KSDLIVENEWS

Real news for everyone

കോവിഡ് കേസുകളിൽ വർധനവ്, കൂടുതൽ തീവ്രമായ വകഭേദങ്ങൾ വന്നേക്കാം- ലോകാരോഗ്യസംഘടന

SHARE THIS ON

കോവി‍ഡ് കേസുകൾ വീണ്ടും ഉയരുന്നുവെന്ന് റിപ്പോർട്ട്. ഒരുകാലത്ത് ആഗോള ആരോഗ്യ ഭീഷണിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്ന വൈറസിന്റ വ്യാപനം പിന്നീട് കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നുവെന്നാണ് ലോകാരോഗ്യസംഘടന ഇപ്പോൾ‌ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുന്നുവെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. വൈകാതെ കോവിഡ‍ിന്റെ കൂടുതൽ തീവ്രമായ വകഭേദങ്ങൾ വന്നേക്കാമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നുണ്ട്. അമേരിക്ക, യൂറോപ്പ്, വെസ്റ്റേൺ പസിഫിക് എന്നിവിടങ്ങളിലാണ് രോഗവ്യാപനം നിലവിൽ കൂടുതലായുള്ളത്.

കോവിഡ് ഇപ്പോഴും നമുക്കൊപ്പമുണ്ട്, എല്ലാരാജ്യങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്നുമുണ്ട്- ലോകാരോഗ്യസംഘടനയുടെ വക്താവായ ഡോ. മരിയ വാൻ വെർഖോവ് പറഞ്ഞു.

എൺപത്തിനാല് രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളിൽ നിന്നാണ് കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൂടുന്നുവെന്ന് മനസ്സിലായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തിന് മുകളിലാണെന്നും പലസ്ഥലങ്ങളിലും പ്രാദേശികതലത്തിലാണ് വ്യാപനമുള്ളതെന്നും മരിയ വ്യക്തമാക്കി. യൂറോപ്പിൽ മാത്രം പോസിറ്റിവിറ്റി നിരക്ക് ഇരുപതുശതമാനത്തിന് മുകളിലാണെന്നും മരിയ കൂട്ടിച്ചേർത്തു.

അടുത്തിടെയായി വൈറസ് വ്യാപനം കൂടുന്നതായാണ് കാണുന്നതെന്നും പാരീസ് ഒളിമ്പിക്സിൽ മാത്രം നാൽപതോളം അത്ലറ്റുകളിൽ കോവിഡ് ഉൾപ്പെടെയുള്ള ശ്വാസകോശ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. രോഗവ്യാപനം തടയാൻ വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം വാക്സിനേഷനിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ലോകാരോഗ്യസംഘടന പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!