KSDLIVENEWS

Real news for everyone

സാധനങ്ങൾ വില കുറച്ചു നൽകുന്നു’: ട്വന്റി20യുടെ കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടപ്പിച്ചു

SHARE THIS ON

കൊച്ചി: തിരഞ്ഞെടുപ്പ് സമയത്ത് ഭക്ഷ്യസാധനങ്ങൾ വില കുറച്ചു നൽകുന്നു എന്നു ചൂണ്ടിക്കാട്ടി ട്വന്റി20യുടെ കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് അടച്ചു. ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ അഡീ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭക്ഷ്യസുരക്ഷാ മാർക്കറ്റ് പ്രവർത്തിപ്പിക്കാമെങ്കിലും സബ്സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നതു ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതു വരെ നിർത്തിവയ്ക്കാനായിരുന്നു കമ്മിഷന്റെ നിർദേശം.

കുന്നത്തുനാട്ടിലെ ജനങ്ങൾക്കു പിണറായി വിജയൻ സർക്കാരിന്റെ വിഷുക്കൈനീട്ടമാണു മാർക്കറ്റ് പൂട്ടിച്ചതിലൂടെ നടന്നിരിക്കുന്നതെന്നു ട്വന്റി20 പാർട്ടി ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ് പ്രതികരിച്ചു. സിപിഎം പ്രവർത്തകർ പരാതി നൽകിയതിനെ തുടർന്നാണ് 50 ശതമാനം വിലക്കുറവിൽ ഭക്ഷ്യസാധനങ്ങൾ ലഭിക്കുന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റിന്റെ പ്രവർത്തനം നിലച്ചതെന്നും അദ്ദേഹം ആരോപിച്ചു. 


‘‘ട്വന്റി20 ഭക്ഷ്യസുരക്ഷ മാർക്കറ്റ് 2014ലാണു പ്രവർത്തനമാരംഭിച്ചത്. പിന്നീട് 2015ലും 2016ലും 2019ലും 2020ലും 2021ലും തിരഞ്ഞെടുപ്പുകൾ നടന്നിരുന്നു. ഈ അഞ്ച് തിരഞ്ഞെടുപ്പുകളിലും ഇല്ലാതിരുന്ന നിയമങ്ങൾ പറഞ്ഞാണ് ഇപ്പോൾ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് പൂട്ടിച്ചിരിക്കുന്നത്. സിപിഎം പ്രവർത്തകർ ഭക്ഷ്യസുരക്ഷാ മാർക്കറ്റിനെതിരെ നൽകിയ പരാതി മനുഷ്യത്വരഹിതവും മാപ്പർഹിക്കാത്ത ക്രൂരതയുമാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്നും ഏപ്രിൽ 2ന് ലഭിച്ച മാർഗനിർദേശം 10 ദിവസങ്ങൾക്കുശേഷം ഏപ്രിൽ 12ന് മാത്രമാണ് ഉത്തരവായി നൽകിയത്. 12 മുതൽ കോടതി അവധിയാണെന്നു മനസ്സിലാക്കി മുൻകൂട്ടി ആസൂത്രണം ചെയ്തു ബോധപൂർവം ഉത്തരവ് വൈകിപ്പിച്ചതാണ്’’– സാബു എം.ജേക്കബ് ആരോപിച്ചു.

നേരത്തേ, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം ആരംഭിച്ച സബ്സിഡി നിരക്കിൽ മരുന്നുകൾ നൽകുന്ന ട്വന്റി20 മെഡിക്കൽ സ്റ്റോർ തിരഞ്ഞെടുപ്പ് കമ്മിഷൻ അടപ്പിച്ചിരുന്നു. സിപിഎം പ്രവർത്തകർ പരാതി നൽകി പൂട്ടിച്ചതാണെന്ന് ട്വന്റി20 ആരോപിച്ചു. പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് ട്വന്റി20 അനുകൂല ഉത്തരവ് നേടി. എന്നാൽ‍ ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നു കോടതി നിർദേശിച്ചിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!