KSDLIVENEWS

Real news for everyone

മരണം 13 ആയി; ഒരാൾ അറസ്റ്റിൽ, എസ്.പിക്ക് സസ്പെൻഷൻ, കളക്ടറെ സ്ഥലംമാറ്റി

SHARE THIS ON

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. നാല്പതോളം പേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം. കള്ളക്കുറിച്ചി താലൂക്കിലെ കരുണപുരം കോളനിയില്‍നിന്നുള്ളവരാണ് മരിച്ചവരും ചികിത്സയിലുള്ളവരും.
സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ശനനടപടി ആരംഭിച്ചു. ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ ജടാവത്തിനെ സ്ഥലം മാറ്റി. എസ്.പി. സമയ് സിങ് മീണയെ സസ്‌പെന്‍ഡ് ചെയ്തു. എം.എസ്. പ്രശാന്ത് ആണ് പുതിയ ജില്ലാ കളക്ടര്‍. രജത് ചതുര്‍വേദിക്കാണ് പോലീസ് സൂപ്രണ്ടിന്റെ ചുമതല. ഡി.എസ്.പിമാരായ തമിഴ്‌ശെല്‍വനേയും മനോജിനേയും സസ്‌പെന്‍ഡ് ചെയ്തു. ഇവരെക്കൂടാതെ ഏഴ് പോലീസ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

വിഷമദ്യം വിറ്റ കണ്ണുക്കുട്ടു എന്നറിയപ്പെടുന്ന ഗോവിന്ദരാജിനെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ വിറ്റ മദ്യത്തില്‍ മെഥനോളിന്റെ അംശമുണ്ടായിരുന്നതായി ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായതായി അധികൃതർ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം സി.ബി- സി.ഐ.ഡിക്ക് കൈമാറി. നിയമലംഘനങ്ങളെ ഉരുക്കുമുഷ്ടിയോടെ നേരിടുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. കള്ളക്കുറിച്ചിയില്‍ ചികിത്സയിലുള്ള 26 പേര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് മന്ത്രിമാരായ ഇ.വി. വേലുവിനോടും മാ. സുബ്രഹ്‌മണ്യനോടും സ്ഥലത്തേക്ക് തിരിക്കാന്‍ സ്റ്റാലിന്‍ നിര്‍ദേശിച്ചു.

സര്‍ക്കാര്‍ കള്ളക്കുറിച്ചിയിലേക്ക് നാലംഗ മെഡിക്കല്‍ സംഘത്തെ അയച്ചു. സേലത്തുനിന്നും തിരുവണ്ണാമലൈയില്‍നിന്നും കള്ളക്കുറിച്ചിയിലേക്ക് ഡോക്ടര്‍മാരെത്തിയിട്ടുണ്ട്. 12 ആംബുലന്‍സുകളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.


പാക്കറ്റ് മദ്യം കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥതകളുണ്ടായ 20-ഓളം പേര്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടിയെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. 18 പേരെ പുതുച്ചേരി ജിപ്‌മെറിലേക്ക് മാറ്റി. ആറുപേര്‍ സേലം സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സയിലാണ്.

error: Content is protected !!