പി.വി. അൻവർ തറയിൽ ഇരിക്കേണ്ട; നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് പോരടിച്ച് എൽ.ഡി.എഫിൽനിന്ന് പുറത്താക്കപ്പെട്ട നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കർ. ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾക്ക് ഇടയിൽ നാലം നിരയിലാണ് പ്രത്യേക സീറ്റ് അനുവദിച്ചത്.
പ്രതിപക്ഷത്തിന് ഒപ്പം ഇരിക്കാൻ താത്പര്യമില്ലെന്ന് ഭരണകക്ഷിയിൽ നിന്നും പുറത്താക്കപ്പെട്ട അൻവർ അറിയിച്ചിരുന്നു. പ്രത്യേകം സീറ്റ് ലഭിച്ചില്ലെങ്കിൽ താൻ തറയിൽ ഇരിക്കുമെന്നും അൻവർ പറഞ്ഞു. എന്നാൽ, അനുവദിച്ച സീറ്റ് മാറ്റാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്.
സി.പി.എം. നിയമസഭാ കക്ഷി സെക്രട്ടറി ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടതു പ്രകാരം അൻവറിന്റെ സീറ്റ് സി.പി.എം. ബ്ലോക്കിൽനിന്ന് മാറ്റിയിരുന്നു. പ്രതിപക്ഷനിരയിൽ ഏറ്റവും ഒടുവിലേക്കാണ് സ്പീക്കർ മാറ്റിയത്. എന്നാൽ, പ്രതിപക്ഷ നിരയിൽനിന്ന് ഇരിപ്പിടം മാറ്റണമെന്ന് അൻവർ സ്പീക്കർക്ക് കത്തുനൽകുകയായിരുന്നു. പാർട്ടി എം.എൽ.എ.മാരോടൊപ്പം എം. മുകേഷിന്റെ അടുത്തസീറ്റിലായിരുന്നു അൻവർ മുമ്പ് ഇരുന്നിരുന്നത്.

