മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങി; കെജ്‌രിവാളിന്റെ ജാമ്യം ശുഭപ്രതീക്ഷ നല്‍കുന്നതെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങിയെന്നും കേജരിവാളിന്റെ ജാമ്യം ജനാധിപത്യത്തിന് ശുഭപ്രതീക്ഷ നല്കുന്നതാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
നരേന്ദ്ര മോദിയുടെയും അവർക്ക് വിടുവേല ചെയ്യുന്ന കേന്ദ്ര അന്വേഷണ ഏജൻസികളുടേയും ഫാസിസ്റ്റ് നടപടികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതിവിധി. മോദി സർക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുള്ള ഇന്ത്യസഖ്യത്തിന്റെ പോരാട്ടത്തിന് കൂടുതല്‍ കരുത്തേകും.
മൂന്നുഘട്ടം തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ മോദിയും കൂട്ടരും കടുത്ത പരിഭ്രാന്തിയിലാണ്. വർഗീയത വാരിവിളിമ്ബിയിട്ടും ജനങ്ങള്‍ മോദിയോട് പുറംതിരിഞ്ഞുനില്ക്കുന്നു. ഇന്ത്യാ സഖ്യത്തിന്റെ സാധ്യതകള്‍ ദിനംപ്രതി മെച്ചപ്പെടുന്നു. ഇനിയുള്ള 4 ഘട്ടം തെരഞ്ഞെടുപ്പില്‍ കേജരിവാള്‍ കൂടി പ്രചാരണരംഗത്ത് എത്തുന്നതോടെ ഇന്ത്യാസഖ്യത്തിന് വലിയ കുതിപ്പിനുള്ള സാധ്യത തെളിഞ്ഞെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ദുർഭരണത്തിന് അന്ത്യം കുറിക്കുമെന്നും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യസഖ്യത്തിന്റെ സർക്കാർ രാജ്യത്ത് അധികാരത്തില്‍ വരുമെന്നും സുധാകരൻ പറഞ്ഞു.