എയര്‍ ഇന്ത്യ സമരം: ദുരിതത്തിലായി പ്രവാസികള്‍

ദുബൈ: പൈലറ്റുമാർ കൂട്ടത്തോടെ സിക്ക് ലീവ് എടുത്തതിനാല്‍ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകള്‍ മുടങ്ങിയതു കാരണം ദുരിതത്തിലായി പ്രവാസികള്‍.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. യു.എ.ഇ, സൗദി , ഖത്തർ ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് പോകാൻ കുടുംബസമേതം എത്തിയ യാത്രക്കാരാണ് അപ്രതീക്ഷിത സർവീസ് റദ്ദാക്കലില്‍ വലഞ്ഞത്.
വെളുപ്പിന് വിമാനത്താവളങ്ങളില്‍ എത്തിയ ശേഷമാണ് സർവീസ് റദ്ദാക്കിയ വിവരം പോലും യാത്രക്കാർ അറിയുന്നത്. യു.എ.ഇയിലെ ദുബൈ, അബൂദബി, ഷാർജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്ന് കാലത്ത് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യൻ എക്‌സ്പ്രസ് വിമാനങ്ങളാണ് മുടങ്ങിയത്. സൗദി അറേബ്യയില്‍ നിന്ന് മൂന്നും ഖത്തറില്‍ നിന്ന് രണ്ടും സർവീസുകള്‍ റദ്ദാക്കി. സന്ദർശക വിസാ കാലാവധി തീരുന്നവരും യാത്രക്കാരിലുണ്ട്.
അബൂദബിയില്‍ നിന്ന് തിരുവനന്തപുരം, കണ്ണൂർ, ദുബൈയില്‍ നിന്ന് കോഴിക്കോട്, അമൃത്‌സർ, തിരുച്ചിറപ്പള്ളി, ഷാർജയില്‍ നിന്ന് കൊച്ചി, കണ്ണൂർ എന്നിവക്കു പുറമെ
റാസല്‍ഖൈമയില്‍ നിന്ന് രണ്ട് സർവീസുകളും റദ്ദായി. സർവീസ് നിലച്ച കാര്യം അറിയിച്ചില്ലെന്നു മാത്രമല്ല, ടിക്കറ്റ് റീഫണ്ടിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും എയർ ഇന്ത്യ ഉദ്യോഗസ്ഥർ കുറ്റകരമായ മൗനം പാലിക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടു.
സമരം എപ്പോള്‍ അവസാനിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ മറ്റു വിമാന കമ്ബനികളില്‍ സീറ്റ് ബുക്ക് ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് പലരും. എന്നാല്‍ പല വിമാനങ്ങളിലും ഉയർന്ന നിരക്കാണ് നിലവില്‍. യാത്രാപ്രതിസന്ധിക്ക് അടിയന്തര പരിഹാരം വേണമെന്ന് വിവിധ പ്രവാസി കൂട്ടായ്മകള്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ നേരിടുന്ന കടുത്ത പ്രതിസന്ധിയാണിതെന്നും അടിയന്തര ഇടപെടല്‍ വേണമെന്നും യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂർ റഹ്‌മാൻ ആവശ്യപ്പെട്ടു.

