KSDLIVENEWS

Real news for everyone

റഫ കൂട്ടക്കുരുതിക്കെതിരെ ആഗോള പ്രതിഷേധം; ദുരന്തപൂര്‍ണമായ അബദ്ധമെന്ന് നെതന്യാഹു, യഥാര്‍ഥ ഉത്തരവാദി ബൈഡനെന്ന് ഹമാസ്

SHARE THIS ON

ദുബൈ: റഫയിലെ അഭയാർഥി ക്യാമ്ബില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിയുടെ ഞെട്ടല്‍ വിട്ടുമാറാതെ ലോകം. കുരുതിക്കെതിരെ സഖ്യരാജ്യങ്ങള്‍ കൂടി രംഗത്തുവന്നതോടെ ഇസ്രായേല്‍ കൂടുതല്‍ ഒറ്റപ്പെട്ടു.

ദുരന്തപൂർണമായ അബദ്ധമാണ് അംഭവിച്ചതെന്നും ഇതേക്കുറിച്ച്‌ അന്വേഷണം നടക്കുന്നതായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു . ആസൂത്രിത വംശഹത്യയുടെ തുടർച്ച മാത്രമാണിതെന്നും അമേരിക്കൻ പ്രസിഡൻറ് ബൈഡനാണ് കുരുതിയുടെ ഉത്തരവാദിയെന്നും ഹമാസ് നേതാവ് ഒസാമ ഹംദാൻ പ്രതികരിച്ചു.

സുരക്ഷിത സ്ഥലത്തെ ക്യാമ്ബിനു നേരെ പോലും ആക്രമണം നടത്തുന്ന ഇസ്രായേലിനെ നിയന്ത്രിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയും അറബ് ലീഗും മുന്നറിയിപ്പ് നല്‍കി. റഫയില്‍ ആക്രമണം പാടില്ലെന്ന അന്താരാഷ്ട്ര കോടതിയുടെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് ഇസ്രായേല്‍ രൂക്ഷമായ ആക്രമണം തുടരുന്നത്. ആക്രമണം നടന്ന ടെന്റുകള്‍ക്ക് സമീപം യു.എൻ കാമ്ബ് പ്രവർത്തിക്കുന്നുണ്ട്.

യു.എൻ ക്യാമ്ബുകള്‍ക്ക് സമീപം ആക്രമണം അരുതെന്ന നിയമവും ഇസ്രായേല്‍ ലംഘിച്ചു. രൂക്ഷമായ ആക്രമണത്തില്‍ നിന്ന് രക്ഷതേടി സുരക്ഷിത സഥലത്ത് ടെൻറുകളില്‍ കഴിഞ്ഞവരെ പോലും കൊന്നൊടുക്കുന്ന ക്രൂരതയാണ് ഇസ്രായേല്‍ തുടരുന്നതെന്ന് യു.എൻ സെക്രട്ടറി ജനറല്‍ ആൻറണിയോ ഗുട്ടറസ് പറഞ്ഞു. വലിയ നടുക്കം സൃഷ്ടിക്കുന്ന ചിത്രങ്ങളാണ് റഫയില്‍ നിന്നു പുറത്തുവരുന്നതെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. അന്വേഷണം ഉടൻ പൂർത്തീകരിച്ച്‌ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ജർമൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

യൂറോപ്യൻ യൂനിയനും കൂട്ടക്കുരുതിയെ അപലപിച്ചു. സ്പെയിൻ, സ്പെയിൻ, നോർവെ, അയർലാൻറ് എന്നീ യൂറോപ്യൻ രാജ്യങ്ങള്‍ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന പ്രഖ്യാപനം ഇന്ന് നടത്തും. മറ്റ് യൂറോപ്യൻ രാജ്യങ്ങളും ഈ ദിശയിലുള്ള നടപടി ത്വരിതമാക്കണമെന്ന് സ്പെയിൻ ആവശ്യപ്പെട്ടു.

ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങള്‍ വെടിനിർത്തലിനും ബന്ദി മോചനത്തിനുമുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്ന് ഖത്തറിെൻറ മുന്നറിയിപ്പ്. ലബനാനില്‍ ഹിസ്ബുല്ല ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്നലെയും നിരവധി മിസൈലുകള്‍ അയച്ചു. ചെങ്കടലില്‍ അമേരിക്കയുടെയും ഇസ്രായേലിന്‍റെയും കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന് ഹൂത്തികള്‍. കപ്പലിനു നേരെ ഹൂതികള്‍ തൊടുത്തുവിട്ട ഒരു ഡ്രോണ്‍ തകർത്തതായി യു.എസ് സെൻട്രല്‍ കമാൻറ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!