KSDLIVENEWS

Real news for everyone

കെജ്‌രിവാളിന് തിരിച്ചടി; ജാമ്യം നീട്ടണമെന്ന ഹർജി പരിഗണിക്കുക ജൂൺ 7-ന്; നാളെ ജയിലിലേക്ക് മടങ്ങണം

SHARE THIS ON

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജൂൺ ഏഴിലേക്ക് മാറ്റി ഡൽഹി റൗസ്‌ അവന്യൂ കോടതി. ഇതോടെ, ഞായറാഴ്ച തന്നെ കെജ്‌രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങേണ്ടിവരും. മാർച്ച് 21-ന് ഇ.ഡി. അറസ്റ്റുചെയ്ത കെജ്‌രിവാളിന് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മേയ് പത്തിനാണ് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്.

ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി നേരത്തെ സ്വീകരിച്ചിരുന്നില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്നായിരുന്നു അപേക്ഷ നിരസിച്ചുകൊണ്ട് രജിസ്ട്രി വ്യക്തമാക്കിയത്. ഇതിനുപിന്നാലെയാണ് കെജ്‌രിവാൾ വിചാരണക്കോടതിയിലെത്തിയത്. ഇടക്കാല ജാമ്യം തേടി കെജ്‌രിവാൾ സമർപ്പിച്ച അപേക്ഷയെ ഇ.ഡി. എതിർത്തു. ആരോഗ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹം വസ്തുതകൾ മറച്ചുവയ്ക്കുന്നുവെന്നും തെറ്റായ പ്രസ്താവനകൾ നടത്തുന്നുവെന്നും ഇ.ഡി.ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

ജൂൺ രണ്ടിന് കീഴടങ്ങുമെന്ന് തെറ്റായ അവകാശവാദം കെജ്‌രിവാൾ ഉന്നയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂൺ രണ്ടിന് തിഹാർ ജയിലിൽ കീഴടങ്ങുമെന്ന് വെള്ളിയാഴ്ച അരവിന്ദ് കെജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ ശരീരം അടുത്തിടെ ഗുരുതരമായ രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള രോഗമുണ്ടോ എന്ന് തിരിച്ചറിയുന്നതിന് വൈദ്യപരിശോധനയ്ക്ക് വിധേയനാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!