KSDLIVENEWS

Real news for everyone

തന്നെ തേജോവധം ചെയ്യുന്നതായി കെ.കെ.ശൈലജ; വ്യാജ വിഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കുന്നതായി പരാതി

SHARE THIS ON

വടകര: യുഡിഎഫ് സ്ഥാനാർഥിയും അവരുടെ മീഡിയ വിങ്ങും തന്നെ തേജോവധം ചെയ്യുന്നതായി എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ. വ്യാജ വിഡിയോ ക്ലിപ്പുകൾ ഉണ്ടാക്കി വ്യക്തിഹത്യ ചെയ്യുകയാണ് അവർ. ഒരു ധാർമിക ചിന്തയും ഇല്ലാതെ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ ആരും വിശ്വസിക്കരുതെന്നും ഇലക്‌ഷൻ കമ്മിഷനും വരണാധികാരിക്കും പരാതി നൽകുമെന്നും കെ.കെ.ശൈലജ പറഞ്ഞു.

‘‘എന്റെ വടകര കെഎൽ 18 എന്ന പേജിൽ തന്റെ ചിത്രം മോർഫ് ചെയ്ത അശ്ലീല ചിത്രം ആദ്യം പ്രചരിപ്പിച്ചു. കോവിഡ്–പ്രളയ കാലത്ത് ആരോഗ്യ മന്ത്രി എന്ന നിലയിൽ ചെയ്ത സേവനങ്ങൾക്കു ലഭിച്ച പിന്തുണ ഇല്ലാതാക്കാനാണു വ്യാജ സന്ദേശങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നത്. പാനൂരിലെ ബോംബ് സ്ഫോടന കേസിലെ പ്രതിയുമായി നിൽക്കുന്ന ചിത്രം വ്യാജമായി നിർമിച്ചതാണ്. നൗഫൽ കൊട്ടിയത്തോടൊപ്പമുള്ള ചിത്രത്തിൽ പ്രതിയുടെ ഫോട്ടോ വ്യാജമായി ചേർക്കുകയായിരുന്നു. ഒരു സെമിനാറിലെ പ്രസംഗത്തിലെ ചോദ്യചിഹ്നം ഒഴിവാക്കി മുഹമ്മദ് നബിക്ക് എതിരെ പ്രസംഗിച്ചതായി പ്രചരിപ്പിച്ചു.

ഒടുവിൽ കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ ലെറ്റർ പാഡ് വ്യാജമായി നിർമിച്ച് ഇത് ടീച്ചറമ്മ അല്ല ബോംബ് അമ്മ എന്ന് വിളിക്കണം ഇവരെ എന്ന കുറിപ്പാണ് ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. കാന്തപുരവുമായി ബന്ധപ്പെട്ടവർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തിന് മുന്നിൽ മോശമാക്കുകയാണ് ഇവരുടെ ലക്ഷ്യം’’ – പത്രസമ്മേളനത്തിനിടെ ശൈലജ വികാരാധീനയായി, കണ്ഠം ഇടറി.  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!