KSDLIVENEWS

Real news for everyone

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി കൊള്ളയടിച്ച്‌ പ്രതിഷേധക്കാര്‍; രാജ്യം വിട്ടതോടെ ബംഗ്ലാദേശിൽ വ്യാപകമായി ആഘോഷം/വീഡിയോ

SHARE THIS ON

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിച്ച്‌ പ്രതിഷേധക്കാര്‍. ഷെയ്ഖ് ഹസീനയുടെ ധാക്കയിലെ ഔദ്യോഗിക വസതി പ്രതിഷേധക്കാർ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു.

ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശ് രാഷ്ട്രപിതാവുമായ മുജീബുർ റഹ്മാൻ്റെ പ്രതിമ പ്രതിഷേധക്കാർ നശിപ്പിച്ചു. അവാമി ലീഗ് പാർട്ടിയുടെ ഓഫീസുകള്‍ക്ക് തീയിടുകയും ചെയ്തു. അക്രമങ്ങളുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.

ബംഗ്ലാദേശില്‍ കലാപം രൂക്ഷമായതിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച്‌ ധാക്ക വിട്ട ഷെയ്ഖ് ഹസീന ഡല്‍ഹിയിലെത്തി. സൈനിക ഹെലികോപ്റ്ററില്‍ ഹിൻഡൻ വ്യോമസേനത്താവളത്തിലാണ് ഷെയ്ഖ് ഹസീന എത്തിയത്. ഇന്ത്യൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേര്‍ന്ന് ഷെയ്ഖ് ഹസീനയെ സ്വീകരിച്ചു. ഡല്‍ഹിയില്‍ നിന്ന് ഇവര്‍ ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന.

അതേസമയം, നീണ്ട 15 വർഷത്തെ ഹസീനയുടെ ഭരണത്തിന് തിരശ്ശീലയിട്ട് കരസേനാ മേധാവി ജനറല്‍ വഖാർ-ഉസ്-സമാൻ പ്രധാനമന്ത്രിയുടെ രാജി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ബംഗ്ലാദേശില്‍ രാജ്യവ്യാപകമായി ആഘോഷങ്ങള്‍ തുടങ്ങി. സൈന്യം ഏർപ്പെടുത്തിയ കർഫ്യൂ പോലും വകവെയ്ക്കാതെ പതിനായിക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.


പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് ഇരച്ചുകയറുകയും അവിടെയുള്ള വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തു. ധൻമോണ്ടിയിലെയും ധാക്കയിലെയും അവാമി ലീഗിൻ്റെ ഓഫീസുകള്‍ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. കൂടാതെ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിൻ്റെ വസതിയ്ക്ക് നേരെയും ആക്രമണമുണ്ടായി.

1971-ലെ യുദ്ധ സേനാനികളുടെ കുടുംബങ്ങള്‍ക്ക് സർക്കാർ ജോലിയുടെ 30% സംവരണം ചെയ്യുന്ന ക്വാട്ട സമ്ബ്രദായം നിർത്തലാക്കണമെന്ന ആവശ്യത്തെച്ചൊല്ലി കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധങ്ങള്‍ സർക്കാർ വിരുദ്ധ കലാപത്തിലേക്ക് വ്യാപിക്കുകയായിരുന്നു. ഇന്ന് രാവിലെ, ധാക്കയിലേക്കുള്ള ലോംഗ് മാർച്ചില്‍ പങ്കെടുക്കാൻ പ്രതിഷേധക്കാർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. ഇതേ തുടർന്ന് രാജ്യത്ത് ഇൻ്റർനെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹസീന രാജി പ്രഖ്യാപിക്കുകയും ധാക്ക വിടുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!