കുവൈത്ത് ദുരന്തം: ചികിത്സയിലുള്ളത് 27 പേർ, കൂടുതലും മലയാളികൾ; മൃതദേഹങ്ങൾ തിരിച്ചറിയാൻ DNA പരിശോധന
തിരുവനന്തപുരം: കുവൈത്തിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത് 27 പേർ. ഇവരിൽ കൂടുതലും മലയാളികളാണ്. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി കെ.വി സിങ് കുവൈത്തില്‍ എത്തിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വ്യോമസേനാ വിമാനത്തില്‍ ഇന്ത്യയില്‍ എത്തിക്കാനാണ് ശ്രമം നടക്കുന്നത്.
അതിനിടെ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ- യഹിയയുമായി സംസാരിച്ചു. തീപ്പിടിത്തത്തിനുശേഷം കുവൈത്ത് അധികൃതർ സ്വീകരിച്ച നടപടികളെ കുറിച്ച് അബ്ദുല്ല അലി അൽ യഹിയ ജയശങ്കറിനോട് വിവരിച്ചു. അപകടത്തിൽ മൊത്തം 49 പേർ മരിച്ചതായാണ് വിവരം. ഇതിൽ 41 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 26 പേരെ തിരിച്ചറിഞ്ഞു.
മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത നിലയിൽ, പലരും മരിച്ചത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ശ്വാസംമുട്ടി
മരിച്ച പലരുടേയും മൃതദേഹം തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്. അതിനാൽ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന അടക്കം വേണ്ടിവരും. ക്യാമ്പിനുള്ളിൽ ഉറങ്ങുമ്പോൾ, തീപ്പിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മിക്കവരും മരിച്ചതെന്നാണ് അധികൃതർ പറയുന്നത്.
തീപ്പിടിത്തിനു പിന്നിൽ നിയമലംഘനങ്ങൾ കാരണമായിട്ടുണ്ടെന്ന് പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. ചെലവ് ചുരുക്കാനായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ നിരവധി തൊളിലാളികളെ കെട്ടിടത്തിനുള്ളിൽ പാർപ്പിച്ചെന്നാണ് കുവൈത്ത് ടൈംസിന്റെ റിപ്പോർട്ടിലുള്ളത്.
തൊഴിലാളികൾ താമസിച്ച കെട്ടിടത്തിലെ മുറികൾ തമ്മിൽ വിഭജിക്കാനായി പെട്ടെന്നു കത്തിപ്പിടിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചിരുന്നെന്ന് കുവൈത്ത് ഫയർ ഡിപ്പാർട്ട്മെന്റ് മേധാവിയെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് റിപ്പോർട്ടുചെയ്തു. പലരും കോണിപ്പടിയിലൂടെ താഴേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുക ശ്വസിച്ച് ശ്വാസംമുട്ടി മരിക്കുകയാരിന്നുവെന്നും കുവൈത്ത് ടൈംസ് പറയുന്നു.
സഹായം വാഗ്ദാനം ചെയ്ത എൻബിടിസി മാനേജ്‌മെന്റ്
കുവൈത്ത് എൻ.ബി.ടി.സിയിൽ ബുധനാഴ്ചയുണ്ടായ ദുരന്തത്തിൽ ജീവഹാനി സംഭവിച്ച ജീവനക്കാരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ ഉണ്ടാകുമെന്ന് എൻ.ബി.ടി.സി മാനേജ്‌മെന്റ് അറിയിച്ചു. മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ദ്രുതഗതിയിൽ നടന്നുവരുന്നുണ്ടെന്നും എല്ലാ നഷ്ടപരിഹാരങ്ങളും അവരുടെ കുടുംബത്തിലേക്കെത്തിക്കാൻ എൻ.ബി.ടി.സി പ്രതിജ്ഞാബദ്ധമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ മുഴുവൻ ജീവനക്കാർക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്തിയതായും മാനേജ്‌മെന്റ് വ്യക്തമാക്കി.