KSDLIVENEWS

Real news for everyone

അച്ഛനും അമ്മയും ചേട്ടനൊക്കെ വീട്ടിൽ, അസുഖമല്ലല്ലോ മുരളിക്കായി പ്രാർഥിക്കാൻ, എന്റെ രക്തമാണ് കെ മുരളീധരൻ; എന്നാലും സുരേഷേട്ടൻ ജയിക്കും’

SHARE THIS ON

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കുമെന്ന് അടുത്തിടെ ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് വോട്ടെന്നും പത്മജ വ്യക്തമാക്കി. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ മാത്രം. തന്റെ പ്രസ്ഥാനം വേറെയാണ്. സഹോദരനു വേണ്ടി പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ എന്നും, ചോദ്യത്തിനു മറുപടിയായി പത്മജ പറഞ്ഞു. താൻ സഹോദരിയല്ലെന്നും തന്നെ വേണ്ടെന്നു പറഞ്ഞതും മുരളീധരനാണെന്നും, അപ്പോൾപ്പിന്നെ പ്രാർഥിക്കേണ്ട കാര്യമില്ലെന്നും പത്മജ ചൂണ്ടിക്കാട്ടി.

തൃശൂരും തിരുവനന്തപുരവും ബിജെപിക്ക്, ബാക്കി 18 എൽഡിഎഫിന്; ഇതാണ് അന്തർധാര: കെ.മുരളീധരൻ
‘‘ഞാൻ ഏതു പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നോ, അവർക്കു വോട്ടു ചെയ്യും. അതിന് ഞാൻ ഒരു ഉദാഹരണം പറയാം. എന്റെ പിതാവ് ഡിഐസിയിൽ പോയപ്പോൾ, ഏതു പാർട്ടിക്ക് വോട്ടു ചെയ്യണമെന്ന് അദ്ദേഹം എന്നോടു പറഞ്ഞില്ല. കാരണം, ഞാൻ അന്ന് കോൺഗ്രസിലാണ്. അക്കാര്യത്തിൽ അദ്ദേഹം വലിയ മര്യാദ കാണിച്ചു. എന്നും എന്റെ മനഃസാക്ഷിയനുസരിച്ച് വോട്ടു ചെയ്യാൻ പറഞ്ഞിട്ടുള്ളയാളാണ് പിതാവ്. ഇവിടെ മത്സരിക്കുന്നത് ചേട്ടനാണ് എന്ന് നോക്കാൻ പറ്റില്ല. ചേട്ടനൊക്കെ വീട്ടിലാണ്. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ.

‘‘ആരു ജയിക്കുമെന്ന് പറയാൻ ഞാൻ ജ്യോത്സ്യം നോക്കിയിട്ടില്ല. അതു പഠിക്കുന്ന സമയത്ത് ഞാൻ പറയാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലരോടും സംസാരിച്ചപ്പോൾ, സുരേഷ് ഗോപിക്കാണ് മുൻതൂക്കം എന്നാണ് മനസ്സിലായത്. അതും വിചാരിക്കുന്നതിനേക്കാൾ മുൻപിലാണ് അദ്ദേഹം. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്തുനിന്നാണ് സുരേഷ് ഗോപിക്കു വോട്ടു വരുന്നത്. സ്ത്രീകളും ചെറുപ്പക്കാരും അദ്ദേഹത്തിനു പിന്നിലുണ്ട്. ഞാൻ പോയ സ്ഥലത്തെ ഒട്ടേറെ സ്ത്രീകൾ സുരേഷ് ഗോപിയുടെ വിജയത്തിനായി പ്രാർഥിക്കുന്നതായി പറഞ്ഞു. 

‘‘എന്റെ വോട്ട് ഒരിക്കൽ മാർക്സിസ്റ്റുകാർ കള്ളവോട്ടു ചെയ്തിട്ടുണ്ട്. അത് ഞാൻ കണ്ടുപിടിച്ചു. അച്ഛൻ ഡിഐസിയിലേക്കു മാറിയ സമയത്ത് ആരാണ് എന്റെ കള്ളവോട്ടു ചെയ്തതെന്ന് ഞാൻ അന്വേഷിച്ചു. ആരാണ് കള്ളവോട്ട് ചെയ്തതെന്ന് അങ്ങനെ ഞാൻ കണ്ടുപിടിച്ചു. കള്ളവോട്ട് എല്ലാക്കാലത്തും എൽഡിഎഫിന്റെ പണിയാണ്. ആദ്യം മുതലേ അവർ അത് ചെയ്യുന്നതുമാണ്.

‘‘സഹോദരനു വേണ്ടി പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ. അദ്ദേഹവും എന്റെ അച്ഛനും അമ്മയുമെല്ലാം കുടുംബത്തിലാണ്. ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനം വേറെയാണ്. ഡിഐസിയിലായിരുന്ന സമയത്തെ ഉദാഹരണവും ഞാൻ പറഞ്ഞു. പിന്നെ, സഹോദരന് എന്നെ വേണ്ടല്ലോ. ഞാൻ സഹോദരിയല്ലെന്നു പറഞ്ഞത് അദ്ദേഹമല്ലേ. അദ്ദേഹം എന്റെ രക്തമാണെന്ന് എനിക്കറിയാം. പക്ഷേ, എന്നെ കാണില്ലെന്നും ഞാൻ അദ്ദേഹത്തിന്റെ ആരുമല്ലെന്നും സഹോദരനാണ് പറഞ്ഞത്. അപ്പോൾപ്പിന്നെ പ്രാർഥിക്കേണ്ട കാര്യമില്ലല്ലോ.’’ – പത്മജ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!