KSDLIVENEWS

Real news for everyone

സാം കറന്റെ അര്‍ധ സെഞ്ചുറി തുണച്ചു; ഐ.പി.എലില്‍ ഡല്‍ഹിയെ തകര്‍ത്ത് പഞ്ചാബ്

SHARE THIS ON

ചണ്ഡിഗഢ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് നാലുവിക്കറ്റ് ജയം. ഡല്‍ഹി ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ പഞ്ചാബ് മറികടന്നു. സ്‌കോര്‍: ഡല്‍ഹി-174-9. പഞ്ചാബ്-177-6 (19.2 ഓവര്‍). ഐ.പി.എലില്‍ ഈ സീസണിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ സാം കറന്‍ (47 പന്തില്‍ 63) ആണ് പഞ്ചാബിന് ജയമൊരുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്.

16 പന്തില്‍ 22 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ആണ് പഞ്ചാബ് നിരയില്‍ ആദ്യം പുറത്തായത്. ഇഷാന്ത് ശര്‍മയ്ക്കാണ് വിക്കറ്റ്. പിന്നാലെ ജോണി ബെയര്‍ സ്‌റ്റോ റണ്ണൗട്ടായി മടങ്ങി. ഇംപാക്ട് താരമായെത്തിയ പ്രഭ്‌സിമ്രാന്‍ സിങ് 17 പന്തില്‍ 26 റണ്‍സെടുത്ത് കുല്‍ദീപ് യാദവിന്റെ പന്തില്‍ വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ജിതേഷ് ശര്‍മ (9), ശശാങ്ക് സിങ് (പൂജ്യം) എന്നിവരും പുറത്തായി.

ഐ.പി.എലില്‍ ഈ സീസണിലെ ആദ്യ അര്‍ധ സെഞ്ചുറി നേടിയ സാം കറന്‍ (47 പന്തില്‍ 63) ആണ് പഞ്ചാബിന് ജയമൊരുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്. ലാം ലിവിങ്സ്റ്റണ്‍ (19 പന്തില്‍ പുറത്താവാതെ 32) നേരിട്ട അവസാന പന്ത് സിക്‌സിനു പറത്തിയാണ് വിജയം സാധ്യമാക്കിയത്. ഡല്‍ഹിക്കുവേണ്ടി ഖലീല്‍ അഹ്‌മദ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ഇഷാന്ത് ശര്‍മ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.


നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ വെറും പത്ത് പന്തുകളില്‍ 32 റണ്‍സെടുത്ത അഭിഷേക് പൊരേലിന്റെ വെടിക്കെട്ടാണ് ഡല്‍ഹി സ്‌കോര്‍ ഉയര്‍ത്തിയത്. ഷായ് ഹോപ്പ് 33 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും വേഗമേറിയ തുടക്കമാണ് നല്‍കിയത്. നാലാം ഓവറിലെ രണ്ടാം പന്തില്‍ മിച്ചല്‍ മാര്‍ഷാണ് ആദ്യം പുറത്തായത്. 12 പന്തുകള്‍ നേരിട്ട് 20 റണ്‍സ് നേടിയ താരത്തെ, അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ കിടിലന്‍ ക്യാച്ചോടെ രാഹുല്‍ ചാഹറാണ് പുറത്താക്കിയത്. രണ്ടുവീതം ഫോറും സിക്‌സും അടങ്ങിയ ഇന്നിങ്‌സാണ് മാര്‍ഷിന്റേത്.

പിന്നാലെ ഡേവിഡ് വാര്‍ണറിനെ (21 പന്തില്‍ 29 റണ്‍സ്) ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈകളിലെത്തിച്ച് പറഞ്ഞയച്ചു. രണ്ട് സിക്‌സും മൂന്ന് ഫോറുമാണ് വാര്‍ണര്‍ നേടിയത്. വണ്‍ ഡൗണായി ഇറങ്ങിയ ഷായ് ഹോപ്പിനെ (25 പന്തില്‍ 33) കഗിസോ റബാദയും മടക്കി. 14 മാസത്തെ ഇടവേള കഴിഞ്ഞ് ക്രീസിലെത്തിയ ഋഷഭ് പന്തിന് വേണ്ടത്ര വിധത്തില്‍ ശോഭിക്കാനായില്ല. 13 പന്തില്‍ 18 റണ്‍സ് നേടി ഹര്‍ഷല്‍ പട്ടേലിന് വിക്കറ്റ് നല്‍കി മടങ്ങി. ബെയര്‍സ്‌റ്റോയുടെ ക്യാച്ചിലാണ് പുറത്തായത്.

14-ാം ഓവറില്‍ റിക്കി ഭുയിയെ ഹര്‍പ്രീത് ബ്രാര്‍ കീപ്പറുടെ കൈകളിലെത്തിച്ച് തിരിച്ചയച്ചു. തുടര്‍ന്ന് ട്രിസ്റ്റന്‍ സ്റ്റബ്‌സും (5) അക്‌സര്‍ പട്ടേലും (21-റണ്ണൗട്ട്) സുമിത് കുമാറും (2) മടങ്ങി. പഞ്ചാബ് നിരയില്‍ ഹര്‍ഷല്‍ പട്ടേലിനും അര്‍ഷ്ദീപ് സിങ്ങിനും രണ്ടുവീതം വിക്കറ്റുകള്‍. റബാദ, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്ക് ഓരോന്നുവീതം വിക്കറ്റുകള്‍. ചണ്ഡിഗഢിലെ മഹാരാജ് യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

ടീം സ്‌ക്വാഡ്‌

പഞ്ചാബ് കിങ്‌സ് ഇലവന്‍- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, സാം കറന്‍, ലാം ലിവിങ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിങ്, ശശാങ്ക് സിങ്.

ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഷായ് ഹോപ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിക്കി ഭുയി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹ്‌മദ്, ഇഷാന്ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!