കോണ്ഗ്രസിന് മൃദുഹിന്ദുത്വമില്ല; അത് എതിരാളികളുടെ കള്ളം- ഇ.ടി

മലപ്പുറം: പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ കോൺഗ്രസിന് കൃത്യമായ നിലപാടില്ലെന്ന ആരോപണം ശരിയല്ലെന്നും കോൺഗ്രസിന് മൃദുഹിന്ദുത്വ സമീപനമുണ്ടെന്ന് എതിരാളികൾ പറഞ്ഞുപരത്തുന്ന കള്ളമാണെന്നും മലപ്പുറം ലോക്സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ. മലപ്പുറം പ്രസ് ക്ലബ് നടത്തിയ മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുസ് ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും മലപ്പുറം സിറ്റിങ് എം.പി.യുമായ അദ്ദേഹം.
കോൺഗ്രസിലെ നാലുപേർ പാർലമെന്റിൽ ആദ്യദിനം തന്നെ സി.എ.എ. ബില്ലിനെ എതിർത്ത് സംസാരിച്ചു. മുതിർന്ന നേതാക്കൾ പുറത്തും ശക്തമായി പ്രതിഷേധിച്ചു. ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. മതേതരത്വത്തോട് കൂറ് കാണിക്കേണ്ട എല്ലാ ഘട്ടത്തിലും കോൺഗ്രസ് കാണിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ കൈകളിലാണ് ഇന്ത്യയുണ്ടായിരുന്നതെങ്കിൽ ഈ അക്രമസംഭവങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല.
സി.എ.എ.ക്കെതിരേ ലീഗാണ് മുന്നിൽ
പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. 2019 ഡിസംബർ നാലിനാണ് പാർലമെന്റിൽ ബിൽ വന്നത്. അവതരിപ്പിക്കും മുൻപേ ആ ബില്ലിനെ എതിർത്ത 10 പേരിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും ഞാനുമുണ്ട്. പ്രത്യേക അനുമതി വാങ്ങിയാണ് ഞങ്ങൾ രണ്ടുപേർ സംസാരിച്ചത്. സി.പി.എം. അംഗം എ.എം. ആരിഫ് ഇതിൽ നിരാകരണ പ്രമേയമേ കൊടുത്തില്ല. പ്രസംഗിച്ച 42 പേരിൽ ഞങ്ങൾക്കൊപ്പം ആരിഫുമുണ്ട്. ആരിഫ് മാത്രമാണ് ബില്ലിനെ എതിർത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ അത് വ്യാജമാണ്. ബില്ലിനെ ചോദ്യം ചെയ്ത് അടുത്തദിവസം സുപ്രീംകോടതിയിൽ പോയതും നേട്ടിഫിക്കേഷൻ വന്നപ്പോൾ ആദ്യം കോടതിയിൽ പോയതും ലീഗാണ്. സി.എ.എ. വിഷയത്തിൽ സി.പി.എമ്മിന് പ്രത്യേക ക്രെഡിറ്റ് ഇല്ല. യു.ഡി.എഫുകൂടി ചേർന്നാണ് ഇതിനെതിരേ നിയമസഭയിൽ പ്രമേയം പാസാക്കിയത്.
നാട് നിലനിൽക്കാൻ ഭരണം മാറണം
ഫാസിസം എല്ലാ പരാക്രമങ്ങളും നടത്തുന്ന കാലത്ത് ഇന്ത്യയുടെ നന്മകൾ തിരിച്ചുപിടിക്കാൻ കേന്ദ്രത്തിലെ ഭരണമാറ്റമല്ലാതെ പരിഹാരമില്ല. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പാണിത്. ഫാസിസം എല്ലാ സംവിധാനങ്ങളെയും തകർക്കുകയാണ്. ജനാധിപത്വത്തിന്റെ അടിസ്ഥാന ശിലകളായ പാർലമെന്റ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ഫോർത്ത് എസ്റ്റേറ്റ് എന്നിവക്കെല്ലാം നേരെ കടന്നാക്രമണം നടത്തുന്നു. ഇന്ത്യ പുലർത്തിപ്പോന്ന നല്ല പാരമ്പര്യങ്ങൾ ഇല്ലാതാക്കുന്നു. നാടിന്റെ നന്മ ബാക്കിയാവണമെങ്കിൽ, നവ ഭാരത ശില്പികൾ ആഗ്രഹിച്ച ഇന്ത്യായായി തുടരണമെങ്കിൽ നമുക്ക് മുന്നിലുള്ള ഏക പോംവഴി ഇന്നത്തെ ഭരണസംവിധാനത്തെ ഒഴിവാക്കുകയാണ്. അതിനുവേണ്ടി കൂട്ടായ പരിശ്രമം വേണം. ഈ ദൗത്യം പാർലമെന്റിൽ നിർവഹിച്ചയാളാണ് ഞാൻ. ഈ നാടിന്റെ നന്മകൾ തിരിച്ചുപിടിക്കുന്ന പ്രവർത്തനത്തിൽ മുൻപേ നടക്കാനാണ് ഞാൻ വീണ്ടും നിയോഗിക്കപ്പെട്ടത്.
ഇതെന്റെ നാട്; എല്ലാം പരിചിതം
ഇത്തവണ നാട്ടിൽത്തന്നെയാണ് മത്സരിക്കുന്നത് എന്നതിനാൽ അപരിചിതത്വം തോന്നുന്നേയില്ല. എ.പി.യായത് പൊന്നാനിയിലും എം.എൽ.എ.യായത് തിരൂരിലുമായിരുന്നല്ലോ. പക്ഷേ, മലപ്പുറത്തെ നാട്ടുകാരെയും ചുറ്റുപാടുമെല്ലാം കൃത്യമായി പരിചയമുണ്ട്. സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഹൃദ്യമായ സ്വീകരണമാണ് കിട്ടിയത്. ഒരു മണിക്കൂർപോലും പാഴാക്കാതെ പ്രചാരണത്തിൽ സജീവമാണ് ഞങ്ങൾ. ഒന്നര ദിവസം വീതം എല്ലാ നിയോജക മണ്ഡലങ്ങളിലും പോയി. ഉച്ചവരെ ആളുകളെ കാണുന്നു. തുടർന്ന് കൺവെൻഷനുകൾ കൂടി. വൈകീട്ട് റോഡ്ഷോയിലും പങ്കെടുത്ത് ആദ്യ റൗണ്ട് പൂർത്തിയാക്കി. ഇതു തുടരും.
മലപ്പുറത്തെക്കുറിച്ച് പറയുമ്പോൾ
മലപ്പുറത്തെ ഇന്നത്തെ ഭൗതിക സാഹചര്യങ്ങളും വികസന പദ്ധതികളും നല്ല ദിശയിലേക്ക് കൊണ്ടുപോകുന്നതിൽ വളരെ അദ്ധ്വാനിച്ചയാളാണ് ഞാൻ. വിശേഷിച്ചും ഏഴുവർഷം വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ. കാര്യമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും ഇല്ലായിരുന്ന ജില്ലയിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ വളരെ വലിയ വളർച്ചയ്ക്ക് വഴിയൊരുക്കിയ സമീപനമാണ് അന്ന് സ്വീകരിച്ചത്. ഇന്ന് കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം ഉൽപ്പത്തി അന്നെടുത്ത നയപരമായ സമീപനത്തിന്റെ ഫലമാണ്.
പിന്നാക്കാവസ്ഥയിൽ നിന്ന് മലപ്പുറത്തെ ഉയർത്തിക്കൊണ്ടുവരുന്നതിൽ ധാരാളം കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. പോരായ്മകൾ ഇനിയുമുണ്ട്. എല്ലാ മേഖലയിലും ഇനിയുമെത്രയോ ചെയ്യാനുണ്ട്. ജില്ലയുടെ സർവതോന്മുഖമായ പുരോഗതിക്ക് വേണ്ടി തുടങ്ങിയ പ്രവർത്തനങ്ങൾ തുടർന്ന് നല്ലൊരു സ്ഥിതിയിലേക്ക് എത്തിക്കണം. കേന്ദ്രാവിഷ്കൃത പദ്ധതികൾ അവലോകനം ചെയ്യുന്ന സമിതിയുടെ ചെയർമാൻ എന്ന നിലക്ക് ഇവിടത്തെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്.
പൊന്നാനിയിൽ എന്റെ കയ്യൊപ്പുണ്ട്
പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ മികച്ച രീതിയിലാണ് പ്രവർത്തിച്ചത്. എം.പി.ക്ക് ഏറ്റവും പ്രധാമായി ചെയ്യാൻ പറ്റുക റെയിൽവേ, തപാൽ തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെയാണ്. പരപ്പനങ്ങാടി, താനൂർ, തിരൂർ, കുറ്റിപ്പുറം, തിരുനാവായ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിലെല്ലാം വളരെ വലിയ തോതിലുള്ള പുരോഗതി ഉണ്ടായിവരികയാണ്. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി പുതിയ പദ്ധതികൾ വന്നു. തിരൂർ, പരപ്പനങ്ങാടി, കുറ്റിപ്പുറം സ്റ്റേഷനുകളുടെ മുഖച്ഛായതന്നെ മാറ്റുന്ന പദ്ധതികൾ നടന്നുവരുന്നു. കേരളത്തിലെ എണ്ണപ്പെട്ട സ്റ്റേഷനുകളിൽ ഒന്നായി തിരൂർ മാറുകയാണ്. അടുത്തഘട്ടത്തിൽ താനൂരിലും തിരുനാവായയിലും കൂടുതൽ വികസനമെത്തിക്കാനുള്ള ഇടപെടലുകൾ നടത്തി. വന്ദേഭാരതിന് തിരൂരിലും യശ്വന്ത്പുർ എക്സപ്രസിന് പരപ്പനങ്ങാടിയും മെമു എക്സ്പ്രസിന് തിരുനാവായയിലുമുടക്കം പല തീവണ്ടികൾക്കും ജില്ലയിൽ സ്റ്റോപ്പ് അനുവദിച്ചു.
തപാൽ മേഖലയിലും ശ്രദ്ദേയമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു. പൊന്നാനി, കോട്ടയ്ക്കൽ പോസ്റ്റോഫീസുകൾക്ക് കെട്ടിടത്തിനുള്ള അനുമതിയായി. തിരൂർ പെന്മുണ്ടം ബൈപ്പാസിൽ റെയിൽവേ അപ്രോച്ച് റോഡ് നിർമിക്കാൻ വേണ്ടി 33 കോടി രൂപയുടെ അലോട്മെന്റായി. മറ്റു പല കേന്ദ്രാവിഷ്കൃത പദ്ധതികളും മണ്ഡലത്തിൽ കൊണ്ടുവരാനായി.
പാർലമെന്റിലെ ഞാൻ
പാർലമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായി. 94 ശതമാനമാണ് എന്റെ ഹാജർ. അത് ദേശീയ, സംസ്ഥാന ശരാശരികൾക്കും മുകളിലാണ്. 219 ചോദ്യങ്ങളാണ് ഉന്നയിച്ചത്. സ്വാഭാവികമായി കിട്ടുന്നതിനേക്കാൾ കൂടുതൽ അവസരങ്ങൾ ചോദിച്ചുവാങ്ങുകയായിരുന്നു. 102 ഡിബേറ്റുകളിൽ ഇടപെട്ടു. പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും നിലപാട് പറയാൻ സാധിച്ചു. സ്പീക്കറോട് പ്രത്യേക അനുമതി വാങ്ങിയും സമയം ഉപയോഗിച്ചു. പ്രധാനപ്പെട്ട സ്വകാര്യ ബില്ലുകളും അവതരിപ്പിച്ചു. മലപ്പുറത്ത് വരുമ്പോൾ പാർലമെന്റിലും പുറത്തുമായി ഇതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.
അഞ്ച് ഫോക്കസ് ഏരിയകൾ
അരികുവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായ ഇടപെടൽ, മതേതര ജനാധിപത്യ മേഖലയുടെ സംരക്ഷണം, വിദ്യാഭ്യാസം, ആർദ്രത നിറഞ്ഞ പ്രവർത്തനങ്ങൾ എന്നിവയാണ് എന്റെ ഫോക്കസ് ഏരിയകൾ. പാർലമെന്റ് ഡിബേറ്റുകളിൽ ഏറ്റവുമധികം ഇടപെട്ടത് അരിക്വത്കരിക്കപ്പെട്ടവർക്ക് വേണ്ടിയാണ്. മനുഷ്യാവകാശ ലംഘനങ്ങൾ എവിടെയാണങ്കിലും ഇടപെട്ടു. ആൾക്കൂട്ടക്കൊലപാതകം, ആക്രമണങ്ങൾ എന്നിവയുണ്ടായപ്പോൾ വടക്കേ ഇന്ത്യയടക്കം സന്ദർശിച്ചു, വിഷയം പാർലമെന്റിൽ ഉന്നയിച്ച് രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ആൾക്കൂട്ടക്കൊല നിയന്ത്രിക്കാൻ സ്വകാര്യബില്ലും അവതരിപ്പിച്ചു. രോഗികൾക്കൊപ്പം സമയം ചെലവിടാൻ ഇഷ്ടമുള്ളയാളാണ് ഞാൻ. അതിനായി സി.എച്ച്. സെന്റർ പോലുള്ള സ്ഥാപനങ്ങളുമുണ്ട്. സർക്കാർ തലത്തിൽ ആശുപത്രികളും ഡയാലിസിസ് കേന്ദ്രങ്ങളും കൊണ്ടുവരാനും കഴിഞ്ഞു.
ഭിന്നശേഷിക്കാർക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്
ഭൗതിക സൗകര്യ വികസനത്തിൽ മലപ്പുറം ഒരുപാട് പുരോഗതി കൈവരിച്ചു. ഇനി അതിന്റെയെല്ലാം ഗുണമേന്മ വികസിപ്പിക്കണം. ഭിന്നശേഷിക്കാർക്കായി മലപ്പുറത്തൊരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ആണ് എന്റെ സ്വപ്ന പദ്ധതി. ഏറ്റവുമധികം ഭിന്നശേഷിക്കാരുള്ള ജില്ലയിൽ അവരുടെ രക്ഷിതാക്കൾക്കുകൂടി ജീവിതമാർഗം ഉണ്ടാക്കാൻ വേണ്ടിയാണിത്. ഗവേഷണവും പരിചരണവും പുനരധിവാസവുമെല്ലാം ഉൾപ്പെടുന്നതാവണം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന് ആഗ്രഹിക്കുന്നു.
കേന്ദ്രാവിഷ്കൃത പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാനും കൂടുതൽ നേടിയെടുക്കാനും വേണ്ടി എം.എൽ.എ.മാരടക്കമുള്ള ജനപ്രതിനിധികളുമായി ചേർന്ന് സമഗ്രമായ വികസന പദ്ധതി തയ്യാറാക്കും. കാരുണ്യപ്രവർത്തനം, മാധ്യമ സ്വാതന്ത്ര്യം എന്നിവക്കായി കൂടുതൽ ഇടപെടലുകളുണ്ടാകും.
മണ്ഡലമാറ്റം രാഷ്ട്രീയ തീരുമാനം
ലീഗ് സ്ഥാനാർഥികളുടെ മണ്ഡലമാറ്റത്തിന്റെ കാരണം കൂടുതൽ വിശദീകരിക്കേണ്ട കാര്യമില്ല. സ്ഥാനാർഥികളെ അവിടെത്തന്നെ നിർത്തണോ പരസ്പരം മാറ്റണോ എന്നതെല്ലാം പാർട്ടിയുടെ രാഷ്ട്രീയതീരുമാനമാണ്. അതിലുപരിയായ പ്രശ്നങ്ങളെന്നുമില്ല. എം.എൽ.എ.യായും എം.പിയായും പ്രവർത്തിച്ച സ്ഥലത്ത് നിന്ന് ഞാൻ മാറുന്നതിലുള്ള സങ്കടം പൊന്നാനിയിലെ പല വോട്ടർമാരും പറഞ്ഞു. ഇന്നേക്കാൾ വലിയ ഭൂരിപക്ഷത്തിൽ സമദാനി പൊന്നാനിയിൽ ജയിക്കും.
മോദിയുടെ പ്രദർശനപരത; ഏശില്ല
നരേന്ദ്ര മോദി ഇടക്കിടെ കേരളത്തിൽ വരുന്നുണ്ടെങ്കിലും എൻ.ഡി.എ.യ്ക്ക് ഇവിടെ അക്കൗണ്ട് തുറക്കാനാകില്ല. മോദിയുടെത് പ്രദർശനപരതയും വർണപ്പൊലിമയുമാണ്. അതിലൊന്നും വീഴുന്ന ജനങ്ങളല്ല കേരളത്തിലേത്. ഈ നാടിനെ മോദി എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് കേരളത്തിലെ ജനങ്ങൾക്ക് നന്നായറിയാം.
വെറുതെ നിൽക്കാൻ കഴിയില്ല
നോമ്പും ചൂടുമെന്നും തടസ്സമല്ല. കമ്മിറ്റി നിശ്ചയിച്ചുതരുന്ന പരിപാടികളുമായി മുന്നോട്ടുപോകുകയാണ്. ദൈവാനുഗ്രഹം കൊണ്ട് എനിക്കൊരു പ്രശ്നവുമില്ല. എനിക്ക് വെറുതെ നിൽക്കാൻ കഴിയില്ല. യാത്ര ചെയ്തുകൊണ്ടേയിരിക്കും. വടക്കേ ഇന്ത്യയിൽ ഞാൻ പോകാത്ത പ്രദേശങ്ങലില്ല. കലാപബാധിത പ്രദേശങ്ങളിൽ കമ്പിളിയും ഭക്ഷണപ്പൊതിയുമായി റിലീഫിനായി പോയിട്ടുണ്ട്. സ്ട്രൈൻ എടുക്കുന്നത് എനിക്ക് പ്രശ്നമേ അല്ല.
വരും, പുതിയ റോഡ് മാപ്പ്
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളേക്കാൾ നടപ്പാക്കാൻ കഴിയുന്ന കുറെയധികം കാര്യങ്ങളുണ്ട്. അതിന് പശ്ചാത്തലമൊരുക്കാനാണ് ആഗ്രഹിക്കുന്നത്. നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങളേ ഞാൻ പറയാറുള്ളൂ. ആരോഗ്യ രംഗത്ത് ഇനിയുമേറെ മുന്നേറാനുണ്ട്, മഞ്ചേരി ഗവ. മെഡിക്കൽ കോളേജിന്റെ കാര്യത്തിലടക്കം. എം.എൽ.എ.മാരുമായി സംസാരിച്ച് ചെയ്യാൻ കഴിയുന്ന കാര്യങ്ങളുടെ റൂട്ട് മാപ്പ് തയ്യാറാക്കും. ദേശീയപാത വികസനം, വിദ്യാഭ്യാസം തുടങ്ങിയവയിലും ഇടപെടലുണ്ടാകും. കുറച്ച് പ്രൊഫഷണൽ കേളേജുകൾക്കൂടി ജില്ലയിൽ വരണം. ഡൽഹിൽ നിന്ന് ക്ലിയറൻസ് കിട്ടാത്ത കാര്യങ്ങൾക്കായും ഇടപെടും.
അനുകൂല ഘടകങ്ങൾ
ഇക്കുറി മലപ്പുറത്ത് ചരിത്ര ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. അനുകൂല ഘടകങ്ങൾ പ്രധാനമായും രണ്ടാണ്; സംസ്ഥാന സർക്കാറിനും കേന്ദ്ര സർക്കാറിനും എതിരായ ജനവികാരം. സംസ്ഥാന സർക്കാറിന്റെ പ്രകടനം ദിനേന മോശമാകുന്നു. വികസനം നിന്നു. ഉന്നതതലത്തിലടക്കം അഴിമതി വ്യാപകമായി. രാജ്യത്തിന്റെ ഭാവി നശിപ്പിക്കുന്ന, ന്യൂനപക്ഷ വേട്ട നടത്തുന്ന, പ്രതിപക്ഷ എംപിമാരെ പുറത്താക്കുന്ന കേന്ദ്ര സർക്കാർ നടപടി ജനം കാണുന്നുണ്ട്. ഇതിനെതിരായ ധാർമിക രോഷം വോട്ടായിമാറും, ഭൂരിപക്ഷം കൂടും.