മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: പരാതി പരിഹാരസെല്ലിന്റെ ചുമതല ശ്രീറാം IASന്, വിമർശിച്ച് വി.ടി ബൽറാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് രൂപവത്കരിച്ച പരാതി പരിഹാരസെല്ലിന്റെ ചുമതല ശ്രീറാം വി. ഐ.എ.എസ്സിന് നൽകിയതിനെ വിമർശിച്ച് വി.ടി. ബൽറാം. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. പല കാരണങ്ങൾ കൊണ്ട് സ്ഥിരം വിവാദനായകനായ ഒരാളെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുമതല നൽകിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി വിലയിരുത്തണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഞായറാഴ്ചയാണ് ധനവകുപ്പ് ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാനാണ് താത്ക്കാലിക സമിതി രൂപീകരിച്ചത്. ഇതിനായി മൊബൈൽ നമ്പരും ഈ മെയിൽ വിലാസവും പുറത്തിറക്കി.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്.
പല കാരണങ്ങൾ കൊണ്ട് സ്ഥിരം വിവാദനായകനായ, ഒരുപാടാളുകൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ട ഒരുദ്യോഗസ്ഥന് ഈ ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുമതല നൽകിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി തന്നെ വിലയിരുത്തണം.

