മദ്യനയക്കേസ്; പണമെത്തിയത് BJPയിലേക്ക്, റെഡ്ഡി നൽകിയത് 59 കോടി; നഡ്ഡയെ അറസ്റ്റ് ചെയ്യണമെന്ന് AAP

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തങ്ങളുടെ നേതാക്കൾ പണമിടപാട് നടത്തിയെന്ന് സ്ഥാപിക്കുന്നതിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരാജയപ്പെട്ടുവെന്ന് ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി മുതിർന്ന നേതാവുമായ അതിഷി മര്‍ലേന. ഒന്നിലധികം അറസ്റ്റും രണ്ട് വർഷത്തെ അന്വേഷണവും നടന്നെങ്കിലും ഇക്കാര്യം കണ്ടെത്താൻ അധികൃതർക്ക് സാധിച്ചില്ലെന്നും അതിഷി കുറ്റപ്പെടുത്തി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ശരദ് റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. താൻ ഒരിക്കലും കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നായിരുന്നു റെഡ്ഡിയുടെ ആദ്യ മൊഴി. എന്നാൽ തൊട്ടുപിന്നാലെ ഇ.ഡി. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. മാസങ്ങളോളം ജയിലിൽ കിടന്നതോടെ റെഡ്ഡി തന്റെ മൊഴി മാറ്റി. നയവുമായി ബന്ധപ്പെട്ട് താൻ കെജ്രിവാളിനെ കണ്ടിരുന്നുവെന്ന് പറഞ്ഞ് തൊട്ടടുത്ത ദിവസം അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.
മദ്യനയഅഴിമതിയെന്ന് പറയപ്പെടുന്ന കേസിൽ അന്വേഷണം പുരോഗമിക്കകയാണ്. മദ്യക്കമ്പനികൾ വൻ ലാഭമുണ്ടാക്കിയതായാണ് പറയുന്നത്. എന്നാൽ, ഈ പണം എവിടെ പോയെന്നോ ആരുടെ അക്കൗണ്ടിലേക്കെത്തിയെന്നോ എന്നതാണ് പ്രക്തമായ ചോദ്യം. നൂറുകണക്കിന് റെയ്ഡുകളും അറസ്റ്റും നടത്തിയിട്ടും ഒരു നേതാവിൽ നിന്നുപോലും പണം കണ്ടെത്താൻ സാധിച്ചിട്ടില്ല. എവിടെയാണ് പണമിടപാട് ഉണ്ടായിരിക്കുന്നതെന്ന് സുപ്രീം കോടതിയും ചോദിച്ചിരുന്നുവെന്നും അതിഷി ചൂണ്ടിക്കാട്ടി.
അതേസമയം, അരബിന്ദോ ഫാർമ ഡയറക്ടറായ റെഡ്ഡിയും ബി.ജെ.പിയും തമ്മിലുള്ള ബന്ധം രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി കോടികളാണ് റെഡ്ഡിയുടെ കമ്പനികൾ ബി.ജെ.പിക്ക് നൽകിയത്. ആദ്യം 4.5 കോടി രൂപയും പിന്നാലെ അറസ്റ്റിന് ശേഷം 55 കോടി രൂപയും ബോണ്ടുകൾ വഴി റെഡ്ഡി ബി.ജെ.പിക്ക് കൈമാറിയിട്ടുണ്ട്. മുഴുവൻ പണവും പോയിരിക്കുന്നത് ബി.ജെ.പിയുടെ അക്കൗണ്ടിലേക്കാണ്. അഴിമതി പണം ലഭിച്ചിരിക്കുന്നത് ബി.ജെ.പിക്കാണെന്നിരിക്കെ പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡയെ ഇ.ഡി. അറസ്റ്റ് ചെയ്യണമെന്നും അതിഷി ആവശ്യപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കെ പ്രതിപക്ഷത്തെ പ്രമുഖനേതാവായ കെജ്രിവാളിനെ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വീട്ടിൽനിന്ന് അറസ്റ്റുചെയ്തത്. തുടർന്ന്, വെള്ളിയാഴ്ച ഡൽഹി റോസ് അവന്യൂ കോടതി അദ്ദേഹത്തെ മാര്‍ച്ച് 28 വരെ ഏഴ് ദിവസത്തെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു.

