KSDLIVENEWS

Real news for everyone

പുതിയവീട്ടിൽ താമസിച്ചു കൊതിതീരും മുൻപേ അവർ മടങ്ങിയത് മരണത്തിലേക്ക്; നോവായി പ്രവാസി കുടുംബം

SHARE THIS ON

എടത്വ(ആലപ്പുഴ): അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച നാലംഗ കുടുംബം അവധി കഴിഞ്ഞ് കുവൈത്തിലേക്ക് മടങ്ങിയത് വെള്ളിയാഴ്ച പുലർച്ചെ. രാത്രി ഒൻപതോടെയായിരുന്നു ഇവർ താമസിച്ചിരുന്നിടത്ത് തീ പടർന്നത്. എ.സിയിലെ വൈദ്യുതി തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നും സൂചനയുണ്ട്.


ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിന് (14), ഐസക് (9) എന്നിവരാണ് മരിച്ചത്. അവധിക്ക് നാട്ടില്‍വന്ന് മടങ്ങിയ കുടുംബം വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഫ്‌ളാറ്റില്‍ തിരിച്ചെത്തിയത്. യാത്രാക്ഷീണത്തെത്തുടര്‍ന്ന നേരത്തെ ഉറങ്ങാന്‍ കിടന്നിരുന്നുവെന്നാണ് സൂചന.

കുവെത്തിൽ റോയിട്ടേഴ്‌സ് ജീവനക്കാരനായ മാത്യുവും, നേഴ്സായ ലിനിയും കുട്ടികളുടെ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായാണ് ഒരു മാസത്തെ അവധി പൂർത്തിയാക്കി മടങ്ങിയത്. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ പുതിയ വീടിന്റെ നിർമാണം കഴിഞ്ഞത്. ശേഷം, കൂദാശയ്ക്ക് വന്നെങ്കിലും അധികം നാൾ നിൽക്കാനായിരുന്നില്ല. ഇത്തവണത്തെ അവധിക്കു വന്നപ്പോൾ മാത്യുവും കുടുംബവും ഈ വീട്ടിലായിരുന്നു താമസിച്ചത്.

അഗ്‌നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തിയാണ് തുടര്‍നടപടി സ്വീകരിച്ചത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കുവൈത്തിലെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കുന്നതിന് കുവൈത്തിലെ ഇന്ത്യൻ അംബാസിഡറും കേന്ദ്രമന്ത്രിമാരും ഇടപെടുന്നുണ്ട്. മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷും വിഷയത്തിൽ ഇടപെടുന്നുണ്ട്.

error: Content is protected !!