KSDLIVENEWS

Real news for everyone

കന്യാകുമാരിയില്‍ തിരയില്‍പ്പെട്ട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

SHARE THIS ON

കന്യാകുമാരി: കന്യാകുമാരിയിലെ സ്വകാര്യ ബീച്ചില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തഞ്ചാവൂര്‍ സ്വേദേശി ഡി. ചാരുകവി (23), നെയ്‌വേലി സ്വദേശി ബി. ഗായത്രി (25), കന്യാകുമാരി സ്വദേശി പി. സര്‍വദര്‍ശിത് (23), ഡിണ്ടിഗല്‍ സ്വദേശി എം. പ്രവീണ്‍ സാം (23), ആന്ധ്രാപ്രദേശില്‍നിന്നുള്ള വെങ്കടേഷ് (24) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 

തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളാണ് മരിച്ചവരെല്ലാം. സഹപാഠിയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 12 വിദ്യാര്‍ഥികള്‍ സംഘമായാണ് നാഗര്‍കോവിലില്‍ എത്തിയത്. ഞായറാഴ്ച നടന്ന വിവാഹത്തിനു ശേഷം ഇവര്‍ കന്യാകുമാരിയില്‍ എത്തുകയായിരുന്നു. കന്യാകുമാരിയിലെ ലെമൂര്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ ശക്തമായ തിരയില്‍ പെട്ടുപോകുകയായിരുന്നു. ഏഴുപേര്‍ കുളിക്കുന്നതിന് കടലിലിറങ്ങി. ബാക്കിയുള്ളവര്‍ കരയില്‍ ഇരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഇവരാണ് അപകടവിവരം നാട്ടുകാരെയും പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികളെയും അറിയിച്ചത്. മത്സ്യത്തൊഴിലാളികള്‍ ഉടന്‍തന്നെ കടലില്‍ തിരച്ചില്‍ ആരംഭിക്കുകയും മുങ്ങിപ്പോയ രണ്ടുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇവര്‍ കന്യാകുമാരി ജില്ലാ ഗവര്‍ണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ദൃക്‌സാക്ഷികളായ, കരയിലുണ്ടായിരുന്ന വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൂത്തുക്കുടി, കന്യാകുമാരി മേഖലയില്‍ കടല്‍ക്ഷോഭത്തിനുള്ള സാധ്യതയുണ്ടെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കടല്‍ക്ഷോഭത്തില്‍ തമിഴ്‌നാട്ടില്‍ മറ്റ് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!