KSDLIVENEWS

Real news for everyone

കൈയിൽ വടിവാളും ചുറ്റികയും, കൊല്ലുമെന്ന് ആക്രോശം; ആലുവയിലെ ഗുണ്ടാ ആക്രമണത്തിൽ നാലുപേർ പിടിയിൽ

SHARE THIS ON

കൊച്ചി: ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. മുഖ്യപ്രതി ഫൈസല്‍ബാബു, സിറാജ്, സനീര്‍, കബീര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. ചൊവ്വര റെയില്‍വേ സ്റ്റേഷന്‍ കവലയിരുന്നവര്‍ക്ക് നേരേ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കാറിലെത്തിയ ഏഴംഗ സംഘം ആക്രമണം നടത്തിയത്.


ആക്രമണത്തില്‍ മുന്‍ പഞ്ചായത്തംഗം സുലൈമാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ സുലൈമാനെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇപ്പോള്‍ നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായിരിക്കുന്നത്. എന്നാല്‍, ഗുണ്ടാസംഘത്തിന്റെ ആക്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല.


രാത്രി പത്തരയോടെ കാറിലും ബൈക്കിലുമെത്തിയ സംഘം വടിവാള്‍, ചുറ്റിക എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആദ്യം ഒരാള്‍ ബൈക്കിലെത്തി സ്ഥലം നിരീക്ഷിച്ചു പോയി. പിന്നാലെ കാറിലെത്തിയവര്‍ വടിവാള്‍, ചുറ്റിക ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇതോടെ കൂടിനിന്നവര്‍ ചിതറിയോടി. എന്നാല്‍, സുലൈമാന് ഓടാനായില്ല. പിന്നാലെ സംഘം സുലൈമാനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കൊല്ലുമെന്ന് പറഞ്ഞുകൊണ്ടാണ് അക്രമിസംഘം പാഞ്ഞടുത്തതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മുഖ്യപ്രതിയായ ഫൈസല്‍ബാബുവിനെ തൃശൂരില്‍നിന്നും മറ്റ് പ്രതികളെ കാക്കനാട് നിന്നും അരൂരില്‍നിന്നുമാണ് പോലീസ് പിടികൂടിയത്. മുന്‍പ് വാഹനാപകടവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഫൈസല്‍ബാബുവും ആക്രമണത്തില്‍ പരിക്കേറ്റ സിദ്ദീഖ് എന്നയാളുടെ മകനുമായി തര്‍ക്കം നിലനിന്നിരുന്നു. ഇത് കേസാവുകയും രമ്യതയില്‍ പരിഹരിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നുള്ള വൈരാഗ്യമാകാം അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ജില്ലക്ക് പുറത്തുനിന്നുള്ളവരാണ് ചൊവ്വരയിലെത്തി ആക്രമണം നടത്തിയതെന്നും ഇത് ആസൂത്രിതമായ ആക്രമണമാണെന്നും ആലുവ റൂറല്‍ എസ്.പി. വൈഭവ് സക്‌സേന പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!