KSDLIVENEWS

Real news for everyone

മൂന്നു തവണ കൂടിക്കാഴ്ച നടത്തി; ജയരാജൻ പറഞ്ഞു, എനിക്ക് ഒന്നാമനെ കാണണം – ശോഭാ സുരേന്ദ്രൻ

SHARE THIS ON

“താങ്കളെ അറിയില്ലെന്നാണല്ലോ ഇ.പി. ജയരാജൻ പറയുന്നത്
= ദല്ലാൾ നന്ദകുമാറാണ് ഇ.പി. ജയരാജനുമായി എന്നെ പരിചയപ്പെടുത്തുന്നത്. നന്ദകുമാറിന്റെ സാന്നിധ്യത്തിൽ മൂന്നുതവണ ഇ.പി.യുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽവെച്ചും പിന്നീട് ഡൽഹി ലളിത് ഹോട്ടലിലും മൂന്നാമത് തൃശ്ശൂർ രാമനിലയത്തിലുമാണ് കൂടിക്കാഴ്ചകൾ നടന്നത്. മൂന്നുതവണയും നന്ദകുമാർ ഒപ്പമുണ്ടായിരുന്നു. ബി.ജെ.പി.യിൽ ചേരാൻ ഇ.പി.ക്ക് താത്പര്യമുണ്ട് എന്നുപറഞ്ഞ് നന്ദകുമാറാണ് ഈ നീക്കത്തിനു തുടക്കമിട്ടത്.

? എപ്പോഴാണു ചർച്ചയ്ക്കു തുടക്കമിടുന്നത്
= നന്ദകുമാർ രണ്ടുതവണ അയ്യന്തോളിലെ എന്റെവീട്ടിൽ വന്നു. ഒരിക്കൽ സഹോദരിയുടെ മകന്റെ വീട്ടിലും വന്ന് ഈ ചർച്ചകൾക്ക് തുടക്കമിട്ടു. സി.പി.എം. സംസ്ഥാനസെക്രട്ടറിസ്ഥാനം ലഭിക്കാത്തതിൽ ദുഃഖവും അമർഷവുമുള്ള ഇ.പി. പാർട്ടി വിടാനും ബി.ജെ.പി.യിൽ ചേരാനും താത്പര്യം പ്രകടിപ്പിച്ചതായി നന്ദകുമാർ സൂചിപ്പിച്ചു.

? ഈ ഒരു സുപ്രധാനദൗത്യം നടത്താൻ എന്തുകൊണ്ടാണ് താങ്കളെത്തന്നെ നന്ദകുമാർ തിരഞ്ഞെടുത്തത്
= ബി.ജെ.പി.യുടെ സംസ്ഥാന ഉപാധ്യക്ഷയായ ഞാൻ ആ സമയത്ത് പാർട്ടി അംഗത്വപരിപാടിയുടെ ദേശീയ കോ-കൺവീനർകൂടിയായിരുന്നു. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനായിരുന്നു കൺവീനർ. എനിക്കായിരുന്നു എട്ടു സംസ്ഥാനങ്ങളുടെ ചുമതല. ഡൽഹിയിലെ പാർട്ടി ഓഫീസിൽ എനിക്ക് അന്ന് പ്രത്യേകമുറി ഉണ്ടായിരുന്നു. ഡൽഹിയുമായി നല്ല ബന്ധമുള്ള നന്ദകുമാർ ഇതെല്ലാം കൃത്യമായി മനസ്സിലാക്കിയാണ് എന്നെ സമീപിച്ചത്. ഒരുതവണ വീട്ടിൽ വന്നപ്പോൾ നന്ദകുമാർ, ഇ.പി. ജയരാജനുമായി ദീർഘനേരം സംസാരിക്കുന്നത് സ്പീക്കർഫോണിലിട്ട് എന്നെ കേൾപ്പിച്ചു. ഇടയ്ക്ക് ‘ബി.ജെ.പി. നേതാവ് അടുത്തുണ്ട്’ എന്നു നന്ദകുമാർ ഇ.പി.യോട് പറയുന്നുണ്ടായിരുന്നു. ‘എനിക്ക് വിശ്വാസമില്ല, ഡൽഹിയിൽ പോവുന്ന വിവരം ചോരുമോ, ശോഭ വെറും കേരളനേതാവ് മാത്രമല്ലേ’ എന്നു ജയരാജൻ ചോദിക്കുന്നു. അപ്പോൾ യോഗി ആദിത്യനാഥ്, അമിത് ഷാ, ജെ.പി. നഡ്ഢ തുടങ്ങിയവരോടൊപ്പം ഞാൻ (ശോഭ) നിൽക്കുന്ന ഫോട്ടോ ജയരാജന് അയച്ചുകൊടുത്തു.

? ഇതിനുശേഷമാണോ ജയരാജനുമായി നേരിട്ടുകണ്ടു സംസാരിച്ചത്
= പ്രാഥമികഘട്ടത്തിൽ നടന്ന അനൗദ്യോഗികചർച്ചകൾക്കുശേഷം നന്ദകുമാറിന്റെ വീട്ടിൽവെച്ചാണ് ആദ്യമായി ഇ.പി.യെ നേരിട്ടുകണ്ടത്. പത്തുമിനിറ്റോളം ഈ കൂടിക്കാഴ്ച നടന്നു. കാര്യങ്ങൾ നടക്കുംമുൻപ് ഇക്കാര്യം ആരും അറിയരുത് എന്ന് അദ്ദേഹം പറഞ്ഞു. പുറത്തറിയിക്കാൻ എനിക്കും താത്പര്യമുണ്ടായിരുന്നില്ല.

? ചർച്ചകളുടെ വിശദാംശം ബി.ജെ.പി.യുടെ ഏത് ഉന്നതനേതാവിനെയാണ് താങ്കൾ അറിയിച്ചത്
= ഡൽഹിയിൽ പാർട്ടിയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന മുതിർന്ന നേതാക്കളിലൊരാളെ വിശദമായി ധരിപ്പിച്ചു. അവിടുന്ന് അനുകൂലസൂചന ലഭിച്ചതിനുശേഷമാണ് ഡൽഹിയിൽ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.

? ഡൽഹി ചർച്ചയ്ക്ക് ഇ.പി. നേരിട്ട് എത്തിയോ
= പാർട്ടിയിൽ ചേരാൻ തീരുമാനിച്ചുറപ്പിച്ചാണ് നന്ദകുമാറിനൊപ്പം ഇ.പി. ജയരാജൻ ഡൽഹിയിലെത്തിയത്. 2023 ജനുവരിയിലാണ് ഈ ചർച്ച നടന്നത്. എനിക്ക് ഡൽഹിയിലെത്താൻ ചെന്നൈവഴിയുള്ള വിമാനടിക്കറ്റ് അയച്ചുതന്നത് നന്ദകുമാറാണ്. വൈകുന്നേരം മൂന്നുമണിയോടെ ഡൽഹിയിലെ ഹോട്ടൽ ലളിതിൽവെച്ച് ഞങ്ങൾ കണ്ടു. എന്നോടു സംസാരിച്ചശേഷം നന്ദകുമാർ ഇ.പി.യെ ഹോട്ടലിന്റെ മൂലയിലേക്ക് കൂട്ടിക്കൊണ്ടുപോയി സ്വകാര്യം പറയുന്നുണ്ടായിരുന്നു. ഇതിനുശേഷം ഇ.പി. ദൂരെമാറിനിന്ന് ആരോടോ ഫോണിൽ സംസാരിച്ചു. അടുത്തദിവസം രാവിലെ പാർട്ടിയിൽ ചേരാമെന്നായിരുന്നു ധാരണ. പക്ഷേ, അന്നു രാത്രിതന്നെ ഇ.പി. തീരുമാനത്തിൽ മാറ്റംവരുത്തി. ‘എന്റെ കുടുംബംപോലും അറിയില്ല. അത്രയും മാനസികസംഘർഷത്തിലാണ് ഞാൻ’ എന്ന് പരിഭ്രാന്തിയോടെ ഇ.പി. പറഞ്ഞതായി നന്ദകുമാർ പിന്നീടു പറഞ്ഞു. മിഷൻ പരാജയപ്പെട്ടതിൽ ഞാനും ഏറെ പ്രയാസപ്പെട്ടു.

? ഇതോടെ ഈ നീക്കം ഉപേക്ഷിച്ചോ
= ഇതിനുശേഷവും നന്ദകുമാർ കൂടെക്കൂടെ വിളിച്ച്, ‘കാര്യങ്ങൾ ശരിയാകും’ എന്നു പറഞ്ഞുകൊണ്ടിരുന്നു. തുടർന്നാണ് വീണ്ടും ജയരാജന് സംസാരിക്കാൻ താത്പര്യമുണ്ടെന്ന് നന്ദകുമാർ അറിയിക്കുന്നത്. അങ്ങനെയാണ് തൃശ്ശൂർ രാമനിലയത്തിൽവെച്ച് വീണ്ടും കണ്ടത്. എന്റെപേരിൽ രാമനിലയത്തിൽ മുറിയെടുത്തു. ആദ്യം നന്ദകുമാർ വന്നു. ഇയാൾ ഇ.പി.യെ ഫോണിൽ വിളിച്ചു. മന്ത്രി രാധാകൃഷ്ണൻ എൻട്രൻസിൽ നിൽക്കുന്നതുകൊണ്ട് ഇപ്പോൾ മുറിയിലേക്കുവരാൻ കഴിയില്ല എന്നു ജയരാജൻ പറഞ്ഞു. ഇതു ശരിയാണോ എന്നു പരിശോധിക്കാൻ ഞാൻ പുറത്തിറങ്ങിച്ചെന്നു നോക്കി. അപ്പോൾ അവിടെ മന്ത്രി ഉണ്ടായിരുന്നു. അല്പംകഴിഞ്ഞപ്പോൾ ജയരാജൻ മുറിയിൽ വന്നു. ”എനിക്ക് നേരിട്ട് ഒന്നാമത്തെ ആളെ കാണണം.” എന്ന് ഇ.പി. പറഞ്ഞു. ഒന്നാമത്തെ ആളെ കാണാൻ കഴിയാത്തതുകൊണ്ടല്ലല്ലോ നടക്കാതെ പോയത്. അതുകൊണ്ട് ക്ലാരിറ്റി വേണം എന്നു ഞാൻ പറഞ്ഞു. പത്തുമിനിറ്റിനുള്ളിൽ പിരിഞ്ഞു.

? പിന്നീട് ചർച്ചകൾ നടന്നില്ലേ
= ഇതിനുശേഷമാണ് ജയരാജന്റെ മകന്റെ ഫോണിൽനിന്ന് മെസ്സേജ് വന്നത്, 2023 ഏപ്രിൽ 24-ന്. മകന്റെ മെസ്സേജ് വരുമെന്ന് മറ്റൊരാളാണു വിളിച്ചറിയിച്ചത്. ജയരാജനുമായി സംസാരിക്കാൻ ഉദയൻ എന്ന ആളുടെ നമ്പർ തന്നിരുന്നു. ഉദയൻ വിളിച്ചുപറഞ്ഞതുപ്രകാരം എറണാകുളത്ത് ഹോട്ടൽമുറിയിൽ ചെന്നു, ബി.ജെ.പി.യുടെ എറണാകുളത്തെ നേതാവ് രാജഗോപാലിനൊപ്പം. അടിയന്തരമായി അച്ഛൻ ബന്ധപ്പെടുമെന്നു മകൻ പറഞ്ഞു. മകനും കൂടെയുള്ള ആളും ഞെട്ടലോടെയാണ് എന്നോടു സംസാരിച്ചത് എന്നാണ് എനിക്കുതോന്നിയത്. അവർക്ക് ചർച്ചയുടെ വിഷയവും ഗൗരവവും അറിയുമോ എന്ന് എനിക്കു വ്യക്തമായിരുന്നില്ല.

? എന്നിട്ട് ബന്ധപ്പെട്ടോ. എന്തുകൊണ്ടാണ് ഈ മിഷൻ പരാജയപ്പെട്ടത്
= ജയരാജൻ ഡൽഹിയിൽ ചർച്ചയ്ക്കുവന്നത് മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞു. തുടർന്ന് സംഭവിച്ചത് എന്താണെന്ന് ജയരാജനുമാത്രമേ അറിയുകയുള്ളൂ.

? ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങിൽവെച്ചാണ് താങ്കളെ കാണുന്നത് എന്നാണല്ലോ ജയരാജൻ പറയുന്നത്
= മൂന്നുതവണ എന്നെ വന്നുകണ്ട് ചർച്ചനടത്തിയശേഷം എന്നെ അറിയില്ല, കണ്ടിട്ടില്ല എന്നു ജയരാജൻ പറയുന്നത് പച്ചക്കള്ളം. ഉമ്മൻ ചാണ്ടിയുടെ വീട്ടിൽവെച്ച് അന്ന് കണ്ടപ്പോൾ കൂടെ പി.കെ. ശ്രീമതിയും ഉണ്ടായിരുന്നു. എന്നെ കണ്ടതോടെ, ഇ.പി.യെ മനപ്പൂർവം ശ്രീമതി മാറ്റി ദൂരെക്കൊണ്ടുപോയി.

? ഈ നടന്ന സംഭവങ്ങളൊക്കെ ഇപ്പോൾ നന്ദകുമാർ വെളിപ്പെടുത്താൻ എന്താണു കാരണം
= ആലപ്പുഴയിൽ എന്നെ തോൽപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ആ നീക്കം. അമിത്ഷാ പ്രചാരണത്തിനെത്തിയ ദിവസമാണ് നന്ദകുമാർ ഇതൊക്കെ വെളിപ്പെടുത്തിയത്.

? പാർട്ടിയിൽ ചേരാൻ ജയരാജൻ എന്തെങ്കിലും ഉപാധിവെച്ചോ
= കാര്യങ്ങൾ അതീവരഹസ്യമായിരിക്കണം, കേരളത്തിൽ മറ്റാരും ഇക്കാര്യം അറിയരുത് എന്നായിരുന്നു ഇ.പി. ആവശ്യപ്പെട്ടത്. മഹാരാഷ്ട്ര ഗവർണർ, കേന്ദ്രമന്ത്രി പദവികളിൽ ഏതെങ്കിലുമൊന്നു വേണമെന്ന് നന്ദകുമാറാണു പറഞ്ഞത്, ജയരാജനല്ല. ഈ നീക്കം നടത്തുന്നതിന് പണംവേണമെന്ന് നന്ദകുമാർ ആവശ്യപ്പെട്ടെങ്കിലും അത് അപ്പോൾത്തന്നെ ഞാൻ തള്ളിക്കളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!