അഞ്ചാംനാളിലും അർജുൻ കാണാമറയത്ത്; നിസ്സഹായരായി ബന്ധുക്കൾ, പ്രാർഥനയോടെ കേരളം

കോഴിക്കോട്/ബെംഗളൂരു: ഷിരൂരിൽ 500 മീറ്ററോളം ഉയരത്തിൽനിന്നാണ് റോഡിലേക്ക് കുന്നിടിഞ്ഞുവീണത്. 300 മീറ്ററോളം വീതിയിൽ മണ്ണിടിഞ്ഞ സ്ഥലത്ത് മൂന്നു മണ്ണുമാന്തി യന്ത്രങ്ങൾമാത്രം വെച്ചാണ് ആദ്യം മണ്ണ് നീക്കിക്കൊണ്ടിരുന്നത്. അങ്കോലയിലെ കുംത പോലീസുമായും കാർവാർ ജില്ലാപോലീസ് മേധാവിയുമായും അർജുന്റെ ബന്ധുക്കൾ ബന്ധപ്പെട്ടെങ്കിലും അങ്ങനെയൊരു ലോറി അവിടെയില്ല എന്ന നിലപാടിലായിരുന്നു പോലീസ്.
അർജുന്റെ സഹോദരീഭർത്താവും ബന്ധുക്കളുമടക്കം 17-നുതന്നെ സ്ഥലത്തെത്തിയിട്ടും നിസ്സഹായരായി നിൽക്കേണ്ടിവന്നു. ദേശീയപാതയിലെ മണ്ണുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനാണ് പോലീസിന്റെയും റവന്യു അധികൃതരുടെയും ഭാഗത്തുനിന്ന് ശ്രമമുണ്ടായത്.
ചൊവ്വാഴ്ച രാവിലെ എട്ടേമുക്കാലിനാണ് കുന്നിടിഞ്ഞുവീണത്. റോഡരികിലെ ചായക്കടയുടെ മുകളിലൂടെ മണ്ണ് തൊട്ടുതാഴെയുള്ള ഗംഗാവലി പുഴയിൽ പതിച്ചു. ചായക്കടയിലുണ്ടായിരുന്നവരുൾപ്പെടെ 10 പേർ ദുരന്തത്തിൽപ്പെട്ടതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഏഴുപേരുടെ മൃതദേഹം വ്യാഴാഴ്ചയോടെ കണ്ടെടുത്തു. അർജുന്റെ കുടുംബം പരാതിയുമായി എത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് ഉത്തര കന്നഡയിലെ ജില്ലാഭരണകൂടവുമായി ഏകോപനത്തിന് കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിങ്ങിനെയും ചുമതലപ്പെടുത്തി.
ഇടപെടലുമുണ്ടായശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് തിരച്ചിൽ ഊർജിതമാക്കിയതെന്ന് അർജുന്റെ ഭാര്യാസഹോദരൻ ജിതിൻ പറഞ്ഞു. ദേശീയ ദുരന്തനിവാരണസേന, അഗ്നിരക്ഷാസേന, പോലീസ്, നാട്ടുകാർ എന്നിവരും ഇപ്പോൾ രക്ഷാപ്രവർത്തനത്തിനുണ്ട്. മുഴുവൻ ആളുകളെയും കണ്ടെത്താൻ എല്ലാ ശ്രമവും നടത്തുമെന്ന് ഉത്തരകന്നഡ ജില്ലാ പോലീസ് സൂപ്രണ്ട് എം. നാരായണ പറഞ്ഞു.
അർജുന്റെ യാത്ര ഇങ്ങനെ
കോഴിക്കോട്: അർജുൻ ലോറിയുമായി യാത്രയാരംഭിക്കുന്നത് ജൂലായ് എട്ടിന്. കണ്ണാടിക്കലിലെ വീട്ടിൽനിന്ന് പുറപ്പെട്ടു. മലപ്പുറത്തെ കോട്ടക്കലിൽനിന്ന് കല്ലുമായി മൈസൂരുവിലെ മലവള്ളിയിലേക്ക്. അവിടെനിന്ന് കുശാൽനഗറിലെത്തി കാറ്റാടി മരത്തടി കയറ്റി നേരേ ബെലഗാവിയിലേക്ക്. അവിടെ മരത്തടിയിറക്കി ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയിൽനിന്ന് അക്കേഷ്യ മരത്തടി കയറ്റി മടക്കയാത്ര. ചൊവ്വാഴ്ച പുലർച്ചെയോടെ 200 കിലോമീറ്റർ അകലെയുള്ള ഷിരൂരിലെത്തി. എട്ടേമുക്കാലോടെ മണ്ണിടിച്ചിലുണ്ടാകുന്നു. പിന്നീട് അർജുനെക്കുറിച്ച് യാതൊരു വിവരവുമില്ല.
പ്രതീക്ഷയിൽ ബന്ധുക്കൾ
അർജുൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഭാര്യ കൃഷ്ണപ്രിയയും അച്ഛൻ പ്രേമനും അമ്മ ഷീലയും ബന്ധുക്കളുമെല്ലാം. ‘‘എങ്ങനെയെങ്കിലും അവനെ രക്ഷിച്ചാൽമതി, എന്തെങ്കിലും അദ്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയാണുള്ളത്’’ -സഹോദരി അഞ്ജു പറഞ്ഞു. കോഴിക്കോട് കിണാശ്ശേരിയിലുള്ള മനാഫിന്റെയും മുനീബിന്റെയും ലോറിയിൽ എട്ടുവർഷത്തോളമായി ഡ്രൈവറാണ് അർജുൻ. സ്ഥിരമായി തടികയറ്റാനായി ബെലഗാവിയിലേക്ക് പോകുന്നതാണ്. രണ്ടാഴ്ച കഴിയുമ്പോഴാണ് തിരിച്ചെത്താറെന്ന് അഞ്ജു പറഞ്ഞു.
സഹോദരൻ അഭിജിത്തും ഭർത്താവ് ജിതിനും അമ്മയുടെ സഹോദരിയുടെ മകൻ നിവേദും സംഭവസ്ഥലത്തേക്ക് തിരിച്ചു. കേരളത്തിലും കർണാടകയിലും പോലീസിൽ പരാതിനൽകിയെങ്കിലും തുടക്കത്തിൽ കാര്യമുണ്ടായില്ല. എം.കെ. രാഘവൻ എം.പി.യുടെ ഓഫീസിലെത്തി കാര്യങ്ങൾ പറഞ്ഞപ്പോൾ നടപടികൾ ഊർജിതമാക്കാമെന്ന് ഉറപ്പുലഭിച്ചു. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ടു. അതിനുശേഷമാണ് കർണാടകയിലെ അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായതെന്നും അഞ്ജു പറഞ്ഞു.
തിരച്ചിലിനായി ഇടപെട്ട് കേരളം
തിരുവനന്തപുരം: കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽപ്പെട്ട മലയാളി ലോറിഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ കർണാടക അധികൃതർ ശക്തമാക്കിയത് കേരളത്തിന്റെ ഇടപെടലിനെത്തുടർന്ന്. വെള്ളിയാഴ്ച രാവിലെ അപകടവാർത്ത പുറത്തുവന്നതിനു ശേഷമാണ് ദുരന്തത്തിൽ മലയാളി ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം കർണാടക അധികൃതർ സ്ഥിരീകരിച്ചത്.
ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ വിളിച്ചു. ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ കളക്ടറുമായും പോലീസ് സൂപ്രണ്ടുമായും ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾതേടി. രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിനിടെ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ വിളിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കാനും ആവശ്യപ്പെട്ടു.
മന്ത്രി കെ.ബി. ഗണേഷ്കുമാർ കർണാടക ഗതാഗതമന്ത്രിയെയും ട്രാൻസ്പോർട്ട് കമ്മിഷണറെയും ബന്ധപ്പെട്ടു. സ്ഥലത്തേക്ക് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെ അയച്ചു. ജി.പി.എസ്. വിവരങ്ങൾ ശേഖരിക്കാൻ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കറിനെ ചുമതലപ്പെടുത്തി.

