അനധികൃത മീൻപിടിത്തം; സംസ്ഥാനത്ത് കൂടുതല്‍ പിഴ ചുമത്തിയത് കാസര്‍കോട്ട്

തൃക്കരിപ്പൂർ: ചട്ടങ്ങള്‍ ലംഘിക്കുന്ന മീൻപിടിത്ത ബോട്ടുകളില്‍നിന്ന് പിഴ ഈടാക്കുന്നതില്‍ കാസർകോട് ഫിഷറീസ് വകുപ്പ് സംസ്ഥാനത്ത് ഒന്നാമത്. 2023-’24 സാമ്ബത്തിക വർഷം അനധികൃത മീൻപിടിത്തത്തിന് പിഴയിനത്തില്‍ കാസർകോട് ഫിഷറീസ് വകുപ്പ് 68 ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. കടലിലെ രാത്രി പട്രോളിങ് ശക്തമാക്കിയതാണ് പിഴ വർധിക്കാനുള്ള പ്രധാന കാരണം. ആദ്യമായാണ് കാസർകോട് ഫിഷറീസ് വകുപ്പ് ഈ നേട്ടം സ്വന്തമാക്കുന്നത്. 40 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കിയ എറണാകുളം രണ്ടാം സ്ഥാനത്തും 36 ലക്ഷം രൂപ ഈടാക്കിയ തൃശ്ശൂർ മൂന്നാം സ്ഥാനത്തുമാണ്. രാത്രികാല ട്രോളിങ്, ലൈറ്റ് ഫിഷിങ്, പേഴ്സ് സീൻ വലകളുടെ ഉപയോഗം, ലൈസൻസോ പെർമിറ്റോ ഇല്ലാത്ത മീൻപിടിത്തം, ഷോർ ട്രോളിങ്, ചെറുമീനുകളെ പിടിക്കല്‍, പെയർ ട്രോളിങ് (രണ്ട് ബോട്ടുകള്‍ ഘടിപ്പിച്ചുള്ള മീൻപിടിത്തം) എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് പിഴ ചുമത്തുന്നത്. 5000 മുതല്‍ 2.5 ലക്ഷം രൂപ വരെയാണ് പിഴ. 280-ന് മുകളില്‍ എച്ച്.പി. എൻജിൻ വരുന്ന വലിയ ബോട്ടുകള്‍ക്കാണ് 2.5 ലക്ഷം രൂപ പിഴ ചുമത്തുന്നത്. രാത്രി ട്രോളിങ്ങിനാണ് കൂടുതല്‍ പിഴ ചുമത്തിയിട്ടുള്ളത്. കാസർകോട് ഫിഷറീസ് വകുപ്പ്, കോസ്റ്റല്‍ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ് വകുപ്പ് എന്നിവ സംയുക്തമായാണ് രാത്രി പട്രോളിങ് നടത്തുന്നത്. നിയമലംഘനത്തില്‍ കൂടുതലും കർണാടക ബോട്ടുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

