പിങ്; രണ്ട് നേരം ഭക്ഷണം, പെഡല്‍ ബോട്ടിങ്

കാടിന്റെ വശ്യതയില്‍ രാപാര്‍ക്കാന്‍ തെന്മല പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരകേന്ദ്രത്തില്‍ പുതിയ സൗകര്യം. കാടും കാട്ടരുവികളും പകരുന്ന അനുഭവലോകം സ്വന്തമാക്കാം ഇവിടെ. ഇക്കോ ടൂറിസത്തിന്റെ അഡ്വഞ്ചര്‍ സോണിലെ കുളത്തിനോടു ചേര്‍ന്നുള്ള കാട്ടിലാണ് ക്യാമ്പിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. രണ്ടുപേര്‍ക്ക് താത്കാലിക ടെന്റില്‍ ഒരുരാത്രി തങ്ങുന്നതിന് 2,500 രൂപയാണ്. ഇത്തരത്തിലുള്ള നാലു ടെന്റുകളുണ്ട്. വൈകീട്ട് അഞ്ചരയ്ക്ക് ചെക്ക് ഇന്‍ ചെയ്ത് രാവിലെ എട്ടരയ്ക്ക് ചെക്ക് ഔട്ട് ആകുന്ന രീതിയിലാണ് പാക്കേജിന്റെ ക്രമീകരണം. രാത്രിയും രാവിലെയും വെജിറ്റേറിയന്‍ ആഹാരവും നല്‍കും.

രാവിലെ വ്യായാമം ചെയ്യേണ്ടവര്‍ക്ക്, ചേര്‍ന്നുള്ള കുളത്തിലെ പെഡല്‍ ബോട്ടിങ്ങും ഏരിയല്‍ സ്‌കേറ്റിങ് എലിവേറ്റഡ് വാക് വേയിലൂടെയുള്ള നടത്തവുമാകാം.

കൂടാതെ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനവുമുണ്ട്.വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തിരക്കില്‍നിന്നൊഴിഞ്ഞ് ജോലിചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് കാടിനോടു ചേര്‍ന്ന് ഒരുസ്ഥലം എന്നതാണ് ഇത്തരം ടെന്റഡ് ക്യാമ്പെന്ന ആശയത്തിനു പിന്നില്‍. കൂടാതെ അണുവിമുക്തമാക്കിയ സ്ലീപ്പിങ് ബാഗും നല്‍കും. കൂടാതെ ടെന്റഡ് ക്യാമ്പിങ്ങിനു സമീപം ക്യാമ്പ് ഫയറും ഗ്രില്‍ഡ് ചിക്കന്‍ ഉള്‍പ്പെടെയുള്ള ആഹാരവും ഓര്‍ഡര്‍ ചെയ്തു കഴിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.