വൈദ്യുതി ഉപഭോഗം കുതിക്കുന്നു, പ്രതിസന്ധി; മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു

തിരുവനന്തപുരം: കൊടുംചൂടില്‍ കേരളത്തിലെ ദിവസേനയുള്ള വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു. തിങ്കളാഴ്ച 10.02 കോടി യൂണിറ്റാണ് വേണ്ടിവന്നത്. മാര്‍ച്ചില്‍ത്തന്നെ ഇത്രയധികം വൈദ്യുതി വേണ്ടിവരുന്നത് ചരിത്രത്തിലാദ്യം. ഇതോടെ വൈദ്യുതിബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി. സ്ഥിതി വിലയിരുത്താന്‍ ബുധനാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു.
വൈദ്യുതി ഉപഭോഗത്തിലെ സര്‍വകാല റെക്കോഡ് കഴിഞ്ഞവര്‍ഷം ഏപ്രില്‍ 19-നായിരുന്നു. അന്ന് 10.3 കോടി യൂണിറ്റാണ് എരിഞ്ഞത്. ഇതില്‍ 7.88 കോടിയും കേരളത്തിനുപുറത്തുനിന്ന് വാങ്ങിയതാണ്.
മിക്കജില്ലകളിലും ചൂട് ഇപ്പോള്‍ ശരാശരിയില്‍നിന്ന് രണ്ടുമുതല്‍ നാലു ഡിഗ്രിവരെ കൂടുതലാണ്. എയര്‍കണ്ടീഷണറുകളും ഇ-വാഹനങ്ങളും പെരുകിയതാണ് ഉപഭോഗംകൂടാന്‍ കാരണം.
വൈദ്യുതി വാങ്ങാന്‍ വന്‍ചെലവ്
തിരുവനന്തപുരം: ഉപഭോഗം കൂടിയതോടെ വൈദ്യുതി വാങ്ങാന്‍ വന്‍ തുക ചെലവിട്ട് കെ.എസ്.ഇ.ബി.നിലവിലെ കരാറുകളില്‍നിന്നുള്ള വൈദ്യുതിപോരാതെ വരുന്നതിനാല്‍ പവര്‍ എക്‌സ്ചേഞ്ചില്‍നിന്നാണ് വാങ്ങുന്നത്. ഇതിന് അതത് ദിവസംതന്നെ പണമടയ്ക്കണം.
ചൊവ്വാഴ്ച 13.4 കോടിരൂപയാണ് ഇങ്ങനെ ചെലവിട്ടത്. ശരാശരി 10 കോടിരൂപയാണ് ദിവസംതോറുംവേണ്ടത്. പണം മുന്‍കൂര്‍ നല്‍കിയില്ലെങ്കില്‍ വൈദ്യുതികിട്ടില്ല. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ പവര്‍ എക്‌സ്ചേഞ്ചില്‍നിന്ന് വൈദ്യുതി വാങ്ങാന്‍മാത്രം 1477 കോടി രൂപ വേണം. ഉപഭോഗം ഇനിയും കൂടുകയും സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമാവുകയും ചെയ്താല്‍ പണം നല്‍കാനാവാതെ വൈദ്യുതി മുടങ്ങുന്ന സ്ഥിതിവരും.
ബോര്‍ഡിന് കിട്ടാനുള്ള കുടിശ്ശിക ഏകദേശം 5000 കോടി രൂപയാണ്. ഇതില്‍ 3500 കോടി ജല അതോറിറ്റി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കേണ്ടതാണ്. കുടിശ്ശിക ഉടന്‍നല്‍കണമെന്ന ബോര്‍ഡിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
സംസ്ഥാനത്ത് വൈകുന്നേരം കൂടുതല്‍ വൈദ്യുതി ആവശ്യമായി വന്നതിന്റെ റെക്കോഡും ഇത്തവണ മാര്‍ച്ച് 11-നാണ്. 5031 മെഗാവാട്ട്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 18-ന് 5024 മെഗാവാട്ട് വേണ്ടിവന്നതാണ് ഇതിനുമുമ്പുള്ള റെക്കോഡ്.