KSDLIVENEWS

Real news for everyone

ഏപ്രിൽ 26-ന് കേരളം പോളിങ് ബൂത്തിലേക്ക്; ജയം തുടരാൻ UDF, തിരിച്ചടിക്കാൻ CPM, അക്കൗണ്ട് തുറക്കാൻ BJP

SHARE THIS ON

ന്യൂഡൽഹി: രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക്‌. കേരളത്തിൽ ഏപ്രിൽ 26 നായിരിക്കും പോളിങ്‌. ഏഴ്‌ ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലാണ്‌ കേരളത്തിലെ തിരഞ്ഞെടുപ്പ്. 2019 ലെ പ്രകടനം ആവര്‍ത്തിക്കാന്‍ യുഡിഎഫും ശക്തമായി തിരിച്ചുവരവിന് എല്‍ഡിഎഫും കോപ്പുകൂട്ടുമ്പോള്‍ ഇത്തവണയെങ്കിലും അക്കൗണ്ട് തുറക്കും എന്ന ഉറച്ച പ്രതീക്ഷയിലാണ് എന്‍ഡിഎ
ഇന്ത്യ സഖ്യമായിട്ടാണ് കേന്ദ്രത്തിൽ ബി.ജെ.പിക്കെതിരേ പോരാട്ടമെങ്കിലും സംസ്ഥാനത്ത് കോൺഗ്രസ് – സി.പി.എം. നേർക്കുനേരാണ് മത്സരം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽ തന്നെ മത്സരിക്കും. ഇന്ത്യ സഖ്യത്തിന്റെ നേതൃനിരയിലുള്ള രണ്ട് നേതാക്കളാണ് ഇത്തവണ കേരളത്തിൽ നേർക്കുനേർ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എതിരാളി സി.പി.ഐ. ദേശീയ നേതാവ് ആനി രാജയാണ്.

2019-ലെ പൊതുതിരഞ്ഞെടുപ്പിൽ ഇരുപതില്‍ 19 മണ്ഡലങ്ങളിലും യു.ഡി.എഫ്. വിജയം കൊയ്തു. ആലപ്പുഴ മണ്ഡലത്തിൽ മാത്രമായിരുന്നു അന്ന് സി.പി.എമ്മിന് ജയിക്കാൻ സാധിച്ചത്. രാഹുൽ ഗാന്ധി കേരളത്തിൽ ആദ്യമായി മത്സരിച്ച് പാർലമെന്റിലെത്തിയും 2019-ലെ തിരഞ്ഞെടുപ്പിലായിരുന്നു. ബി.ജെ.പി. സർക്കാരിനെതിരേ ശക്തമായ ഭരണവിരുദ്ധവികാരത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിൽ പുതിയൊരു മാറ്റം എന്നതായിരുന്നു അന്ന് കോൺഗ്രസിന്റെ പ്രചാരണം. രാഹുലിന്റെ വരവ് ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിലേക്ക് ഒഴുക്കിയപ്പോള്‍ ശബരിമല വിഷയം എല്‍ഡിഎഫിനെതിരായ വികാരമായും പ്രതിഫലിച്ചു. കേരളത്തിൽ നിന്ന് ഒരു പ്രധാനമന്ത്രി എന്ന പ്രചാരണവും യു.ഡി.എഫ്. ശക്തമാക്കി. ഇതോടെ രാഹുൽ തരംഗത്തിൽ കേരളത്തിലെ 19 മണ്ഡലങ്ങളും യു.ഡി.എഫിനൊപ്പം നിന്നു. ന്യൂനപക്ഷം ഭൂരിഭാഗവും കോൺഗ്രസിന് അനുകൂലമായി വിധിയെഴുതി. കേന്ദ്രത്തിൽ സി.പി.എമ്മിന് കാര്യമായിട്ടൊന്നും ചെയ്യാനില്ല എന്ന കോൺഗ്രസ് പ്രചാരണം യു.ഡി.എഫിനെ തുണച്ചു.

ഇതിനുപുറമെ സംസ്ഥാന സർക്കാരിനെതിരേയുള്ള ഭരണ വിരുദ്ധ വികാരങ്ങളും 2019-ലെ തിരഞ്ഞെടുപ്പിൽ കാര്യമായിത്തന്നെ പ്രതിഫലിച്ചു. ഇതിന്റെ ഫലമെന്നോണം വയനാട്, മലപ്പുറം, പൊന്നാനി, ആലത്തൂർ, കൊല്ലം, ഇടുക്കി, കോട്ടയം, എറണാകുളം അടക്കം എട്ട്‌ മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിന് മേൽ ഭൂരിപക്ഷത്തിലായിരുന്നു യു.ഡി.എഫ്, സ്ഥാനാർഥികൾ ജയിച്ചു കയറിയത്.

ശക്തമായ സ്ഥാനാർഥികളെ തന്നെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ട സി.പി.എമ്മിനേറ്റ കനത്ത തിരിച്ചടിയായിരുന്നു 2019-ൽ ലഭിച്ചത്. ഇത്തവണയും രാഹുൽ വയനാട്ടിൽ മത്സരിക്കുമ്പോൾ 2019-ലെ സാഹചര്യമല്ല സംസ്ഥാനത്ത് നിലനില്‍ക്കുന്നത്‌. ഇത്തവണ ശക്തമായ മുന്നേറ്റം തന്നെ നടത്താൻ സാധിക്കുമെന്നാണ് സിപിഎം കരുതുന്നത്.
സി.എ.എ., ബി.ജെ.പിക്കെതിരേയുള്ള പ്രചാരണങ്ങൾ തന്നെയാണ് ഇത്തവണയും സംസ്ഥാനത്ത് പ്രധാനമായും ചർച്ചയാകുന്നത്. കോൺഗ്രസിന് ഒരുപടി മുമ്പേ എന്നോണം കേരളത്തിൽ സി.എ.എ. നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസും സി.എ.എയ്ക്കെതിരേ ശക്തമായി രംഗത്തുണ്ട്. സ്ഥാനാർഥികൾ പ്രചാരണത്തിൽ സി.എ.എ. പ്രധാനമായും ഉന്നയിക്കുന്നതോടൊപ്പം തന്നെ സി.എ.എയ്ക്കെതിരേയുള്ള കൂറ്റൻ റാലികളും മറ്റും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർഥികളുടെ നേതൃത്വത്തിൽ നടക്കുന്നതും ശ്രദ്ധേയാണ്.

2019-ലേതു പോലെയൊരു രാഹുൽ ഗാന്ധി തരംഗം ഇത്തവണയില്ലെന്ന് സിപിഎം വിലയിരുത്തുന്നു. കഴിഞ്ഞ തവണ ന്യൂനപക്ഷം മാറിച്ചിന്തിച്ചത് രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനം മുമ്പിൽ കണ്ടിട്ടായിരുന്നു. അത്തരമൊരു സാഹചര്യം ഇല്ലാത്തതിനാൽ പല മണ്ഡലങ്ങളിലും ഇത്തവണ ശക്തമായ മത്സരം തന്നെ കാഴ്ചവെക്കാൻ സാധിക്കുമെന്ന് സി.പി.എമ്മും കരുതുന്നുണ്ട്. ശബരിമല വിഷയം ശക്തമായ 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കാര്യമായ നേട്ടം കൊയ്യാനായില്ലെങ്കിലും കോൺഗ്രസിന് ശബരിമല വിഷയം ഏറെ സഹായകരമായിട്ടുണ്ട്.

കോൺഗ്രസിൽ നിന്ന് നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നത് വലിയതലവേദനയാണ് പാർട്ടിക്ക് സൃഷ്ടിക്കുന്നത്. മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ പത്മജ വേണു ഗോപാൽ, എ.കെ. ആന്റണയുടെ മകൻ അനിൽ ആന്റണി തുടങ്ങി സംസ്ഥാനത്തും കേന്ദ്രത്തിലും നിരവധി നേതാക്കൾ ബി.ജെ.പിയിലേക്ക് കുടിയേറിയത് കോൺഗ്രസിനെ വലയ്ക്കുന്നുണ്ട്. സി.പി.എം. ഇത് പ്രചാരണ ആയുധമാക്കുന്നുണ്ട്. സൈബർ ഇടങ്ങളിൽ ‘ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി’ എന്ന പ്രചാരണ ടാഗുകളും ഉയരുന്നത് കോൺഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.

അതേസമയം എസ്.എഫ്.ഐക്കെതിരേ ഉയരുന്ന ആരോപണങ്ങൾ, സർക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരം, അഴിമതി ആരോപണങ്ങള്‍, സപ്ലൈക്കോ വിഷയങ്ങൾ, സിദ്ധാർഥൻ ഉൾപ്പെടെയുള്ളവരുടെ മരണങ്ങൾ, വന്യജീവി ആക്രമണം, പെൻഷൻ മുടക്കം തുടങ്ങിയ സംസ്ഥാന സർക്കാരിനെതിരേ ഒട്ടനവധി വിഷയങ്ങള്‍ നില്‍ക്കുന്നു. ജനവിരുദ്ധവികാരത്തിന് നടുവിൽ നിന്നാണ് സി.പി.എം. തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. കേന്ദ്രം പുറത്തിറക്കിയ ഭാരത് അരിക്ക് പകരം കെ അരി കൊണ്ടുവന്ന് സർക്കാർ പ്രതിരോധം തീർത്തെങ്കിലും പെൻഷൻ മുടങ്ങിയത് വലിയ തോതിൽ ചർച്ചാവിഷയമായിരുന്നു. ഇതിന് പ്രതിവിധിയെന്നോണം രണ്ടുഗഡുക്കൾ നൽകാമെന്ന പ്രഖ്യാപനം നടത്തി സർക്കാർ താത്കാലിക ആശ്വാസം കണ്ടെത്തിയിരിക്കുന്നു.

ഇത്തവണയെങ്കിലും അക്കൗണ്ട് തുറക്കാനാണ് ബി.ജെ.പിയുടെ ശ്രമം. രണ്ടക്കം കേരളത്തിൽ നിന്ന് ഉണ്ടാകും എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. തൃശ്ശൂരും, തിരുവനന്തപുരവുമായിരുന്നു ബി.ജെ.പി. നോട്ടമിട്ടിരിക്കുന്നത്. ബി.ജെ.പിയുടെ സാധ്യതാ സീറ്റുകളിൽ മുഖ്യമായ ഒന്നായിരുന്നു തിരുവനന്തപുരം. എന്നാൽ ഇപ്പോൾ ആ മുൻഗണന മാറി തൃശ്ശൂർ ബി.ജെ.പി. എടുക്കും എന്ന തരത്തിലേക്ക് അവര്‍ മാറിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പേ തന്നെ പ്രധാനമന്ത്രി തൃശ്ശൂരിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചതും തൃശ്ശൂരിൽ ശക്തമായൊരു പോരാട്ടം കാഴ്ചവെക്കാൻ വേണ്ടിയായിരുന്നു.

പത്മജ വേണുഗോപാലിനെ കോൺഗ്രസിൽ നിന്ന് അടർത്തിയെടുത്ത് ബിജെപിയിൽ എത്തിച്ചത് തൃശ്ശൂരിൽ നേട്ടമാകുമെന്ന് വിചാരിച്ചെങ്കിലും തക്കസമയത്ത് കോൺഗ്രസ് കെ മുരളീധരനെ തൃശ്ശൂരിൽ സ്ഥാനാർഥിയാക്കി ആപ്പ് വെച്ചത് ബി.ജെ.പിക്ക് രാഷ്ട്രീയ മറുപടിയായി. മുരളീധരൻ തൃശ്ശൂരിൽ മത്സരരംഗത്തെത്തിയതോടെ പത്മജ പ്രചാരണ രംഗത്ത് വേണ്ട എന്ന നിലപാടിലാണ് ബി.ജെ.പി. സ്ഥാനാർഥി സുരേഷ് ഗോപിയും തൃശ്ശൂരിലെ ബി.ജെ.പി. നേതാക്കളും. പത്തനംതിട്ടയിലെ അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലി പിസി ജോർജ് ഇടഞ്ഞുനിന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിലെത്തിയപ്പോൾ ഇരുവരും വേദി പങ്കിട്ടത് ബി.ജെ.പിക്ക് ആശ്വാസമാകുന്നുണ്ട്.

യു.ഡി.എഫും സി.പി.എമ്മും ബി.ജെ.പിയും തങ്ങളുടെ സ്ഥാനാർഥികളെ ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ശക്തമായ സ്ഥാനാർഥികൾ തന്നെയാണ് ഓരോ മണ്ഡലങ്ങളിലും നേർക്കുനേരെത്തുന്നത്. 2019-ലെ തിരിച്ചടിക്ക് പകരം വീട്ടാൻ വേണ്ടി സംസ്ഥാനത്ത് സിപിഎം മത്സരിക്കുമ്പോൾ തൂത്തുവാരിയ 2019 ലെ പ്രകടനം ആവര്‍ത്തിക്കാന്‍ രാഹുൽ ഗാന്ധിയേയും കെ.സി. വേണുഗോപാലിനെ അടക്കം സംസ്ഥാനത്തിൽ ഇറക്കിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്ത് നിന്ന് ബിജെപി അക്കൗണ്ട് തുറക്കുന്നതിനൊപ്പം തന്നെ ശക്തമായ പോരാട്ടം കാഴ്ചവെച്ച് വോട്ട് വിഹിതം വർധിപ്പിക്കുക എന്ന ലക്ഷ്യവും ബി.ജെ.പി, നേതൃത്വത്തിന് മുന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!