സ്‌കൂട്ടര്‍ യാത്രക്കാര്‍ വെള്ളത്തില്‍ കുടുങ്ങി: വീണ്ടും മുങ്ങി ചെര്‍ക്കള ടൗൺ; പ്രശ്‌നം പരിഹരിക്കണമെന്ന് എന്‍എച്ച് ചെര്‍ക്കള ജനകീയ കൂട്ടായ്മ സമര സമിതി

ചെര്‍ക്കള:ഇന്നലെ പെയ്ത മഴയില്‍ ചെളിവെള്ളം നിറഞ്ഞ് ചെര്‍ക്കള ടൗണ്‍ വീണ്ടും ചെളിക്കുളമായി. വാഹന, കാല്‍നട ഗതാഗതം ദുരിതമായി. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ വെള്ളത്തില്‍ കുടുങ്ങി. 4 ഓട്ടോറിക്ഷകള്‍ക്ക് കേടുപാടു പറ്റി. 2 മീറ്റര്‍ വ്യാസമുള്ള മുഴുവന്‍ ഡ്രെയ്‌നേജ് പണി ഉടന്‍ ആരംഭിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് എന്‍എച്ച് ചെര്‍ക്കള ജനകീയ കൂട്ടായ്മ സമര സമിതിയുടെ ആവശ്യമുന്നയിച്ചു.ചെര്‍ക്കള പാടി റോഡ് ജംക്ഷനില്‍ 50 മീറ്റര്‍ ചുറ്റളവില്‍ ഉച്ചകഴിഞ്ഞും വെള്ളം കെട്ടി നില്‍ക്കുകയായിരുന്നു.
കഴിഞ്ഞ 7ന് പുലര്‍ച്ചെ പെയ്ത ഴയിലും ചെര്‍ക്കള ടൗണ്‍ ചെളിക്കുളമായിരുന്നു
അന്ന് ഉടന്‍ പരിഹാരം കാണുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും ഒരാഴ്ച ആയിട്ടും നടപടി സ്വീകരിച്ചിരുന്നില്ല. ഇനി തുടര്‍ച്ചയായി മഴ വരാനിരിക്കുന്ന ദിവസങ്ങളാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഈ ചെളിക്കുളത്തില്‍ എങ്ങനെ യാത്ര ചെയ്യും എന്നാണ് ചോദ്യം ഉയരുന്നത്. പഞ്ചായത്ത് ഓഫിസ്, റേഷന്‍ കട, പാടി റോഡ് ഭാഗങ്ങളില്‍നിന്ന് ഉള്‍പ്പെടെ ഒഴുകിയെത്തുന്ന മഴ വെള്ളമാണ് ചെര്‍ക്കളയില്‍ പാലം പണി പൂര്‍ത്തിയായ ഭാഗത്ത് ഇരുനൂറോളം മീറ്റര്‍ സ്ഥലത്ത് കെട്ടി നില്‍ക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന വലിയ ഡ്രെയ്‌നേജ് ദേശീയപാത വികസനത്തില്‍ പാലം നിര്‍മാണത്തിന് പൊളിച്ചു നീക്കിയതാണ് വെള്ളം ഒഴുകിപ്പോകാതെ കെട്ടി നില്‍ക്കാന്‍ ഇടയായത്.


