ബുര്‍ജ് ഖലീഫയില്‍ രണ്ട് നില; ആസ്തി 18,000 കോടി, ഒടുവില്‍ വീണപ്പോള്‍ കമ്ബനി 74 രൂപയ്ക്ക് വിറ്റ ഇന്ത്യൻ ശതകോടീശ്വരൻ

ശതകോടീശ്വരൻ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. ഓരോ വർഷവും അവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും വലിയ കോടീശ്വരൻ ആരാണെന്ന് ചോദിച്ചാല്‍ കൊച്ചുകുട്ടികള്‍ വരെ പറയും മുകേഷ് അംബാനിയുടെ പേര്.
ഒമ്ബത് ലക്ഷം കോടിയില്‍ കൂടുതല്‍ ആസ്തിയോടെ ഇന്ത്യയില്‍ ഒന്നാം സ്ഥാനം നിലനിർത്താൻ അംബാനിക്ക് സാധിച്ചു. ഫോബ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് കോടീശ്വരന്മാരുടെ പട്ടികയില്‍ 11ാം സ്ഥാനമാണ് മുകേഷ് അംബാനി അലങ്കരിക്കുന്നത്.
പിന്നാലെ 18ാം സ്ഥാനത്ത് ഇന്ത്യയില്‍ നിന്നുള്ള ഗൗതം അദാനിയും ലോക സമ്ബന്നരുടെ പട്ടികയില്‍ ഇടം പിടിച്ചു. പട്ടിക വീണ്ടും പരിശോധിച്ചാല്‍ ഒരുപാട് ഇന്ത്യക്കാരായ ശതകോടീശ്വരന്മാരെയും നമുക്ക് കാണാൻ സാധിക്കും. എന്നിരുന്നാലും, വിവിധ കാരണങ്ങളാല്‍ ശതകോടീശ്വരൻ പദവിയ്‌ക്കൊപ്പം സമ്ബത്തിന്റെ ഗണ്യമായ ഒരു ഭാഗം നഷ്ടപ്പെട്ട നിരവധി സമ്ബന്നരായ ഇന്ത്യക്കാരും ഉണ്ടായിട്ടുണ്ട്. അങ്ങനെയുള്ള ഒരാളെക്കുറിച്ചാണ് ഇനി പറഞ്ഞുവരുന്നത്.
തന്റെ പ്രതാപ കാലത്ത് ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയില്‍ ഒരുപാട് നിലകള്‍ വിലക്കുവാങ്ങിയ, യാത്ര ചെയ്യാൻ സ്വന്തമായി പ്രൈവറ്റ് ജെറ്റുകളുള്ള, റോഡില്‍ കുതിക്കാൻ ഒട്ടേറെ ആഡംബര വാഹനങ്ങളുമുള്ള ബവഗുതി രഘുറാം ഷെട്ടി അല്ലെങ്കില്‍ ബിആർ ഷെട്ടി എന്ന ഇന്ത്യക്കാരനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വെറും 665 രൂപയുമായി ഗള്‍ഫ് രാജ്യത്തേക്ക് പറന്ന് ബിആർ ഷെട്ടി കെട്ടിപ്പടുത്തത് യുഎഇയിലെ ഏറ്റവും വലിയ ഹെല്‍ത്ത് ഓപ്പറേറ്ററായ എൻഎംസി ഹെല്‍ത്തായിരുന്നു.
ഡിഎൻഎയും മറ്റ് ഓണ്‍ലൈൻ റിപ്പോർട്ടുകളും പ്രകാരം ബിആർ ഷെട്ടിക്ക് 18,000 കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്നു. എൻഎംസി ഹെല്‍ത്തിന് പുറമെ ഫിനാബ്ലർ, ബിആർഎസ് വെഞ്ചേഴ്സ്, നിയോഫാർമ എന്നിവയുള്‍പ്പെടെ വിവിധ പുതിയ സംരംഭങ്ങളിലൂടെ അദ്ദേഹം തന്റെ ബിസിനസ് സാമ്രാജ്യം വിപുലീകരിച്ചു. ആഡംബര ജീവിതം ഇഷ്ടപ്പെട്ടു തുടങ്ങിയ ബിആർ ഷെട്ടി 200 കോടി രൂപ മുടക്കി ബുർജ് ഖലീഫയില്‍ രണ്ട് നിലകള്‍ സ്വന്തമാക്കി. കോടികളുടെ പ്രൈവറ്റ് ജെറ്റുകള്‍, മെയ്ബാക്കും റോള്‍സ് റോയിസും അടക്കമുള്ള ആഡംബര കാറുകളും ഷെട്ടിയുടെ ഗാരേജില്‍ എത്തി. ദുബായ് വേള്‍ഡ് ട്രെഡ് സെന്ററിലും പാം ജുമൈറയിലും ആഡംബര വീടുകലും ബിആർ ഷെട്ടിയുടെ പേരിലുണ്ടായിരുന്നു.
എന്നാല്‍ ഒരു ദുസ്വപ്നം പോലെ 2019ല്‍ ആയിരുന്നു ബിആർ ഷെട്ടിയുടെ കഷ്ടകാലം ആരംഭിച്ചത്. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ തിരിച്ചടികള്‍ തന്റെ ബിസിനസ് ലോകം നേരിടാൻ തുടങ്ങി. യഥാർത്ഥ കടം മറച്ചുവയ്‌ക്കാൻ പണമൊഴുക്ക് വർദ്ധിപ്പിക്കുകയാണെന്ന് യുകെ ആസ്ഥാനമായി പ്രവർത്തിച്ച കാർസണ്‍ ബ്ലോക്ക് എന്ന നിക്ഷേപ ഗവേഷണ സ്ഥാപനം ആരോപിച്ചതോടെയാണ് പ്രതിസന്ധികള്‍ ബിആർ ഷെട്ടിയെ തേടിയെത്തിയത്. ഇതോടെ എൻഎംസി ഹെല്‍ത്തിന്റെ ഓഹരികളില്‍ ഗണ്യമായ ഇടിവിന് കാരണമായി.
ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ബോദ്ധ്യമായ ഷെട്ടി തന്റെ കമ്ബനിയെ വെറും 74 രൂപയ്ക്ക് ഇസ്രായേല്‍-യുഎഇ കണ്‍സോർഷ്യത്തിന് വില്‍ക്കാൻ നിർബന്ധിതനായി. ഈ ഇന്ത്യൻ ശതകോടീശ്വരന്റെ കഥ കഴിഞ്ഞ ദശകത്തിലെ കോർപ്പറേറ്റ് തകർച്ചയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്. ബിആർ ഷെട്ടിയുടെ ഈ തകർച്ച ബിസിനസ് ലോകത്തെ ഒന്നാകെ പിടിച്ചുലച്ചിരുന്നു.

