KSDLIVENEWS

Real news for everyone

വ്യാപക പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഗതാഗതവകുപ്പ് മന്ത്രി; ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍ വീണ്ടും മാറ്റം

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍ വീണ്ടും മാറ്റം. സി ഐ ടി യു, ഐ എൻ ടി യു സി, ബി എം എസ് അടക്കമുള്ള തൊഴിലാളി സംഘടനകളുടെ വ്യാപക പ്രതിഷേധത്തിന് മുന്നിലാണ് ഗതാഗതവകുപ്പ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍ ഭേദഗതിക്ക് തയ്യാറായത്.

പ്രതിഷേധത്തിന് മുന്നില്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ യൂണിയനുകളുമായി നടത്തിയ ചർച്ചയില്‍ സമരം തീർക്കാൻ പരിഷ്കരിച്ച്‌ സർക്കുലർ ഇറക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

ഇതിന് പിന്നാലെ ഭേദഗതി വരുത്തിയ കരടിന് ഗതാഗത മന്ത്രി അംഗീകാരം നല്‍കിയതോടെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിലെ ഇളവില്‍ തീരുമാനം ആയി. പുതിയ സർക്കുലർ നാളെ പുറത്തിറക്കും. പ്രതിദിന ലൈസൻസ് 40 ആക്കും. 15 വർഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാൻ 6 മാസത്തെ സാവകാശം നല്‍കും തുടങ്ങിയവയാണ് മാറ്റം. സമരം തുടരണോ വേണ്ടയോ എന്നതില്‍ നാളെ തീരുമാനമെടുക്കുമെന്ന് സി ഐ ടി യു അറിയിച്ചു.

വിശദ വിവരങ്ങള്‍ ഇങ്ങനെ

പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ പിന്നോട്ടില്ലെന്നായിരുന്നു ഗതാഗതമന്ത്രിയുടെ നിലപാട്. സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ ആവശ്യം ഹൈക്കോടതിയും ഇന്ന് അംഗീകരിച്ചില്ല. പക്ഷെ രാഷ്ട്രീയ സമ്മർദ്ദത്തിനൊടുവില്‍ ഗതാഗതവകുപ്പ് അയഞ്ഞു. സമരം മൂലം രണ്ട് ദിവസമായി ആർക്കും ലൈസൻസ് കിട്ടാത്ത പ്രതിസന്ധിയും വിട്ടുവീഴ്ചയുടെ കാരണമാണ്. സർക്കുലർ പുതുക്കിയിറക്കും. പ്രതിദിന ലൈസൻസ് 40 ആക്കും. ഇതില്‍ 25 പുതുതായി വരുന്നവർക്കാകും. 10 എണ്ണം റീ ടെസ്റ്റ്. വിദേശത്തേക്ക് അടിയന്തിരമായി പോകേണ്ട അഞ്ച് പേരെയും പരിഗണിക്കും. ഈ വിഭാഗത്തില്‍ അപേക്ഷകർ ഇല്ലെങ്കില്‍ ലേണേഴ്സ് ലൈസൻസിൻറെ കാലാവധി തീരാനുള്ള അ‍ഞ്ച് പേരെ പരിഗണിക്കും.

15 വർഷം പഴക്കമുള്ള വാഹനം മാറ്റണമെന്ന നിർദ്ദേശത്തോടായിരുന്നു യൂണിയനുകളുടെ ശക്തമായ എതിർപ്പ്. അതിന് 6 മാസത്തെ സാവകാശം നല്‍കും. ആദ്യം റോഡ് ടെസ്റ്റാകും പിന്നീടാകും എച്ച്‌ എടുക്കേണ്ടി വരിക. പുതിയ രീതിയില്‍ ഗ്രൗണ്ട് സജ്ജമാക്കാൻ 3 മാസത്തെ സമയം നല്‍കും. വാഹനങ്ങളില്‍ ക്യാമറ വെക്കാനും 3 മാസത്തെ സാവകാശം ഉണ്ടാകും. ഭരണാനുകൂല സംഘടന ശക്തമായ സമരത്തിന് നേതൃത്വം നല്‍കിയത് സർക്കാറിന സമ്മർദ്ദത്തിലാക്കിയിരുന്നു. സിപിഎമ്മിന്‍റെ ഇടപെടലും ഇളവിന് കാരണമാണ്. ഇന്നും സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും സമരമായിരുന്നു. പുതിയ നിർദ്ദേശത്തോട് സി ഐ ടി യുവിന് പൂർണ്ണയോജിപ്പില്ലെന്നാണ് വിവരം. പ്രതിദിന ലൈസൻസുകളുടെ എണ്ണം ഇനിയും കൂട്ടണമെന്നാണ് ആവശ്യം. പക്ഷെ ഗതാഗതവകുപ്പ് അയഞ്ഞ സാഹചര്യത്തില്‍ തല്‍ക്കാലം സമരം നിർത്താനിടയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!