KSDLIVENEWS

Real news for everyone

മാവുങ്കാലിലെ സ്വകാര്യ ആശുപത്രിക്കെതിരായ പരാതിയിൽ അന്തിമറിപ്പോർട്ട് സമർപ്പിക്കണം: മനുഷ്യാവകാശ കമ്മിഷൻ

SHARE THIS ON

കാസർകോട്: മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയിലെ മലിനജല സംഭരണിയിലെ ചോർച്ച കാരണം കിണർവെള്ളം മലിനമായെന്ന പരാതിയിൽ കാഞ്ഞങ്ങാട് സബ് കളക്ടർ സ്വീകരിച്ച നടപടികളെക്കുറിച്ച് 60 ദിവസത്തിനകം അന്തിമറിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കമ്മിഷൻ ആക്ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥാണ് ഉത്തരവ് നൽകിയത്. ആനന്ദാശ്രമം സ്വദേശിനി ആർ.ജയശ്രീയാണ് പരാതിക്കാരി. മാലിന്യസംഭരണി പുനർനിർമിക്കുന്നതുവരെ പരാതിക്കാരിക്ക് എതിർകക്ഷിയായ ആസ്പത്രി അധികൃതർ കുടിവെള്ളം വിതരണം ചെയ്യണമെന്ന് നിർദേശം നൽകിയതായി സബ് കളക്ടർ കമ്മിഷനെ അറിയിച്ചു. മാലിന്യസംഭരണിയിലെ മാലിന്യം മാറ്റണമെന്നും സംഭരണി രണ്ടുമാസത്തിനകം പുനർനിർമിക്കണമെന്നും സബ് കളക്ടർ നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ അന്തിമറിപ്പോർട്ടാണ് കമ്മിഷൻ ആവശ്യപ്പെട്ടത്. ഡി.എം.ഒ.യുടെ നേതൃത്വത്തിൽ ആർ.ഡി.ഒ. രൂപവത്കരിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരി കമ്മിഷനെ അറിയിച്ചു. മാലിന്യസംഭരണിയിൽ ചോർച്ച കണ്ടെത്തുകയും സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. പിന്നീട് ജില്ലാ മെഡിക്കൽ ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡ്, പൊതുമരാമത്ത്, ഗ്രാമപ്പഞ്ചായത്ത് അധികൃതരെ ഉൾപ്പെടുത്തി ഒരു സാങ്കേതികസമിതി രൂപവത്കരിച്ചു. അധികൃതരുടെ നിർദേശാനുസരണം ആസ്പത്രി അധികൃതർ പ്രദേശത്ത് കുടിവെള്ള വിതരണം ആരംഭിച്ചെങ്കിലും മുന്നറിയിപ്പില്ലാതെ നിർത്തിവെച്ചു. മാലിന്യ സംഭരണി പുനർനിർമിക്കുംവരെ കുടിവെള്ളവിതരണം തുടരണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. കുടിവെള്ളം നിഷേധിക്കുന്ന തരത്തിലുള്ള മനുഷ്യാവകാശലംഘനമാണ് പ്രദേശത്ത് നടക്കുന്നതെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!