KSDLIVENEWS

Real news for everyone

നാളെ പൊതു അവധി; വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാൻ പാടില്ലെന്ന് കര്‍ശന നിര്‍‌ദേശം

SHARE THIS ON

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സർക്കാർ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി.

വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്ബളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാൻ പാടില്ലെന്ന കർശന നിർദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച്‌ സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്ബളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെയാണ് വിധിയെഴുതുക. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്.

അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. വോട്ടർമാർക്ക് ആലോചിച്ച്‌ തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന്. അടിയൊഴുക്കുകള്‍ക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികള്‍ നടത്തുക. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടി വോട്ടർമാരാണുള്ളത്. തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. നാളെ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!