“ഹൈദരാബാദിന്റെ അടിവേരിളക്കി ശ്രേയസ് അയ്യരും സംഘവും; കൊല്‍ക്കത്തയ്ക്ക് മൂന്നാം IPL കിരീടം”
ചെന്നൈ: ഗ്രൂപ്പ് ഘട്ടത്തിലോ പ്ലേഓഫിലോ കാഴ്ചവെച്ച പ്രകടനത്തിന്റെ നിഴല്‍പോലുമായിരുന്നില്ല ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മിച്ചല്‍ സ്റ്റാര്‍ക്കും ആന്ദ്രെ റസലും ഹര്‍ഷിത് റാണയും ചേര്‍ന്ന് പേരുകേട്ട ഹൈദരാബാദ് ബാറ്റിങ് ലൈനപ്പിന്റെ അടിവേര് മാന്തി. സീസണിലെ ഏറ്റവും അപകടകാരികളായ ട്രാവിസ് ഹെഡ്-അഭിഷേക് ശര്‍മ സഖ്യത്തെ കേവലം ആറ് റണ്‍സിനിടെ തിരികെയയക്കാന്‍ കൊല്‍ക്കത്തക്കായി. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് 18.3 ഓവറില്‍ 113-ന് പുറത്ത്. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് (16 പന്തില്‍ 24) ആണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ലക്ഷ്യം മറികടക്കാന്‍ പത്തോവറും ചില്ലറ പന്തുകളും മാത്രമേ വേണ്ടിവന്നുള്ളൂ. കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് നേടി ലക്ഷ്യം ഭേദിച്ചു. ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസും വെങ്കടേഷ് അയ്യരും രണ്ടാം വിക്കറ്റില്‍ നടത്തിയ പോരാട്ടമാണ് കൊല്‍ക്കത്തന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. ഇരുവരും ചേര്‍ന്ന് 91 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വെങ്കടേഷ് അയ്യര്‍ 26 പന്തുകളില്‍ 52 റണ്‍സ് നേടി. വെങ്കടേഷ് തന്നെയാണ് വിജയറണ്‍ കുറിച്ചത്. റഹ്‌മാനുള്ള ഗുര്‍ബാസ് 32 പന്തില്‍ 39 റണ്‍സ് നേടി.സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് എറിഞ്ഞ രണ്ടാം ഓവറില്‍ സുനില്‍ നരെയ്ന്‍ (2 പന്തില്‍ 6) പുറത്തായതാണ് കൊല്‍ക്കത്തയ്‌ക്കേറ്റ തിരിച്ചടി. ഒന്‍പതാം ഓവറില്‍ ഗുര്‍ബാസും പുറത്തായി. ശ്രേയസ് അയ്യരായിരുന്നു (3 പന്തില്‍ 6) വിജയസമയത്ത് വെങ്കടേഷിനൊപ്പം ക്രീസില്‍. സ്റ്റാര്‍ക്ക് നല്‍കിയ തുടക്കം ഐ.പി.എല്‍. ഫൈനലിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറാണ് ഹൈദരാബാദിന്റേത്. പവര്‍പ്ലേയിലെ മൂന്നോവറില്‍ അഭിഷേക് ശര്‍മയെയും ത്രിപാഠിയെയും പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് കൊല്‍ക്കത്തയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. സീസണിലെ ആദ്യ കളികളില്‍ കൈയഴിഞ്ഞ് റണ്‍സ് വഴങ്ങിയ സ്റ്റാര്‍ക്ക്, അവസാനത്തിലെത്തിയതോടെ കൊല്‍ക്കത്തയുടെ ഏറ്റവും വിശ്വസനീയ ബൗളറായി. 14 റണ്‍സ് മാത്രമാണ് സ്റ്റാര്‍ക്ക് വഴങ്ങിയത്. ഇതിനിടെ അപകടകാരിയായ ട്രാവിസ് ഹെഡിനെ രണ്ടാം ഓവറില്‍ വൈഭവ് അറോറയും മടക്കി. സണ്‍റൈസേഴ്‌സിന്റെ കൂട്ടത്തകര്‍ച്ച ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് 18.3 ഓവറില്‍ 113 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് (19 പന്തില്‍ 24) ആണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ആന്ദ്രെ റസല്‍, മിച്ചല്‍ സ്റ്റാര്‍ക്ക് ഉള്‍പ്പെടെയുള്ള ബൗളര്‍മാരാണ് കൊല്‍ക്കത്തയുടെ വിജയലക്ഷ്യത്തിലേക്കുള്ള വേഗം കുറച്ചത്. സ്റ്റാര്‍ക്കിന്റെ ഓപ്പണിങ് ഓവറില്‍ ബൗള്‍ഡായാണ് അഭിഷേക് മടങ്ങിയത് (5 പന്തില്‍ 2). രണ്ടാം ഓവറെറിഞ്ഞ വൈഭവ് അറോറ, അവസാന പന്തില്‍ ട്രാവിസ് ഹെഡിനെയും മടക്കി (0). ഗുര്‍ബാസിന്റെ കൈകളിലെത്തിയാണ് ഹെഡ് മടങ്ങിയത്. ഇതോടെ ഈ സീസണിലെ ഏറ്റവും വിഖ്യതരായ ഓപ്പണര്‍മാര്‍ ആറു റണ്‍സിനിടെ പുറത്തായി. ഇത് കൊല്‍ക്കത്തയ്ക്കുണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല. അഞ്ചാം ഓവറില്‍ രാഹുല്‍ ത്രിപാഠിയും (13 പന്തില്‍ 9) മടങ്ങി. പവര്‍പ്ലേയില്‍ ടീം നേടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വെറും 40 റണ്‍സ്. അതും ആറാം ഓവറില്‍ 17 റണ്‍സ് പിറന്നതുകൊണ്ട്. ആദ്യ അഞ്ചോവറിനിടെ പിറന്നത് ഒറ്റ ഫോറാണ്. ഏഴാം ഓവറില്‍ നിതീഷ് റെഡ്ഢിയും പുറത്തായി (10 പന്തില്‍ 13). 11-ാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രമും (23 പന്തില്‍ 20) പുറത്തായതോടെ ഹൈദരാബാദ് വലിയ പതനത്തിലേക്ക് കൂപ്പുകുത്തി. പത്തോവറില്‍ 61 റണ്‍സായിരുന്നു ടീം ടോട്ടല്‍. പിന്നീട് 12-ാം ഓവറില്‍ ഷഹബാസ് അഹ്‌മദ് (7 പന്തില്‍ 8), 13-ാം ഓവറില്‍ അബ്ദുല്‍ സമദ് (4), 15-ാം ഓവറില്‍ ഹെന്റിച്ച് ക്ലാസന്‍ (17 പന്തില്‍ 16) എന്നിവരും പുറത്തായതോടെ ഹൈദരാബാദിന്റെ കഥ ഏതാണ്ട് കഴിഞ്ഞു. നരെയ്ന്‍ എറിഞ്ഞ 18-ാം ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി ജയദേവ് ഉനദ്കട്ടും റസലിന്റെ തൊട്ടടുത്ത ഓവറില്‍ കമിന്‍സും മടങ്ങിയതോടെ ഹൈദരാബാദ് ടോട്ടല്‍ 113 ആയി. 2.3 ഓവറില്‍ 19 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറഅറുകള്‍ നേടിയ ആന്ദ്രെ റസലും മൂന്നോവറില്‍ 14 റണ്‍സ് നല്‍കി രണ്ട് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് കൊല്‍ക്കത്തന്‍ ബൗളര്‍മാരിലെ ഹീറോ. ഹര്‍ഷിത് റാണ നാലോവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. വൈഭവ് അറോറയ്ക്കും സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിക്കും ഓരോ വിക്കറ്റ്. പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ് നേടാനായി.