അഭ്യൂഹത്തിനു വിരാമം; എസ്.രാജേന്ദ്രൻ പാർട്ടി കൺവൻഷനിൽ, സിപിഎം അംഗത്വം പുതുക്കും

മൂന്നാർ: സിപിഎമ്മുമായി ഇടഞ്ഞു പാർട്ടിവിട്ടു പോകുമെന്ന അഭ്യൂഹം നിലനിൽക്കെ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ എത്തി. മൂന്നാറിൽ നടക്കുന്ന എൽഡിഎഫിന്റെ ദേവികുളം നിയോജകമണ്ഡലം കൺവൻഷനിലേക്കാണു രാജേന്ദ്രൻ ഞായറാഴ്ച രാവിലെ 11.30നു എത്തിയത്. പാർട്ടി അംഗത്വം പുതുക്കുമെന്ന് രാജേന്ദ്രൻ പറഞ്ഞു. ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ പ്രചാരണാർഥമാണ് കൺവൻഷന്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണു രാജേന്ദ്രനെ സിപിഎമ്മിൽനിന്നു സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രൻ അംഗത്വം പുതുക്കിയിരുന്നില്ല. പ്രാദേശിക നേതാക്കൾ രാജേന്ദ്രനു വീട്ടിലെത്തി പാർട്ടി അംഗത്വ ഫോം കൈമാറിയിരുന്നു. സീനിയർ നേതാവായ തന്നെ അനുനയിപ്പിക്കാൻ ജൂനിയർ നേതാക്കളെ വിട്ടത് തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് അന്നു രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. ഇതോടെയാണ് പാർട്ടി വിടുമെന്ന അഭ്യൂഹമുയർന്നത്. സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ഇന്നലെ രാജേന്ദ്രനുമായി ചർച്ച നടത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ.ജയചന്ദ്രൻ, ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, എം.എം.മണി എംഎൽഎ എന്നിവരാണ് മൂന്നാറിലെ രഹസ്യകേന്ദ്രത്തിൽ രാജേന്ദ്രനുമായി രണ്ടുമണിക്കൂറോളം ചർച്ച നടത്തിയത്. യോഗത്തിൽ രാജേന്ദ്രനെ അനുനയിപ്പിക്കാനായെന്ന വിവരമാണ് പുറത്തുവന്നത്.