വിവാഹത്തില്‍നിന്ന് പിന്മാറിയതിന് യുവതിയെ ആക്രമിച്ചു, വസ്ത്രം വലിച്ചുകീറി; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം (വലിയതുറ): നിശ്ചയിച്ച വിവാഹത്തില്‍നിന്ന് പിന്‍മാറിയതിന്റെ വൈരാഗ്യത്തില്‍ യുവതിക്കുനേരെ അക്രമം. വസ്ത്രങ്ങള്‍ വലിച്ചുകീറുകയും യുവതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി കടലിലേക്കെറിയുകയും ചെയ്തുവെന്ന് പരാതി. സംഭവത്തില്‍ യുവാവ് അറസ്റ്റിലായി.
എറണാകുളം കളമശ്ശേരി പയസ് പളളിക്ക് സമീപം മഴുഞ്ചേരി വീട്ടില്‍ ആന്റോ കരോള്‍ ലിജുവിനെ (34) ആണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വൈകിട്ട് 7.15 ഓടെ ശംഖുംമുഖം ബീച്ചിന് സമീപമായിരുന്നു സംഭവം.
ദീര്‍ഘനാളായി ഇരുവരും തമ്മില്‍ പരിചയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും വളയിടല്‍ ചടങ്ങ് നടക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് യുവതിയും വീട്ടുകാരും യുവാവുമായുള്ള വിവാഹത്തില്‍ നിന്ന് പിന്‍മാറി. പിന്നീട് മറ്റൊരു യുവാവുമായി ബന്ധം ആരോപിച്ചാണ് ശംഖുംമുഖം ബീച്ചില്‍വച്ച് യുവതിയെ ഇയാള്‍ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തത്.
ഇതേ തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ വലിയതുറപോലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. എസ്.എച്ച്.ഒ. അശോക കുമാറിന്റെ നേത്യത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.