KSDLIVENEWS

Real news for everyone

പ്രയാസമനുഭവിക്കുന്നവര്‍ക്ക് സന്തോഷം പകരുക: ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് കാന്തപുരം

SHARE THIS ON

കോഴിക്കോട്: വിശ്വാസികള്‍ക്ക് സന്തോഷത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും വേളയാണ് ചെറിയ പെരുന്നാള്‍. വ്രതമനുഷ്ഠിച്ചും സത്കര്‍മങ്ങള്‍ ചെയ്തും ലളിത ജീവിതം നയിച്ചുമാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. ചുറ്റുമുള്ളവര്‍ക്ക് ഉപകാരം ചെയ്തും ധാര്‍മിക പരിധി ലംഘിക്കാതെയുമാവണം പെരുന്നാള്‍ ആഘോഷിക്കേണ്ടത്. കുടുംബങ്ങള്‍ക്കും അയല്‍വാസികള്‍ക്കും ഒപ്പം ഒത്തുചേര്‍ന്ന് പരസ്പരം സന്തോഷങ്ങള്‍ പങ്കുവെച്ച്, പ്രയാസമനുഭവിക്കുന്നവര്‍ക്ക് സന്തോഷത്തിന്റെ കൈനീട്ടങ്ങള്‍ കൈമാറി പരസ്പര ഐക്യത്തിന്റെയും സന്ദേശം പകരാനുള്ളതാവണം നമ്മുടെ ഈദുല്‍ ഫിത്വര്‍. ആശംസകള്‍ കൈമാറുന്നതോടൊപ്പം നമ്മുടെ സഹജീവികളും നമ്മെപ്പോലെ സന്തോഷിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. വിശുദ്ധ റമസാനില്‍ ശീലിച്ച ജീവിത ശുദ്ധിയും ലാളിത്യവും ദൈവിക സ്മരണയും ജീവിതത്തിലാകെ തുടരുമെന്ന ഉറച്ച തീരുമാനമാവണം പെരുന്നാളിന്റെ സന്തോഷങ്ങളില്‍ പ്രധാനം. മറ്റുള്ളവര്‍ക്ക് ഉപദ്രവമാവുന്ന പ്രവൃത്തികള്‍ നമ്മില്‍ നിന്ന് ഉണ്ടാവില്ലെന്നും അരുതായ്മകള്‍ക്കും തെറ്റുകള്‍ക്കും നിയമലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കില്ലെന്നും നാം ഈ ദിവസം പ്രതിജ്ഞയെടുക്കുകയും ജീവിതത്തില്‍ പാലിക്കുകയും വേണം. പുതു വസ്ത്രങ്ങള്‍ ധരിച്ച് വിശിഷ്ട വിഭവങ്ങള്‍ കഴിച്ച് ആരോഗ്യത്തോടെ കഴിയുന്ന വേളയില്‍ ഈ അനുഗ്രഹങ്ങള്‍ സമ്മാനിച്ച നാഥന് നന്ദിയര്‍പ്പിക്കാനും വിനയാന്വിതരാവാനും നാം ജാഗ്രത പുലര്‍ത്തണം. ലോകത്തുള്ള എല്ലാ വിശ്വാസി സമൂഹങ്ങള്‍ക്കും വിദേശ രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്കും ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും എന്റെയും മര്‍കസിന്റെയും ഹൃദയം നിറഞ്ഞ ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!