റമദാനിലെ 27ാം രാവ്: അല്‍ അഖ്സ പള്ളിയിലെത്തിയത് രണ്ട് ലക്ഷം പേര്

ജെറുസലേം: ഇസ്രായേലിന്റെ കടുത്ത ഉപരോധങ്ങള്‍ക്കിടയിലും അല്‍ അഖ്സ മസ്ജിദിലേക്ക് ഒഴുകിയെത്തി വിശ്വാസികള്‍. റമദാനിലെ 27ാം രാവില്‍ രാത്രി നമസ്കാരത്തിനായി രണ്ട് ലക്ഷത്തിലധികം വിശ്വാസികളാണ് പള്ളിയിലെത്തിയത്.
ഒക്ടോബർ ഏഴിന് ശേഷം അല്‍ അഖ്സയില്‍ ഇത്രയുമധികം വിശ്വാസികളെത്തുന്നത് ആദ്യമായാണ്. കൂടാതെ റമദാനിലെ അവസാനത്തെ ജുമുഅക്ക് 1.2 ലക്ഷം പേർ എത്തിയതായാണ് കണക്ക്.
പ്രാർഥനാ നിർഭരമായിരുന്നു അല്‍ അഖ്സയിലെ 27ാം രാവ്. നമസ്കാരത്തിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ചൈതന്യവും രക്തവും കൊണ്ട് ഞങ്ങള്‍ അല്‍ അഖ്സയെ വീണ്ടെുക്കുമെന്ന് വിശ്വാസികള്‍ ഉച്ചത്തില്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. കൂടാതെ ഹമാസിന് കീഴിലുള്ള അല്‍ ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബൂ ഉബൈദയെയും ഇവർ പുകഴ്ത്തുന്നുണ്ട്.
അതേസമയം, ഇസ്രായേല്‍ സൈന്യം വിശ്വാസികള്‍ക്ക് നേരെ ഡ്രോണ്‍ വഴി കണ്ണീർ വാതകം പ്രയോഗിച്ചു. നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജെറൂസലേമില്‍ ഇസ്രായേല്‍ പൊലീസ് കൂടുതല്‍ പേരെ വിന്യസിച്ചിട്ടുണ്ട്. പഴയ നഗരത്തിലും അല്‍ അഖ്സ മസ്ജദിലുമായി 3600 പൊലീസുകാരാണുള്ളത്.
വിശ്വാസികള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ അതിക്രമത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോഓപറേഷൻ ശക്തമായി അപലപിച്ചു. വിഷലിപ്തമായ ഗ്യാസ് ബോംബും ടിയർ ഗ്യാസുമാണ് വിശ്വാസികള്‍ക്ക് നേരെ ഇസ്രായേല്‍ പൊലീസ് ഉപയോഗിച്ചത്. ഇത് കാരണം നിരവധി പേർക്കാണ് പരിക്കേറ്റത്. കൂടാതെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും മാനുഷിക മൂല്യങ്ങളുടെയും ലംഘനമാണിതെന്നും ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടി

ആരാധനാ സ്വാതന്ത്ര്യത്തിനും അധിനിവേശ ജറുസലേമിലെ വിശുദ്ധ സ്ഥലങ്ങളുടെ പവിത്രതയ്ക്കും മേലുള്ള എല്ലാ ലംഘനങ്ങളും നിർത്താൻ ഇസ്രയേലിനെ പ്രേരിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. അനുഗ്രഹീതമായ അല്‍-അഖ്സ പള്ളിയുടെ ചരിത്രപരവും നിയമപരവുമായ പദവി സംരക്ഷിക്കേണ്ടതുണ്ട്. ഫലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാനും ഗസ്സയിലെ എല്ലാ ഭാഗങ്ങളിലും മാനുഷിക സഹായം ലഭ്യമാക്കാൻ യു.എൻ പ്രമേയങ്ങളും പൂർണ്ണമായും നടപ്പാക്കണമെന്നും ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടി.
ഗസ്സക്കെതിരായ ഇസ്രായേലിന്റെ ആസൂത്രിത വംശഹത്യ 184 ദിവസമായിട്ട് തുടരുകയാണ്. ഇതുവരെ 33,091 പേരാണ് ഗസ്സയിലെ കൊല്ലപ്പെട്ടത്. കൂടാതെ 75,750 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റമദാനിലും കടുത്ത ദുരിതത്തിലൂടെയാണ് ഫലസ്തീൻ ജനത കടന്നുപോകുന്നത്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ജനം ദുരിതക്കയത്തിലാണ്. മാനുഷിക സഹായം എത്തിക്കുന്നവർക്ക് നേരെയും ഇസ്രായേല്‍ ആക്രമണം അഴിച്ചുവിടുന്നുണ്ട്.

