KSDLIVENEWS

Real news for everyone

അയ്യയ്യയ്യേ… ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ; ശോഭയെ പണ്ടേ ഇഷ്ടമല്ല, കണ്ടിട്ടുമില്ല: ഇ.പി

SHARE THIS ON


തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനെ ഇന്നുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരിച്ചപ്പോഴാണ് അവരെ നേരിട്ട് കണ്ടെതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. തന്നെപ്പോലെയുള്ളൊരാള്‍ക്ക്‌ ശോഭാ സുരേന്ദ്രനെ പോയികണ്ടു സംസാരിക്കേണ്ടകാര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. രണ്ടുവര്‍ഷമായി ഡല്‍ഹിയില്‍ പോയിട്ടെന്നും ലളിത് ഹോട്ടലില്‍ ഇതുവരെ പോയിട്ടില്ലെന്നും ഇ.പി. പറഞ്ഞു.

‘കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ഒരല്പം ബുദ്ധിയുള്ള ആരെങ്കിലും ബി.ജെ.പിയില്‍ പോയി ചേരുന്നതിനെക്കുറിച്ച് ചിന്തിക്കുമോ? ഇവരെപ്പോലെ അല്പബുദ്ധികള്‍ ചിന്തിക്കുക എന്നല്ലാതെ? ഞാനീ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു പൊതുപ്രവര്‍ത്തകനല്ലേ? ഞാന്‍ പോയി ബി.ജെ.പിയില്‍ ചേരുമോ, കേരളത്തില്‍? അയ്യയ്യയ്യേ, വൃത്തികെട്ട ഇങ്ങനത്തെ കാര്യങ്ങള്‍…’, ഇ.പി. പ്രതികരിച്ചു.

‘എനിക്ക് ആ സ്ത്രീയെ ഇഷ്ടമല്ല, പണ്ടേതന്നെ. അവരുടെ പ്രസംഗങ്ങളൊക്കെ കുഴപ്പം പിടിച്ചതാണ്. ഫോണില്‍ പോലും ആ സ്ത്രീയോട് ഞാന്‍ സംസാരിച്ചിട്ടില്ല. തന്നെ ലക്ഷ്യമിടുന്നതിന് പിന്നില്‍ ആസൂത്രിതമായ പദ്ധതിയുണ്ട്. ആ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ദല്ലാള്‍ എന്തിനാണ് ജാവഡേക്കറേയും കൂട്ടി എന്റെയടുത്തേക്ക്‌ വന്നത് എന്നാണ് ചോദിക്കേണ്ട ചോദ്യം. ദല്ലാളും കേന്ദ്രമന്ത്രിയായിരുന്ന ബി.ജെ.പി നേതാവുമായുള്ള ബന്ധമല്ലേ അന്വേഷിക്കേണ്ടത്?’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ മുന്നില്‍ ഘടകകക്ഷികളാരും അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല. ആര്‍ക്കും സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അധികാരവും അവകാശവുമുണ്ടെന്നായിരുന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴുള്ള മറുപടി.

കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റും, രാജിവെക്കും എന്നാണ് പറയുന്നതെന്ന ചോദ്യത്തോട് കുറച്ച് കാത്തിരിക്കൂവെന്നായിരുന്നു ഇ.പിയുടെ പ്രതികരണം. ശോഭാ സുരേന്ദ്രന്‍ ബി.ജെ.പി. വിട്ട് സി.പി.എമ്മില്‍ ചേരുമെന്ന് ഇടയ്ക്ക് വാര്‍ത്തയുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അത് താനും കേട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഒരാള്‍ എന്നെവന്നുകാണുന്നത് പാര്‍ട്ടിയെ റിപ്പോര്‍ട്ട് ചെയ്യേണ്ട പ്രശ്‌നമെന്താണുള്ളത്? പാര്‍ട്ടി നേതാക്കളെ പലരും വന്ന്‌ കാണും, അങ്ങനെ കണ്ടുപരിചയപ്പെടുന്നതെല്ലാം പാര്‍ട്ടിയെ പോയി റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ടോ?’, ജാവഡേക്കറെ കണ്ടത് പാര്‍ട്ടിയെ അറിയിച്ചോയെന്ന ചോദ്യത്തിന് മറുപടിയായി ഇ.പി. പറഞ്ഞു.

വെണ്ണലയിലെ ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടില്‍വെച്ചും ഡല്‍ഹിയില്‍വെച്ചും തൃശ്ശൂര്‍ രാമനിലയില്‍ത്തില്‍വെച്ചും ഇ.പിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രന്‍ മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബി.ജെ.പിയില്‍ ചേരാനിരുന്നതിന്റെ തലേദിവസം ഇ.പി. പിന്മാറുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇ.പി. ബി.ജെ.പിയില്‍ ചേരാനുള്ള നീക്കം എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്ന ചോദ്യത്തോട്, അദ്ദേഹം ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് വന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞുവെന്നും തുടര്‍ന്ന് സംഭവിച്ചത് എന്താണെന്ന് ജയരാജനുമാത്രമേ അറിയുകയുള്ളൂവെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!