പ്രധാനമന്ത്രിപദത്തിന്റെ അന്തസ്സ് ഇത്രയും താഴ്ത്തിയ മറ്റൊരാളില്ല; മോദിക്കെതിരേ മൻമോഹൻ സിങ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്. വിദ്വേഷപ്രസംഗങ്ങളിലൂടെ പൊതുഭാഷണത്തിന്റെയും പ്രധാനമന്ത്രിപദത്തിന്റെയും അന്തസ്സ് താഴ്ത്തിയ മറ്റൊരാളുണ്ടാവില്ലെന്ന് മൻമോഹൻ കുറ്റപ്പെടുത്തി.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിന് മുന്നോടിയായി പഞ്ചാബിലെ വോട്ടർമാർക്കയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. ”മുൻകാലങ്ങളിൽ ഒരു പ്രധാനമന്ത്രിയും സമൂഹത്തിലെ ഏതെങ്കിലും പ്രത്യേക വിഭാഗത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യംവെച്ചുകൊണ്ട് ഇത്രയും വിദ്വേഷജനകവും പാർലമെന്ററി വിരുദ്ധവും പരുഷവുമായ വാക്കുകൾ പ്രയോഗിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഞാൻ രാഷ്ട്രീയ പ്രഭാഷണങ്ങൾ ശ്രദ്ധാപൂർവം പിന്തുടർന്നിരുന്നു. വിദ്വേഷപ്രസംഗങ്ങളുടെ ഏറ്റവും നികൃഷ്ടമായ രൂപമാണ് മോദിയുടെ ഭാഗത്തുനിന്നുണ്ടായത്. അത് പൂർണമായും ഭിന്നിപ്പിക്കുന്ന രീതിയിലാണ്. എന്നെക്കുറിച്ച് ചില തെറ്റായ പ്രസ്താവനകളും അദ്ദേഹം നടത്തി. ജീവിതത്തിൽ ഞാനൊരിക്കലും ഒരു സമൂഹത്തെ മറ്റൊന്നിൽനിന്ന് വേർതിരിച്ചിട്ടില്ല. അത് ബി.ജെ.പി.യുടെ മാത്രം കുത്തകയാണ്” -മൻമോഹൻ കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ വിഭവങ്ങളിൽ മുസ്ലിങ്ങൾക്കാണ് ആദ്യ അവകാശമെന്ന് മൻമോഹൻ മുമ്പ് പറഞ്ഞതായി മോദി നേരത്തേ തിരഞ്ഞെടുപ്പുറാലിയിൽ ആരോപിച്ചിരുന്നു. ഇതിനെതിരേ രൂക്ഷവിമർശവുമായി കോൺഗ്രസ് രംഗത്തെത്തുകയും ചെയ്തു.
”ഇന്ത്യയിലെ ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. വ്യാജപ്രചാരണത്തിന്റെ ആഖ്യാനങ്ങൾ അതിന്റെ പാരമ്യത്തിലെത്തി. ഭിന്നിപ്പിന്റെ ശക്തികളിൽനിന്ന് നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ രക്ഷിക്കേണ്ടത് ഇപ്പോൾ നമ്മുടെ കടമയാണ്” -മൻമോഹൻ കത്തിൽ പറഞ്ഞു.
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനും വളർച്ചയിലൂന്നിയ പുരോഗമനഭാവി ഉറപ്പാക്കാനും കോൺഗ്രസിനുമാത്രമേ കഴിയൂ എന്നും അദ്ദേഹം അവകാശപ്പെട്ടു. സായുധസേനയ്ക്ക് താത്പര്യമില്ലാത്ത അഗ്നിവീർ നിയമനപദ്ധതി അവർക്കുമേൽ ബി.ജെ.പി. സർക്കാർ അടിച്ചേൽപ്പിക്കുകയാണ്. സൈനികരുടെ രാജ്യസ്നേഹത്തിന്റെയും ധീരതയുടെയും സേവനത്തിന്റെയും മൂല്യം നാലുവർഷം മാത്രമാണെന്നാണ് ബി.ജെ.പി. കരുതുന്നത്. ഇത് അവരുടെ കപടദേശീയതയുടെ വലിയ തെളിവാണ് -മൻമോഹൻ കുറ്റപ്പെടുത്തി.

