ദീർഘവീക്ഷണമുള്ള വ്യവസായി; കോർപറേറ്റ് വളർച്ചയെ രാഷ്ട്ര നിർമാണവുമായി കൂട്ടിക്കെട്ടിയ പ്രതിഭ: അനുശോചിച്ച് പ്രമുഖർ
ന്യൂഡൽഹി: രത്തൻ ടാറ്റയുടെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ച് രാജ്യം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമുൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ–സിനിമാ–സാംസ്കാരിക മേഖലകളുൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ അദ്ദേഹത്തെ അനുസ്മരിച്ചു.
ദീർഘവീക്ഷണമുള്ള വ്യവസായിയായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. എല്ലാവരോടും ‘അനുകമ്പയുള്ള ആത്മാവും അസാധാരണ വ്യക്തിത്വവുമായിരുന്നു രത്തൻ ടാറ്റ. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും അഭിമാനകരവുമായ വ്യവസായ സ്ഥാപനങ്ങളിലൊന്നിന് അദ്ദേഹം നേതൃത്വം നൽകി. അദ്ദേഹത്തിന്റെ സേവനങ്ങൾ ആ സഥാപനത്തിന്റെ ബോർഡ് റൂമിന് പുറത്തേക്കെത്തി. എളിമയും, കരുണയും, സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തെ ആളുകളുടെ പ്രിയങ്കരനാക്കി.’– പ്രധാനമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
രത്തൻടാറ്റയുടെ കുടുംബത്തെ അനുശോചനം അറിയിച്ച രാഷ്ട്രപതി ദ്രൗപതി മുർമു കോർപറേറ്റ് വളർച്ചയെ രാഷ്ട്ര നിർമാണവുമായി കൂട്ടിക്കെട്ടിയ പ്രതിഭയായിരുന്നു രത്തൻ ടാറ്റയെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തിന് ഒരു പ്രതിഭയെ നഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു. മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.