പുണ്യ മാസത്തിലും ആക്രമണം തുടർന്ന് ഇസ്രയേൽ ; പട്ടിണിമരണത്തിലേക്ക് വടക്കൻ ഗാസ; ക്ഷാമം തടയാൻ തീവ്രയത്നമെന്ന് യുഎൻ

ജറുസലം: വെടിനിർത്തൽ ചർച്ച ഖത്തറിലെ ദോഹയിൽ ആരംഭിക്കാനിരിക്കേ, ഗാസ മുനമ്പിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ ഇസ്രയേൽ സൈന്യം വീണ്ടും കടന്നുകയറി. 30,000 പേരോളം അഭയം തേടിയിട്ടള്ള ആശുപത്രിക്കുളളിൽ കടന്ന സൈന്യം വെടിവയ്പു നടത്തി. 80 പേരെ അറസ്റ്റ് ചെയ്തു. ഹമാസ് വീണ്ടും ആശുപത്രി താവളമാക്കിയെന്നാരോപിച്ചായിരുന്നു റെയ്ഡ്. ആരോപണം ഹമാസ് നിഷേധിച്ചു.
കഴിഞ്ഞ നവംബറിൽ ഇസ്രയേൽ സൈന്യം അൽ ഷിഫ ആശുപത്രി പിടിച്ചെടുത്തെങ്കിലും അവിടെ ഹമാസ് കമാൻഡ് സെന്റർ ഉണ്ടായിരുന്നുവെന്നതിനു തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. ഒക്ടോബറിനു ശേഷം നാലാം തവണയാണ് അൽ ഷിഫയിൽ സൈന്യം കയറുന്നത്.
വടക്കൻ ഗാസയിൽ ഈ മാസത്തിനും മേയ്ക്കുമിടയിൽ എപ്പോൾ വേണമെങ്കിലും പട്ടിണിമരണങ്ങൾ സംഭവിക്കാമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പു നൽകി. ജനസംഖ്യയുടെ പകുതിയോളം (11 ലക്ഷത്തിലേറെ) ഭക്ഷണമില്ലാതെ നരകിക്കുന്ന ഗാസയിൽ വടക്കൻ മേഖലയിലാണ് ക്ഷാമം പിടിമുറുക്കിയിട്ടുള്ളത്. പുറംലോകവുമായി ബന്ധമറ്റ അവിടെ 3 ലക്ഷത്തിലേറെ ജനങ്ങളിൽ 2.10 ലക്ഷം പേരും പട്ടിണിമരണത്തിലേക്കു നീങ്ങുകയാണെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐപിസി) റിപ്പോർട്ട് വ്യക്തമാക്കി.
യുഎൻ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മയായ ഐപിസിയാണു ലോകത്തെവിടെയും ക്ഷാമാവസ്ഥ വിലയിരുത്തി റിപ്പോർട്ട് നൽകുന്നത്. ഗാസയിൽ പട്ടിണി പടരുന്നതു സംബന്ധിച്ച് ഡിസംബറിൽ ഐപിസി മുന്നറിയിപ്പു നൽകിയിരുന്നു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 31,726 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ 81 പേർ കൊല്ലപ്പെട്ടു.
ഗാസയിലേതു മനുഷ്യൻ വരുത്തിവച്ച ക്ഷാമമാണെന്നും അതു പടരുന്നതു തടയാനുള്ള തീവ്രയത്നത്തിലാണെന്നും യുഎന്നിന്റെ പലസ്തീൻ അഭയാർഥികൾക്കുള്ള ഏജൻസി (യുഎൻആർഡബ്ല്യൂഎ) മേധാവി ഫിലീപ് ലാസ്സറീനി കയ്റോയിൽ പറഞ്ഞു. അതിനിടെ, റഫ സന്ദർശിക്കാനുള്ള ലാസ്സറീനിയുടെ അപേക്ഷ ഇസ്രയേൽ നിരസിച്ചു. ഭക്ഷണമെത്തിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നത് ഇസ്രയേൽ തുടരുകയാണെന്ന് യൂറോപ്യൻ യൂണിയൻ പ്രതിനിധി ജോസഫ് ബോറൽ പറഞ്ഞു.

