ട്രെയിനില്‍ വീണ്ടും മോഷണം; എസി കോച്ചില്‍ നിന്ന് മംഗലാപുരം സ്വദേശിയുടെ 3.91 ലക്ഷം രൂപയുടെ സ്വര്‍ണാഭരണം മോഷണം പോയി, പരാതിയുമായി 74കാരി

മംഗളൂരു: ട്രെയിനില്‍ വീണ്ടും ഞെട്ടിക്കുന്ന മോഷണം. ഏപ്രില്‍ ഏഴിന് മംഗളൂരു-ബെംഗളൂരു ട്രെയിനിലെ എസി കോച്ചില്‍ 3.91 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. ജെപ്പു നിവാസിയായ 74 വയസ്സുള്ള വയോധികയാണ് പരാതിക്കാരി. മകള്‍ക്കും രണ്ട് പേരക്കുട്ടികള്‍ക്കും ഒപ്പം ഏപ്രില്‍ 7 ന് ബംഗളൂരു-മംഗലാപുരം ട്രെയിനില്‍ യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ അവരുടെ വീട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോള്‍ 3.91 ലക്ഷം രൂപ വിലമതിക്കുന്ന 59.885 ഗ്രാം ഭാരമുള്ള രണ്ട് വളകളും ചെയിനും മറ്റ് സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തി. രാവിലെ 11.30 ഓടെ ട്രെയിനില്‍ മറ്റുള്ളവർ ഉറങ്ങിയെങ്കിലും വൃദ്ധ ഉണർന്നിരുന്നു. ട്രെയിൻ മൈസൂരില്‍ നിന്ന് പുറപ്പെട്ടതിന് ശേഷം, അവളുടെ അടുത്തിരുന്ന ഒരാള്‍ ഉറങ്ങാതെ ബാഗേജുകള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നതായി വയോധിക പറയുന്നു. തുടർന്ന് താൻ സുബ്രഹ്മണ്യയില്‍ ഇറങ്ങുമെന്ന് പറഞ്ഞു. പിന്നീട് വയോധിക ഉറങ്ങാൻ പോയി. സംഭവത്തില്‍ റെയില്‍വേ പോലീസില്‍ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിലെ എസി കോച്ചുകളില്‍ മോഷണം നടന്നിരുന്നു. യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കളും ഫോണുകളുമടക്കം മോഷ്ടാക്കള്‍ കവർന്നു.