KSDLIVENEWS

Real news for everyone

ചോദ്യം ചെയ്യാൻ വിളിച്ചിട്ട് വന്നില്ല; പിടിവള്ളിയായി ചുവന്ന ബൈക്ക്: പട്ടാപ്പകൽ കൊലപാതകത്തിൽ ഞെട്ടി നാട്

SHARE THIS ON

കോഴിക്കോട്∙ പേരാമ്പ്രയിൽ യുവതിയെ കൊലപ്പെടുത്തിയ മുജീബ് റഹ്മാനെ പൊലീസ് പിടികൂടിയത് സാഹസികമായി. പൊലീസ് അന്വേഷണത്തിൽ മുജീബ് ആണ് കൊലയാളി എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാൽ ഇക്കാര്യം പുറത്തുവിട്ടില്ല. കൊണ്ടോട്ടി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം. മുജീബിനെതിരെ നിരവധി കേസുകളുള്ളതിനാൽ സ്റ്റേഷനിലേക്ക് ഇടയ്ക്കിടയ്ക്ക് വിളിപ്പിക്കാറുണ്ടായിരുന്നു. സംശയം തോന്നാതിരിക്കാൻ സാധാരണ പോലെ സ്റ്റേഷനിലേക്ക് വിളിപ്പിക്കാനായിരുന്നു നീക്കം. 

എന്നാൽ ചെല്ലാമെന്നു പറഞ്ഞ സമയം കഴിഞ്ഞിട്ടും മുജീബ് സ്റ്റേഷനിലെത്തിയില്ല. വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായി. ഇതോടെ സംശയം തോന്നിയ പൊലീസ് ഇയാളുടെ വീട്ടിലേക്ക് ചെന്നു. മുറിയിൽ അടച്ചിരുന്ന മുജീബിനെ വാതിൽ ചവിട്ടിത്തുറന്ന് പിടിക്കാൻ ശ്രമിച്ചപ്പോൾ അടുത്ത മുറിയിലേക്ക് കടന്നു. രണ്ടാമത്തെ മുറിയുടെ വാതിലും ചവിട്ടിത്തുറന്ന് കട്ടിലിനടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതിനിടെ സീനിയർ പൊലീസ് ഓഫിസർ സി.എം.സുനിൽകുമാറിനെ ജനൽ ചില്ലുകൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു. 
പിടിവള്ളിയായത് ചുവന്ന ബൈക്ക്

കേസ് അന്വേഷിക്കുന്നതിന് കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാരന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും മൂന്ന് സംഘമായി അന്വേഷണം നടത്തുകയുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജനെ സ്ഥലത്തുകൊണ്ടുവന്ന് പരിശോധിപ്പിച്ച് യുവതിയുടെ ദേഹത്തെ പരുക്കുകളിലെ അസ്വാഭാവികത കണ്ടെത്തി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് സ്ഥലത്ത് ഒരാൾ അസ്വാഭാവികമായി ചുവന്ന ബൈക്കിൽ പോകുന്നത് കണ്ടു. തുടർന്ന് സമീപ ജില്ലകളിലെ ഉൾപ്പെടെ 100 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ബൈക്ക് ഏതാണെന്ന് കണ്ടത്തി. 

മട്ടന്നൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് നൗഫലിന്റെ ബൈക്കാണെന്നും ഈ ബൈക്ക് മോഷണം പോയതാണന്നും കണ്ടെത്തി. തുടർന്ന് വാഹനം മോഷ്ടിച്ച് പിടിച്ചുപറി നടത്തുന്ന സംഘത്തെക്കുറിച്ചായി അന്വേഷണം. അടുത്തകാലത്ത് മോഷണം നടത്തിയവരെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മുജീബിനെയും സംശയിച്ചത്. േപരാമ്പ്ര ഡിവൈഎസ്പി ബിജു നേരത്തെ മലപ്പുറത്തുണ്ടായിരുന്ന സമയത്ത് മോഷണക്കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നത് അന്വേഷണത്തിന് സഹായകമായി. സംശയത്തിന്റെ പുറത്താണ് ഇയാളെ പൊലീസ് വിളിപ്പിച്ചത്. എന്നാൽ ചോദ്യം ചെയ്യാൻ എത്താതിരുന്നതോടെയാണ് പൊലീസ് ബലം പ്രയോഗിച്ച് കീഴടക്കിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു
പ്രതിഷേധവുമായി ജനം

പട്ടാപ്പകൽ യുവതിയെ മുക്കിക്കൊന്നതിന്റെ ‍ഞെട്ടൽ മാറാതെ പേരാമ്പ്രക്കാർ. പ്രതിയെ തെളിവെടുപ്പിന് ഞായറാഴ്ച വാളൂരിൽ കൊണ്ടുവരുമെന്ന അഭ്യൂഹത്തെത്തുടർന്ന് നിരവധിപ്പേരാണ് തടിച്ചുകൂടിയത്. പൊലീസ് സ്റ്റേഷന് മുന്നിലും വൻ ജനക്കൂട്ടമാണുണ്ടായിരുന്നത്. പ്രതിയെ വിട്ടുകൊടുക്കണമെന്നും ഇയാൾക്ക് ജീവിക്കാൻ അർഹതയില്ലെന്നും നാട്ടുകാർ വിളിച്ചു പറയുന്നുണ്ടായിരുന്നു. മുജീബ് അറുപതോളം കേസുകളിൽ പ്രതിയാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനുവിന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് തിങ്കളാഴ്ചയാണ് അനു പോയത്. തുടർന്ന് കാണാതാകുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് പൊലീസ് ഇന്ന് കോടതിയെ സമീപിക്കും. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!