KSDLIVENEWS

Real news for everyone

വ്യാഴാഴ്ച രാത്രിയും ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ തുടരും; തെര്‍മല്‍ സ്‌കാനര്‍ പരിശോധനയും നടത്തും

SHARE THIS ON

അങ്കോല (കർണാടക): ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താന്‍ വ്യാഴാഴ്ച രാത്രിയും ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുമെന്ന് ഉത്തരകന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ. തെർമൽ സ്കാനർ ഉപയോഗിച്ച് മനുഷ്യസാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തും. രാത്രിയിലെ താപനിലയിൽ മനുഷ്യസാന്നിധ്യം കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്നും കളക്ടർ വ്യക്തമാക്കി.
മേജർ ഇന്ദ്രപാലന്റയും സംഘത്തിന്റെയും പ്രാഥമിക റിപ്പോർട്ട് പ്രാകരം മൂന്നിടങ്ങളിൽ നിന്നും സിഗ്നൽ ലഭിച്ചിട്ടുണ്ട്. ഇതിൽ ഒന്നിൽ നിന്നും കൂടുതൽ സിഗ്നൽ ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയുമായുള്ള സംഘത്തിന്റെ പരിശോധനയിൽ നിന്ന് വ്യക്തമാകുന്ന സിഗ്നൽ പ്രകാരം അടുത്തഘട്ടത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്.

ട്രക്ക് എവിടെയെന്ന് കണ്ടെത്തിയതിന് ശേഷം, നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ അവിടേക്ക് നീന്തിയെത്തുകയാണ് മുന്നിലുള്ളത്. എന്നാൽ പുഴയുടെ അടിയൊഴുക്ക് ശക്തമാണ്. നിലവിൽ അടിയൊഴുക്ക് ആറ് നോട്ട്സ് വരെയാണ്. മേജർ ഇന്ദ്രപാലൻ പറഞ്ഞതനുസരിച്ച് മുങ്ങൽ വിദഗ്ധർക്ക് മൂന്ന് നോട്ട്സ് വരെ മാത്രമേ ഡൈവ് ചെയ്യാൻ സാധിക്കുകയുള്ളു. അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്നും കളക്ടർ പറഞ്ഞു. കൂടുതൽ പേരുടെ ജീവൻ അപകടത്തിലാക്കാൻ സാധിക്കുകയില്ലെന്നും കളക്ടർ കൂട്ടിചേർത്തു.

error: Content is protected !!