KSDLIVENEWS

Real news for everyone

പെരുമാറ്റച്ചട്ടം കഴിഞ്ഞാൽ വൈദ്യുതിനിരക്ക് കൂടും; നിലവിലെ വർധനയുടെ കാലാവധി തീരുന്നത് ജൂൺ 30-ന്

SHARE THIS ON

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങുന്നതോടെ അടുത്ത വൈദ്യുതിനിരക്ക് വർധനയ്ക്കുള്ള നടപടികൾ തുടങ്ങും. നവംബറിൽ വരുത്തിയ വർധനയുടെ കാലാവധി ജൂൺ 30-ന് തീരുകയാണ്.


2023 ഏപ്രിൽ ഒന്നുമുതൽ 2027 മാർച്ച് 31 വരെയുള്ള നിരക്ക് തീരുമാനിക്കാനാണ് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകിയിരുന്നത്. ഇതിൽ കമ്മിഷൻ അന്തിമ ഉത്തരവിട്ടിട്ടില്ല. പകരം ഈ വർഷം ജൂൺ 30 വരെയുള്ള നിരക്ക് നിശ്ചയിച്ച് ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചത്. ഈ കാലാവധി കഴിയുന്നതോടെ പുതിയനിരക്ക് നിശ്ചയിക്കേണ്ടിവരും.

ഇടക്കാല ഉത്തരവിൽ ശരാശരി 20 പൈസയാണ് കൂട്ടിയത്. 40 പൈസ കൂട്ടണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. ജൂണിൽ പുനഃപരിശോധിക്കേണ്ടതിനാലാണ് വർധന 20 പൈസയിൽ ഒതുക്കിയത്.


ജൂലായ് ഒന്നുമുതൽ പുതിയനിരക്ക് നടപ്പാക്കാനുള്ള നടപടികൾ തുടങ്ങാൻ സമയമായെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ കമ്മിഷൻ ഇതിന് തയ്യാറായിട്ടില്ല. നാലുവർഷത്തെ അപേക്ഷ നിലവിലുള്ളതിനാൽ ബോർഡ് പുതിയ അപേക്ഷ നൽകേണ്ടതില്ല. ഉപഭോക്താക്കളിൽനിന്ന് തെളിവെടുത്തശേഷമായിരിക്കും കമ്മിഷന്റെ തീരുമാനം.


ഇടക്കാല ഉത്തരവിനുശേഷം നിരക്കുനിർണയത്തെ സ്വാധീനിക്കുന്ന പല തീരുമാനങ്ങളും ഉണ്ടായി. കെ.എസ്.ഇ.ബി.യുടെ 2022-23ലെ നഷ്ടത്തിൽ 750 കോടി രൂപ സർക്കാർ ഏറ്റെടുത്തു. ഇതു കഴിച്ചുള്ള നഷ്ടമേ നിരക്കുവർധനയ്ക്ക് കണക്കാക്കൂ. എന്നാൽ, വൈദ്യുതി ഉപഭോഗം കൂടിയതും കുറഞ്ഞവിലയ്ക്കുള്ള വൈദ്യുതിക്കരാറുകൾ റദ്ദാക്കുകയും ചെയ്തതോടെ വൈദ്യുതി വാങ്ങൽ ചെലവ് കൂടിയിട്ടുണ്ട്. ഇത് ബോർഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിന്റെ ഒരംശം മാത്രമാണ് ഇപ്പോൾ സർച്ചാർജ് ആയി പിരിച്ചെടുക്കുന്നത്. സർച്ചാർജ് കൂട്ടാനുള്ള അപേക്ഷകൾ കമ്മിഷൻ പരിഗണിച്ചെങ്കിലും തീരുമാനമെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!