KSDLIVENEWS

Real news for everyone

നിപ ബാധിച്ച് പതിനാലുകാരന്‍ മരിച്ച സംഭവം: ആന്റിബോഡി കൊടുക്കുന്നതിന് മുമ്പ് ഹൃദയാഘാതമുണ്ടായി; സംസ്‌കാരം പ്രോട്ടോകോള്‍ പ്രകാരം

SHARE THIS ON

കോഴിക്കോട്: നിപ ബാധിച്ച് പതിനാലുകാരന്‍ മരിച്ചത് സങ്കടകരമായ കാര്യമാണെന്നും കുട്ടിയെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പ്രോട്ടോകോള്‍ അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വീട്ടുകാരുമായി ആലോചിച്ച് സംസ്‌കാരത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടിയെ രക്ഷിക്കാനായി ഓസ്‌ട്രേലിയയില്‍നിന്ന് ആന്റിബോഡി മരുന്നും പുണെയില്‍നിന്ന് പ്രതിരോധ വാക്‌സിനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ഇത് കൊടുക്കുന്നതിന് തൊട്ടുമുമ്പ് ഇന്ന് രാവിലെ 10.50 ഹൃദയാഘാതമുണ്ടായി. രക്തസമ്മര്‍ദ്ദം താഴ്ന്നു. ഒപ്പം ആന്തരിക രക്തസ്രാവവുമുണ്ടായി. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലുമാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്.


ജൂലായ് 11-നാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടി. പനി കുറയാത്തതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി. അവിടെനിന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും 19-ന് രാത്രിയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലലേക്ക് മാറ്റിയത്. തുടര്‍ന്ന് നിപയാണെന്ന സംശയമുണ്ടാകുകയും സാംപിള്‍ പരിശോധയ്ക്ക് അയക്കുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും സുഹൃത്തും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 63 പേരുള്‍പ്പെടെ 246 പേരാണ് ഇപ്പോള്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ ഹൈ റിസ്‌കിലുള്ള നാല് പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ക്ക് നിപ ലക്ഷണമുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ള ഒരാള്‍ക്ക് വൈറല്‍ പനി സ്ഥിരീകരിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!