KSDLIVENEWS

Real news for everyone

ദേശീയപാതയിലേക്കിറങ്ങി ജില്ലാ കളക്ടർ; ആദ്യം സുരക്ഷ പിന്നെ മതി വേഗത; വെള്ളക്കെട്ടും അപകടസാധ്യതയും ഒഴിവാക്കാൻ നിർദേശം

SHARE THIS ON

കാസർകോട്: ആദ്യം സുരക്ഷ പിന്നീട് വേഗതയെന്ന് ഓർമിപ്പിച്ച് കളക്ടർ കെ. ഇമ്പശേഖർ ദേശീയപാതയിലേക്ക് ഇറങ്ങി. ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തിയുടെ ഭാഗമായി മഴക്കാലപൂർവ ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനാണ് കളക്ടർ ചെങ്കള മുതൽ ചെറുവത്തൂർ മട്ടലായി വരെയുള്ള പ്രദേശങ്ങളിൽ സന്ദർശനം നടത്തിയത്. കാലവർഷത്തിൽ വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകൾ പ്രത്യേകം പരിശോധിച്ചു. ചെങ്കള, തെക്കിൽ ചട്ടഞ്ചാൽ, പൊയിനാച്ചി, അപകടത്തിൽ തകർന്ന പുല്ലൂർ പാലം, ചെമ്മട്ടംവയൽ, കാര്യങ്കോട് പാലം, വീരമലക്കുന്ന്, മട്ടലായിക്കുന്ന് എന്നിവിടങ്ങളിലെ നിർമാണ പ്രവർത്തികളാണ് കളക്ടർ പരിശോധിച്ചത്.


വെള്ളക്കെട്ട് ഒരാഴ്ചയ്‌ക്കകം പരിഹരിക്കും

ചെങ്കളയിൽ ആകാശപാതയുടെ പ്രവൃത്തി നടക്കുന്നതിനാൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകുന്ന വിഷയം ഒരാഴ്ചക്കകം പരിഹരിക്കണമെന്ന് കളക്ടർ നിർദേശം നൽകി. റോഡരികിലെ ഓവുചാൽ പൂർത്തീകരിച്ച് നിലവിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിന് നടപടി സ്വീകരിക്കണമെന്ന് കളക്ടർ കരാറുകാരോട് നിർദേശിച്ചു.


ഓവുചാൽവഴി മഴവെള്ളം ഒഴുക്കിവിടുന്നതിനും ആകാശപാതയുടെ നിർമാണം പൂർത്തിയാക്കാനും നടപടി സ്വീകരിക്കുമെന്ന് നിർമാണ കരാറുകാർ കളക്ടർക്ക് ഉറപ്പ് നൽകി. നിലവിൽ താഴ്‌ന്ന പ്രദേശം മണ്ണിട്ട് ഉയർത്തും. ചെങ്കള താഴെഭാഗത്തുള്ള മണ്ണിടിച്ചിൽ തടയുന്നതിന് നിർമാണപ്രവൃത്തിക്ക്‌ ഇട്ട അധികമണ്ണ് നീക്കുമെന്നും കരാറുകാർ അറിയിച്ചു.

ചെങ്കള പുലിക്കുണ്ടിലെ ദേശീയപാത പുറമ്പോക്കിൽ താമസിക്കുന്ന കേളു മണിയാണിയുടെ പരാതിയും കളക്ടർ പരിഗണിച്ചു. ഇവരുടെ കുടുംബത്തിന് പട്ടയം നൽകുന്നതിന് ഭൂമിയുടെ അനുമതി ലഭിക്കുന്നതിന് ദേശീയപാതാ അതോറിറ്റിയെ സമീപിക്കും. മൂടിയ കിണറിന് നഷ്ടപരിഹാരം നൽകുമെന്നും കളക്ടർ അറിയിച്ചു.


തെക്കിൽ ദേശീയപാത നിർമാണത്തെ തുടർന്ന് വഴി തടസ്സപ്പെട്ട രണ്ട് കുടുംബങ്ങളുടെ പരാതി പരിഹരിക്കാനും കളക്ടർ നിർദ്ദേദേ നൽകി.

പൊയിനാച്ചിയിലെ ക്ഷേത്രത്തിനുമുന്നിലൂടെ റോഡ് നിർമാണം നടത്തില്ലെന്നും ഇവിടെത്തെ ഒൻപത് മീറ്റർ നിർമാണത്തിന്റെ ഡിസൈനിൽ മാറ്റം വരുത്തിയതായും കളക്ടറെ നിർമാണ കരാറുകാരുടെ പ്രതിനിധികൾ അറിയിച്ചു.

മേൽപ്പാലം തകർന്നതിന്റെ പഠനറിപ്പോർട്ട് ഒരാഴ്ചയ്ക്കകം ലഭിക്കും

പുല്ലൂരിലെ മേൽപ്പാലം നിർമാണത്തിനിടെ ഒരു ഭാഗം തകർന്നത് സംബന്ധിച്ച കോഴിക്കോട് എൻ.ഐ.ടി.യുടെ പഠനറിപ്പാർട്ട് ഒരാഴ്ചക്കകം ലഭിക്കുമെന്ന് കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു. ചെമ്മട്ടംവയലിൽ ദേശിയപാത റോഡ് നിർമാണത്തെ തുടർന്ന് യാത്രാതടസ്സം നേരിടുന്നവരുടെ ബുദ്ധിമുട്ടുകൾ പ്രദേശവാസികൾ കളക്ടറെ അറിയിച്ചു. പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കും.

കാര്യങ്കോട്ടെ പുതിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.

പ്രദേശത്ത് കാലവർഷത്തിൻ വെള്ളപ്പൊക്കമുണ്ടാകാതിരിക്കാൻ ജാഗ്രതപാലിക്കണമെന്നും കളക്ടർ നിർദേശിച്ചു. വീരമലക്കുന്ന് ദേശീയപാത പാർശ്വസംരക്ഷണ പ്രവൃത്തി 31-ന് പൂർത്തീകരിക്കും.

ഇവിടെ മണ്ണിടിച്ചിലുണ്ടായാലും ഗതാഗത തടസ്സമുണ്ടാക്കാതെ പരിഹരിക്കാനാകുമെന്ന് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. വീരമലക്കുന്ന് പാർശ്വഭിത്തി നിർമിച്ച് സംരക്ഷിക്കും. മട്ടലായിക്കുന്നിന്റെ സംരക്ഷണഭിത്തി നിർമാണം വേഗത്തിൽ പൂർത്തീകരിക്കാനും കളക്ടർ നിർദ്ദേശം നൽകി.

ദേശീയപാത അതോറിറ്റി പ്രതിനിധി സേതുമാധവൻ, നിർമാണ കരാർ കമ്പനി പ്രതിനിധികളായ മല്ലികാർജുന റാവു, ജെ.എസ്. തിവാരി, ശ്രീരാമമൂർത്തി വെങ്കട്ടരമണ, കാസർകോട് താഹസിൽദാർ അബൂബക്കർ സിദ്ദിഖ്, ഹൊസ്ദുർഗ് താഹ്‌സിൽദാർ എം.മായ, റവന്യൂ ഇൻസ്‌പെക്ടർ എം.അനൂപ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!