KSDLIVENEWS

Real news for everyone

പാരീസില്‍ കവര്‍ച്ച തുടര്‍ക്കഥ; അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ പരിശീലന ക്യാമ്പിലും മോഷണം

SHARE THIS ON

പാരീസ്: ഒളിമ്പിക്‌സിനോടനുബന്ധിച്ച് പാരീസിന് തലവേദനയായി മോഷ്ടാക്കള്‍. ബുധനാഴ്ച മൊറോക്കോയ്‌ക്കെതിരായ ഒളിമ്പിക് ഫുട്‌ബോള്‍ ഉദ്ഘാടന മത്സരത്തിനു മുമ്പ് അര്‍ജന്റീന ടീമിന്റെ പരിശീലന ക്യാമ്പിലും കവര്‍ച്ച നടന്നു. മത്സരം ശേഷം പരിശീലകന്‍ ഹാവിയര്‍ മഷെറാനോയാണ് ഇക്കാര്യം അറിയിച്ചത്.

അര്‍ജന്റീന സംഘം ഉടന്‍ തന്നെ ലിയോണില്‍ പോലീസിന് പരാതി നല്‍കി. ടീം പരിശീലനത്തിന് പോയിരുന്ന സമയത്തായിരുന്നു കവര്‍ച്ച. താരങ്ങളുടെ വിലപിടിപ്പുള്ള വാച്ചുകളും ഫോണുകളും മോഷ്ടിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

അതേസമയം ഒളിമ്പിക്സ് അടുത്തിരിക്കെ നിരവധിയാളുകളാണ് പാരീസില്‍ കൊള്ളയടിക്കപ്പെടുന്നത്. നേരത്തേ ഒളിമ്പിക്സ് കാണാനെത്തിയ ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സീക്കോയേയും പാരീസില്‍ കൊള്ളയടിച്ചിരുന്നു. താരത്തിന്റെ പണവും വാച്ചുകളും ഡയമണ്ട് ആഭരണങ്ങളും അടങ്ങിയ ബാഗ് കാറില്‍ നിന്ന് മോഷ്ടാക്കള്‍ കവരുകയായിരുന്നു. വെള്ളിയാഴ്ച അദ്ദേഹം ഫ്രഞ്ച് പോലീസില്‍ പരാതി നല്‍കി. ഏകദേശം നാലരക്കോടിയോളം (5,00000 യൂറോ) രൂപയുടെ വസ്തുക്കളാണ് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. ബ്രസീല്‍ ഒളിമ്പിക്സ് ടീമിന്റെ അതിഥിയായി പാരീസിലെത്തിയതാണ് സീക്കോ.

ദിവസങ്ങള്‍ക്കു മുമ്പ് ചാനല്‍ നയനിനായി ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്യാന്‍ പാരീസിലെത്തിയ മാധ്യമ സംഘവും കവര്‍ച്ചയ്ക്ക് ഇരയായിരുന്നു. കവര്‍ച്ചയ്ക്കിടെ ചാനലിന്റെ രണ്ട് ജീവനക്കാരെ മോഷ്ടാക്കള്‍ ആക്രമിക്കുകയും ചെയ്തു. തിങ്കളാഴ്ച പാരീസിന്റെ വടക്കു കിഴക്കന്‍ ഭാഗമായ ലെ ബൊര്‍ഗെറ്റ് മുന്‍സിപ്പാലിറ്റിയിലെ താമസ സ്ഥലത്തേക്ക് നടക്കുന്നതിനിടെയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.

അതേസമയം ഒളിമ്പിക് ഫുട്ബോളിലെ ആദ്യമത്സരത്തിലുണ്ടായ ‘അസാധാരണതോല്‍വിയില്‍’ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഫിഫയ്ക്ക് പരാതിനല്‍കി. മൊറോക്കോക്കെതിരായ മത്സരത്തില്‍ ഇഞ്ചുറിടൈമില്‍ നേടിയ ഗോള്‍ വാര്‍ പരിശോധനയ്ക്കുശേഷം അനുവദിക്കാതിരുന്നതോടെയാണ് ടീം തോല്‍ക്കുന്നത്. മത്സരത്തിന്റെ അവസാനഘട്ടത്തില്‍ കാണികള്‍ മൈതാനം കൈയേറിയതോടെ രണ്ടു മണിക്കൂറിനുശേഷമാണ് വാര്‍ പരിശോധന നടന്നത്. കാണികളുടെ കൈയേറ്റമടക്കമുള്ളകാര്യങ്ങളില്‍ അന്വേഷണമാണ് അര്‍ജന്റീന ആവശ്യപ്പെടുന്നത്.

ഒളിമ്പിക് ഫുട്ബോളിലെ ആദ്യദിനത്തിലെ മത്സരമായിരുന്നു അര്‍ജന്റീന-മൊറോക്കോ മത്സരം. കളി ഇഞ്ചുറി ടൈമിലേക്ക് കടക്കുമ്പോള്‍ മൊറോക്കോ 2-1ന് മുന്നിലായിരുന്നു. 16 മിനിറ്റുനീണ്ട ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിലാണ് ക്രിസ്റ്റ്യന്‍ മെദീനയുടെ ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ അര്‍ജന്റീന സമനിലപിടിച്ചത്. ടീമിന്റെ ഗോള്‍ ആഘോഷം അടങ്ങുംമുന്‍പേ മൊറോക്കോ ആരാധകര്‍ മൈതാനം കൈയേറി. അര്‍ജന്റീന താരങ്ങള്‍ക്കുനേരേ കുപ്പിയേറും പടക്കമേറുമുണ്ടായി. ഇതോടെ റഫറി മത്സരം നിര്‍ത്തിവെച്ചു. തുടര്‍ന്ന് സമനിലഗോള്‍ വാര്‍ പരിശോധനയ്ക്ക് വിധേയമാക്കി. അതില്‍ ഓഫ്സൈഡാണെന്ന് തെളിഞ്ഞതോടെ ഗോള്‍ അനുവദിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!