KSDLIVENEWS

Real news for everyone

കെഎസ്‌ആ‍ര്‍ടിസി ഡ്രൈവ‍റുടെ പരാതിയില്‍ കോടതിയിടപെട്ടു, മേയര്‍ക്കും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

SHARE THIS ON

തിരുവനന്തപുരം: കെഎസ്‌ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവുമായുളള തർക്കത്തില്‍ മേയർ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

ഡ്രൈവർ യദുവിന്റെ ഹർജിയില്‍ കോടതി നിർദേശപ്രകാരമാണ് കൻ്റോണ്‍മെൻ്റ് പൊലിസിന്റെ നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റ‍ര്‍ ചെയ്തത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നിവയാണ് യദുവിന്റെ പരാതിയിലുണ്ടായിരുന്നത്. പൊലീസ് കേസെടുക്കാതിരുന്നതോടെ യദു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ അഭിഭാഷകന്റെ ഹർജിയില്‍ മേയ‍ര്‍ക്കും എംഎല്‍എക്കുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ് എംഎല്‍എ, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവർക്കെതിരെയാണ് കേസ്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, അസഭ്യം പറയല്‍ എന്നിവയാണ് പരാതിക്കാരൻ കോടതിയില്‍ ചൂണ്ടികാട്ടിയത്. മേയർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യദു പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. പാളയത്ത് മേയറും- ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തില്‍ ഇതോടെ നാല് കേസുകള്‍ രജിസ്റ്റ‍ര്‍ ചെയ്തു.

മേയറുടെ പരാതിയില്‍ ഡ്രൈവർക്കെതിരെയാണ് ആദ്യ കേസെടുത്തത്. ബസിലെ മെമ്മറി കാർഡ് കാണാതായതിനും കേസുണ്ട്. ഇതുകൂടാതെയാണ് കോടതി നിർദ്ദേശ പ്രകാരമുള്ള രണ്ട് കേസുകള്‍. പാളയത്ത് സീബ്രാലൈനില്‍ വാഹനമിട്ട് ബസ് തടസപ്പെടുത്തുകയും ഗതാഗതക്കുരുക്കുണ്ടാക്കുകയും ചെയ്തതുകൂടാതെ സച്ചിൻ ദേവ് ബസില്‍ കയറി യാത്രക്കാരോട് ഇറങ്ങാൻ ആവശ്യപ്പെട്ടുവെന്നുമുളള ആരോപണം ഉയർന്നിരുന്നു. ഇതെല്ലാം പുതിയ കേസിൻെറ ഭാഗമായി അന്വേഷിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!